തഴപ്പായ നിർമാണം അന്യംനിൽക്കുന്ന ഓണാട്ടുകര
text_fieldsകായംകുളം: കൈതോലപ്പായയാണ് വിവാദ ചർച്ചാവിഷയം. ചർച്ചകളിൽ നിറയുമ്പോഴും പായ നെയ്ത്തു ഏറെക്കുറെ വറ്റിയ നിലയിലാണ്. കൈതോലപ്പായ ചർച്ച ചെയ്യുമ്പോഴും ഇത് നെയ്തുണ്ടാക്കുന്നവർക്ക് ഗുണമൊന്നുമില്ല.
കൈത അസംസ്കൃത വസ്തുവാക്കിയ ഉൽപന്നങ്ങൾ മലയാളിയുടെ നിത്യജീവിതത്തിൽനിന്ന് വിടപറഞ്ഞ നിലയിലാണ്. കൂമ്പടഞ്ഞുപോയ ‘തഴ’യുടെ പരമ്പരാഗത വ്യവസായം തിരികെ പിടിക്കാൻ പദ്ധതികളുമില്ല.
‘കൈതോലപ്പായ വിരിച്ച്, പായേലൊരു പറ നെല്ല് പൊലിച്ച്’..., തുടങ്ങിയ പാട്ടുകൾ മലയാളിയുടെ നിത്യജീവിതത്തോട് ‘കൈത’ചേർന്നുനിന്നിരുന്നതിെൻറ ഉണർത്തലുകൾ കൂടിയാണ്. ഇന്ന് കൈതോലപ്പാട്ടിെൻറ മാധുര്യവും കൈതപ്പൂവിെൻറ സുഗന്ധവും പോയ് മറഞ്ഞു.
ഒരുകാലത്ത് ഓണാട്ടുകരയുടെ തനത് വ്യവസായമായിരുന്നു ‘തഴപ്പായ’ നിർമാണം. ഇന്ന് വിസ്മൃതിയിലേക്ക് നീങ്ങുകയാണ്. അപൂർവം ചിലയിടങ്ങളിൽ പായകൾ നെയ്തെടുക്കുന്നുണ്ട്. ഓണാട്ടുകരയുടെ അരിപ്പായയും മെത്തപ്പായും വിപണിയിൽ പ്രിയം നിറഞ്ഞതായിരുന്നു. ചിക്കുപായക്കും ആവശ്യക്കാർ ഏറെയായിരുന്നു. തഴപ്പായ ഉൽപാദനത്തിെൻറ പെരുമയിലൂടെയാണ് വള്ളികുന്നത്തോട് ചേർന്നുള്ള ‘തഴവ’ ഗ്രാമത്തിന് ആ പേരുതന്നെ ലഭിച്ചത്. കൈതോലയിൽനിന്ന് നിരവധി കരകൗശല വസ്തുക്കളും പിറവിയെടുത്തിരുന്നു.
അരിപ്പായും മെത്തപ്പായും പെൺതഴയിൽനിന്നും ചിക്കുപായ ആൺതഴയിൽനിന്നുമാണ് നെയ്തെടുത്തിരുന്നത്. ഇന്ന് ഇരട്ടക്കെട്ടുള്ള മെത്തപ്പായക്ക് വിപണിയിൽ 2000 മുതൽ 3000 രൂപ വരെ വിലയുണ്ടെന്ന് അറിയുമ്പോഴാണ് വ്യവസായ സാധ്യതയുടെ പ്രസക്തി ഉയരുന്നത്.
എന്നാൽ, അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യവും വ്യവസായ സംരക്ഷണത്തിന് നടപടികളില്ലാത്തതും പുതിയ തലമുറയെ പായ നെയ്ത്തിലേക്ക് ആകർഷിക്കുന്നതിന് തടസ്സമായി.
