നാടും നഗരവും ഓണാഘോഷത്തിലേക്ക്
text_fieldsപറവൂർ: തിരുവോണത്തിന് രണ്ടുദിവസം മാത്രം ശേഷിക്കെ നാടും നഗരവും ആവേശത്തിൽ. വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിലായി ഓണാഘോഷത്തിന്റെ തിരക്കിലായിരുന്നു.
പൂക്കളങ്ങൾ തീർത്തും വിവിധ കലാപരിപാടി സംഘടിപ്പിച്ചും സദ്യ ഒരുക്കിയുമാണ് ആഘോഷം പൊടിപൊടിച്ചത്. ഇതിന് പുറമെ വിവിധ റെസി. അസോസിയേഷനുകളും ക്ലബുകളും ഓണാഘോഷങ്ങൾക്കായുള്ള ഒരുക്കത്തിലാണ്. ഓണവിപണിയിൽ വൻ തിരക്കാണ്. ദിവസങ്ങളായി നിരത്തുകളിലും വാഹനങ്ങളുടെ എണ്ണം പെരുകിയിട്ടുണ്ട്. തുണിക്കടകളിലും ഓണക്കോടിയെടുക്കാനുള്ള തിരക്കാണ്. പൂക്കടകളിലും അത്തം മുതൽ കച്ചവടം തകർക്കുകയാണ്.
നിരത്തുകളിലും മറ്റും വലുതും ചെറുതുമായ പൂക്കടകൾ തുറന്നിട്ടുണ്ട്. മുല്ലപ്പൂവിനും കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വൻ ഡിമാൻഡാണ് വിപണിയിൽ അനുഭവപ്പെട്ടത്. ഒരുമുഴം മുല്ലപ്പൂവിന് 100 രൂപ ഉണ്ടായിരുന്നത് ചില ദിവസങ്ങളിൽ 200 രൂപ വരെ വർധിച്ചു. തിരക്ക് നിയന്ത്രിക്കാൻ നഗരത്തിൽ പലയിടങ്ങളിലും പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ചിന്താ തിയറ്റേഴ്സിന്റെ ഓണോത്സവം 29, 30 തീയതികളിൽ തേലത്തുരുത്തിൽ മാഞ്ഞാലി പാലത്തിന് സമീപം വിവിധ പരിപാടികളോടെ ആഘോഷിക്കും.
വഴിക്കുളങ്ങര സഹൃദയ റെസി. അസോ. സംഘടിപ്പിച്ച ഓണാഘോഷം നഗരസഭ ചെയർപേഴ്സൻ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആർ. വിശ്വംഭരൻ നായർ അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ പുരസ്കാര വിതരണം പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ സജി നമ്പിയത്ത് നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.