പൊന്നോണപ്പൂവിളിയുയരുകയായ്...
text_fieldsപൂവിപണിയിൽ ആവേശം
പാലക്കാട്: ഓണത്തിന് അഞ്ചുനാൾ ശേഷിക്കെ ജില്ലയിൽ പ്രധാന വിപണികളിലൊക്കെ പൂവിൽപന തകർക്കുകയാണ്. പല നിറങ്ങളിലും രൂപങ്ങളിലുമുള്ള പൂക്കളിൽ പ്രാദേശികമായി ഉത്പാദിപ്പിച്ചവയും വിദേശികളുമൊക്കെയുണ്ട്. പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ പൂവിപണിയിൽ ഇക്കുറി നല്ല തിരക്കാണ്. വീട്ടുമുറ്റങ്ങളിലും വിവിധ സ്ഥാപനങ്ങളുടെ മുന്നിലും അത്തപ്പൂക്കളം ഒരുക്കാനും വിവിധ പൂക്കള മത്സരങ്ങളിൽ പങ്കെടുക്കാനുള്ളവരുടെ തിരക്കാണ് പൂച്ചന്തകളിൽ. പ്രതീക്ഷിച്ച മഴ കർക്കടകത്തിലും ലഭിക്കാത്തത് പൂക്കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. പല ഇടങ്ങളിലും ജലസേചനം നടത്തിയതിലും കർഷകന് അധികച്ചെലവായി. ഇതാണ് തമിഴ്നാട്ടിൽനിന്നെത്തിയ പൂവിന് വില ഉയരാൻ കാരണമായിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
ഹിറ്റായി ‘ലോക്കൽ’
ജില്ലയിൽ പ്രാദേശികമായി ചെണ്ടുമല്ലി ഉത്പാദിപ്പിക്കാനായതിനാൽ വിപണിയിൽ ആവശ്യക്കാരേറെയുണ്ടെങ്കിലും ചെണ്ടുമല്ലിക്ക് താരതമ്യേന വില കുറവാണ്. വിവിധ ഇടങ്ങളിൽ കഴിഞ്ഞ ഓണത്തിന് 200 രൂപ കിലോക്ക് ലഭിച്ചിരുന്ന ചെണ്ടുമല്ലി ഇത്തവണ 80 രൂപക്കാണ് നൽകുന്നത്. പ്രധാനമായും തമിഴ്നാട്ടിലെ നെല്ലക്കോട്ടയിൽനിന്നാണ് ജില്ലയിൽ പൂവ് എത്തിക്കുന്നത്. ഓറഞ്ച്, മഞ്ഞ നിറമുള്ള ചെണ്ടുമല്ലി, പിങ്ക് അരളി (240 രൂപ), തെച്ചി (200), വാടാമല്ലി (120), തുളസി എന്നിവക്കൊപ്പം വെള്ള, പിങ്ക്, ചുവപ്പ്, റോസാപ്പൂക്കളടക്കമുള്ളവ വിപണിയിൽ സുലഭമാണ്. പാലക്കാടൻ കാലാവസ്ഥയിൽ ചെണ്ടുമല്ലി നല്ല വിളവ് തരുമെന്ന തിരിച്ചറിവുണ്ടായിട്ട് ഏതാനും വർഷങ്ങളേ ആയുള്ളൂ. ജൂൺ പകുതിയോടെ തൈ നട്ട് പരിപാലിച്ചവരാണ് ഇപ്പോൾ പൂപറിച്ച് പൂക്കളമൊരുക്കുന്നതും വിറ്റഴിച്ച വരുമാനം ഉണ്ടാക്കുന്നതും. ജില്ലയിൽ വീട്ടുവളപ്പിലും തൊടിയിലും പാടവരമ്പത്തുമൊക്കെയായി 250 ഹെക്ടറിൽ ചെണ്ടുമല്ലി കൃഷിയുണ്ടെന്നാണ് ഏകദേശ കണക്ക്. ആഫ്രിക്കൻ മാരിഗോൾഡ്, ഫ്രഞ്ച് മാരിഗോൾഡ് എന്നീ രണ്ടിനം ചെണ്ടുമല്ലിയാണുള്ളത്. തൈകൾ നട്ട് 40, 45 ദിവസത്തിനുള്ളിൽ പൂവിടും. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവയാണ് വലിയ പൂക്കളുള്ള ആഫ്രിക്കൻ മാരിഗോൾഡ്. ഓറഞ്ച്, മഞ്ഞ, വെള്ള നിറങ്ങളിൽ ഇവ ലഭ്യമാണ്.
കുടുംബശ്രീയുടെ ശ്രീ
ജമന്തി, ചെണ്ടുമല്ലി, വാടാമല്ലി എന്നീ പൂക്കളെല്ലാം കുടുംബശ്രീയുടെ കൃഷിയിടങ്ങളിൽ ഇക്കുറി സമൃദ്ധമാണ്. 17 പഞ്ചായത്തുകളിലായി 88.7 ഏക്കറിലാണ് കുടുംബശ്രീ സംഘകൃഷി യൂനിറ്റുകൾ പൂക്കൃഷി ഒരുക്കിയത്. 17 പഞ്ചായത്തുകളിലായി 33 യൂണിറ്റുകൾ ജമന്തി, ചെണ്ടുമല്ലി, വാടാമല്ലി എന്നീ പൂക്കളാണ് കൃഷിചെയ്തത്. അനങ്ങനടി പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പൂക്കൃഷിയുള്ളത്. ഒരു ഏക്കർ 25 സെന്റിലാണ് പൂക്കൃഷി .ലക്കിടി-പേരൂർ, പെരുമാട്ടി, ശ്രീകൃഷ്ണപുരം എന്നിവിടങ്ങളിൽ ഒരേക്കറിലും മറ്റ് പഞ്ചായത്തുകളിൽ 10 മുതൽ 80 വരെ സെന്റിലുമാണ് പൂക്കൃഷി ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.