അത്ര എളുപ്പമല്ല നിർമാണം
കൈതോല വെട്ടിയെടുത്ത് മുള്ള് കളഞ്ഞാണ് പായ നിർമാണത്തിന് ഉപയോഗിക്കുന്നത്. പെൺകൈതയുടെ ഇലകൾ ഇങ്ങനെ പാകപ്പെടുത്തി തിളച്ച വെള്ളത്തിൽ പുഴുങ്ങിയ ശേഷം തോട്ടിലെ ഒഴുക്കുവെള്ളത്തിലും കുളങ്ങളിലും മറ്റും ഒരുദിവസം മുക്കിവെക്കും. പിന്നീട് വെയിലത്ത് ഉണക്കിയാണ് അരിപ്പായയും മെത്തപ്പായയും നെയ്യുന്നത്.
രണ്ട് പായകൾ കൂട്ടിയാണ് മെത്തപ്പായ നിർമിക്കുന്നത്. മെത്തപ്പായ ഒറ്റക്കെട്ടും ഇരട്ടക്കെട്ടുമായി വേർതിരിക്കാറുണ്ട്. ഇരട്ടക്കെട്ടിന് കൂടുതൽ വിലയും ലഭിക്കും. മുള്ള് കളഞ്ഞ് ഉണക്കിയെടുത്ത ആൺതഴയുടെ ഓലകൊണ്ടാണ് ചിക്കുപായ ഉണ്ടാക്കിയിരുന്നത്. നെല്ല്, എള്ള്, കൊപ്ര എന്നിവ വെയിലത്തിട്ട് ഉണക്കാനാണ് ചിക്കുപായ ഉപയോഗിച്ചിരുന്നത്. ആളുകൾക്ക് ഇരിക്കാനും കുട്ടികളെ കിടത്താനുമൊക്കെ പ്രത്യേക തരത്തിലുള്ള പായകളും സാധനങ്ങൾ സൂക്ഷിച്ചുവെക്കുന്ന വട്ടികളുടെ നിർമാണവും മുൻകാലങ്ങളിൽ നടന്നിരുന്നു. ഇപ്പോൾ വിവിധ കരകൗശല വസ്തുക്കളും തഴയാൽ നിർമിക്കുന്നുണ്ട്. വള്ളികുന്നം തെക്കേമുറി കണ്ടിയൂർ കിഴക്കതിൽ വിജയമ്മ (58) ഇപ്പോഴും ആഴ്ചയിൽ ഒരു പായ നെയ്തെടുക്കാറുണ്ട്. മെത്തപ്പായക്ക് 10 രൂപ വില ലഭിച്ച കാലത്താണ് വിജയമ്മ നെയ്ത്ത് പഠിക്കുന്നത്. ഒറ്റക്കെട്ടും ഇരട്ടക്കെട്ടുമൊക്കെ നേരത്തേ ചെയ്തിരുന്നു. ഇപ്പോൾ കെട്ടില്ലാതെ നെയ്ത്ത് മാത്രമേയുള്ളൂ. ഇങ്ങനെയുള്ള പായക്ക് 300 രൂപ ലഭിക്കും. തഴയുടെ ക്ഷാമമാണ് നെയ്ത്തിന് തടസ്സമെന്ന് വിജയമ്മ പറഞ്ഞു. മുള്ള് നിറഞ്ഞ കൈത രൂപഭേദം വരുത്തി തഴയായി മാറ്റുന്ന പ്രവൃത്തി ചെയ്യാൻ നല്ല ക്ഷമയും വേണം.
വള്ളികുന്നത്തെ ഗ്രാമീണ ചന്തകളിൽ പായ വിൽക്കാനും വാങ്ങാനും പ്രത്യേക സൗകര്യം തന്നെയുള്ള കാലമുണ്ടായിരുന്നു. ഇപ്പോൾ കടകക്കൽ ചന്തയിൽ മാത്രമാണ് പായ വിൽപന. ഇവിടെ ആഴ്ചയിൽ 10 പായ വരെ എത്തിയാലായി എന്നതാണ് സ്ഥിതി. തഴവ പഞ്ചായത്തിൽ പായ വ്യവസായം പേരിനെങ്കിലും നിലനിൽക്കുന്നു. വള്ളികുന്നത്ത് നാമമാത്രമായും. ഭരണിക്കാവ്, കൃഷ്ണപുരം, താമരക്കുളം, ദേവികുളങ്ങര തുടങ്ങിയ മറ്റ് പഞ്ചായത്തുകളിൽനിന്ന് പൂർണമായും തുടച്ചുമാറ്റപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.