നാടെങ്ങും നന്മനിറഞ്ഞ ഓണാഘോഷം
text_fieldsകാസർകോട്: തിരുവോണം പടിവാതിൽക്കലെത്തി. തെളിഞ്ഞ മാനം കടുത്ത ചൂടിന് വഴിയൊരുക്കിയെങ്കിലും വിപണികളും ആഘോഷങ്ങളും സജീവമാണ്. ഓണക്കളികളും ഓണസദ്യയൊരുക്കിയും വിവിധ സംഘടനകളും ക്ലബുകളും സ്ഥാപനങ്ങളും ഓണം ആഘോഷിക്കുകയാണ്.
ഉദുമ: ഉദുമ പഞ്ചായത്ത് ഉദുമ ഹോമിയോ ഡിസ്പെന്‍സറിയുടെയും ആയുഷ് ഹെല്‍ത്ത് ആൻഡ് വെല്‍നസ് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ആദ്യ യോഗ ബാച്ചിന്റെ സമാപനവും ഓണാഘോഷവും നടത്തി. ഓണ പൂക്കളം ഒരുക്കിയായിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കം. പഠിതാക്കള്‍ക്കും മക്കള്‍ക്കുമായി വിവിധ മത്സരങ്ങള്‍ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്മാന് ബാലകൃഷ്ണന് ഉദുമ അധ്യക്ഷത വഹിച്ചു. യോഗ ഇന്‍സ്ട്രക്ടര്‍ വി. പ്രമോദിനെ പൊന്നാടയണിയിച്ച് ആദരിച്ചു. മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻ സൈനബ അബൂബക്കര്‍, അംഗങ്ങളായ വി. അശോകന്, യാസ്മിന് റഷീദ്, ശകുന്തള ഭാസ്കരന്, ബിന്ദു സുതന്, ഹോമിയോ ഡിസ്പെൻസറി മെഡിക്കല്‍ ഓഫിസര്‍ ഡോ. നിനീഷ നിര്‍മ്മലന്‍ എന്നിവര്‍ സംസാരിച്ചു. മുരളി പള്ളം സ്വാഗതവും സരോജിനി നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട്: കിഴക്കുംകര മുച്ചിലോട്ട് ഗവ. എൽ.പി. സ്കൂൾ ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിവിധ പരിപാടികളും പൂക്കള മത്സരവും നടത്തി. അജാനൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. മീന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാജീവൻ മണലിൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.വി. ലക്ഷ്മി, സ്കൂൾ പ്രഥമാധ്യാപിക എം. അനിത, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വിശ്വനാഥൻ, പൂർവവിദ്യാർഥി കൂട്ടായ്മ സെക്രട്ടറി എം. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ചേർന്ന് ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. യുജിൻ സ്വാഗതം പറഞ്ഞു. വിവിധ മത്സരങ്ങളും കലാകായിക പരിപാടികളും നടന്നു. ഓണപ്പൂക്കളവും സദ്യയും കൈകൊട്ടിക്കളിയും പൂരക്കളിയുമായി ആഘോഷം ശ്രദ്ധേയമായി.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ലയൺസ് ക്ലബ് ഓണാഘോഷം വിവിധ പരിപാടികളുടെ നടത്തി. ക്ലബ് ഹാളിൽ നടന്ന പരിപാടിമുൻ ഡിസ്ട്രിക്ട് ഗവർണർ കെ. ശ്രീനിവാസ ഷഷോയി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എൻജിനീയർ വി. സജിത്ത് അധ്യക്ഷത വഹിച്ചു. ടൈറ്റസ് തോമസ്, കെ. ഗോപി, എച്ച്.വി. നവീൻ കുമാർ, ബാബു, രാജേന്ദ്ര ഷേണായി, സെക്രട്ടറി കണ്ണൻ കാഞ്ഞങ്ങാട്, ട്രഷറർ കെ. മിറാഷ് എന്നിവർ സംസാരിച്ചു. ആഘോഷ കമ്മിറ്റി കോഓഡിനേറ്റർ പി.പി. കുഞ്ഞികൃഷ്ണൻ നായർ സ്വാഗതം പറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി നിർധന രോഗികൾക്കുള്ള ഓണക്കിറ്റ് നൽകുന്നതിന് പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് ഫണ്ട് നൽകി.
കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന് കാഞ്ഞങ്ങാട് കണ്ട്രോള് റൂം, ഡിവൈ.എസ്.പി ഓഫിസ്, ടെലി കമ്യൂണിക്കേഷന്‍ വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തില്‍ ഹോസ്ദുര്‍ഗില്‍ ഓണാഘോഷം നടത്തി. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാലകൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്തു. ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.പി. ഷൈന്‍ അധ്യക്ഷത വഹിച്ചു. പൊലീസ് അസോസിയേഷന് ജില്ല ജോ .സെക്രട്ടറി ടി.വി. പ്രമോദ് സ്വാഗതവും കെ.പി.ഒ.എ ജില്ല കമ്മിറ്റി മെംബര്‍ ദിനേശന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഓണസദ്യയും ഓണപ്പാട്ട് മത്സരം, കമ്പവലി മത്സരം, പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരം എന്നിവയും വിവിധ മത്സരങ്ങളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.