ഒരുക്കാം നല്ലോണം ഹരിതോണം
text_fieldsമലപ്പുറം: ഓണം പൊടിപൊടിക്കാമെങ്കിലും ഹരിതചട്ടം പാലിക്കണമെന്ന് ജില്ല ഭരണകൂടത്തിന്റെ നിർദേശം. ആഘോഷം പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഹരിതചട്ടം കർശനമായി പാലിക്കണമെന്ന് കലക്ടർ വി.ആർ. പ്രേംകുമാർ അറിയിച്ചു. ‘മാലിന്യമില്ലാ ഓണം’ സന്ദേശത്തിലാണ് ഇത്തവണത്തെ ഓണാഘോഷം.
സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ഓണച്ചന്തകൾ, വിവിധ സംഘടനകൾ, ക്ലബുകൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തുന്ന ഓണാഘോഷ പരിപാടികളിലും മേളകളിലും ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇതുസംബന്ധിച്ച മാർഗനിർദേശങ്ങളും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ടുള്ള ബാനറുകൾ, ഹോർഡിങ്ങുകൾ, കമാനങ്ങൾ എന്നിവ പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിച്ചുമാത്രമേ നിർമിക്കാവൂ. ഏകോപയോഗ വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുക, നിരോധിത ഉൽപന്നങ്ങളുടെ ഉപയോഗം തടയുക, ആഘോഷങ്ങളുടെ ഭാഗമായുള്ള അലങ്കാരങ്ങൾക്കും മറ്റും പ്രകൃതിസൗഹൃദ വസ്തുക്കൾ പ്രയോജനപ്പെടുത്തുക, വേദികൾ ശുചീകരിക്കുക, മാലിന്യം തരംതിരിച്ച് ശേഖരിച്ച് സംസ്കരിക്കുക തുടങ്ങിയവയാണ് പ്രധാന മാർഗനിർദേശങ്ങൾ.
മാലിന്യം തരംതിരിച്ച് അജൈവ മാലിന്യം ഹരിതകർമ സേനക്ക് യൂസർഫീ നൽകി കൈമാറണം. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒറ്റത്തവണ ഉപയോഗിക്കാവുന്ന വിവിധ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിരോധിച്ചതിന്റെ അടിസ്ഥാനത്തിൽ അത്തരം വസ്തുക്കളുടെ ഉപയോഗം ശ്രദ്ധയിൽപെട്ടാൽ കർശന നടപടികൾ സ്വീകരിക്കും. പൊതുജനങ്ങൾ ഓണാഘോഷ വേദികളിൽ നിരോധിത ഉൽപന്നങ്ങൾ കൊണ്ടുവരാതിരിക്കാനും ശ്രദ്ധിക്കണമെന്നും അഭ്യർഥിച്ചു.
ശാസ്ത്രീയ മാലിന്യസംസ്കരണ രീതി പാലിക്കാത്തവർ, നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവർ തുടങ്ങിയ നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായി നിയമനടപടി സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനതല വിജിലൻസ് സ്ക്വാഡിനും ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡിനും നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.