മണി കിലുക്കി നാടുചുറ്റി ഓണപ്പൊട്ടന്മാർ
text_fieldsവടകര: ഓണത്തിന്റെ വരവറിയിച്ച് മണി കിലുക്കി നാടുചുറ്റി ഓണപ്പൊട്ടന്മാർ. ഓണനാളിൽ ഐശ്വര്യത്തിന്റെ കാഴ്ചയായാണ് ഓണപ്പൊട്ടന്മാർ വീടുകൾ കയറിയിറങ്ങുന്നതെന്നാണ് വിശ്വാസം. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഉൾനാടൻ പ്രദേശങ്ങളിൽ ഉത്രാടം, തിരുവോണം നാളുകളിലാണ് ഓണപ്പൊട്ടന്റെ യാത്രകൾ. വെറുതെ വേഷംകെട്ടലല്ല, ആചാരങ്ങളുടെ അകമ്പടിയിലാണ് ഓണപ്പൊട്ടന്മാർ നാടുകാണാനിറങ്ങുന്നത്.
മലയ സമുദായക്കാരാണ് സാധാരണയായി ഓണപ്പൊട്ടൻ കെട്ടുന്നത്. മഹാബലിയുടെ പ്രതിരൂപമാണ് ഓണപ്പൊട്ടനെന്നും വിശ്വാസമുണ്ട്. 41 ദിവസത്തെ വ്രതത്തിനുശേഷം ഉത്രാടം നാളില്‍ പുലര്‍ച്ച കുളിച്ച്, പിതൃക്കള്‍ക്ക് കലശം സമര്‍പ്പിച്ച് പൂജ നടത്തിയാണ് വേഷം കെട്ടുന്നത്. ആറു മണിയോടെ വീട്ടിലുള്ളവര്‍ക്ക് അനുഗ്രഹം നൽകി മറ്റു വീടുകളിലേക്ക് തിരിക്കും. ഗ്രാമീണ വഴികളിലൂടെ വേഗത്തിൽ മണി കിലുക്കിയാണ് ഓണപൊട്ടന്റെ നടപ്പ്.
താളം ചവിട്ടി കാൽ നിലത്തുറക്കാതെയുള്ളതാണ് യാത്ര. വേഷം കെട്ടിയാൽ പിന്നെ മിണ്ടില്ല. ഇതാണ് ഓണപ്പൊട്ടനെന്ന് പേര് വരാനിടയാക്കിയത്. ഓണേശ്വരനെന്നും ഇവർക്ക് പേരുണ്ട്.
ആദ്യ കാലത്ത് നാട്ടുപ്രമാണിയുടെ വീട്ടിൽ കയറി വേണമായിരുന്നു മറ്റുള്ള വീടുകളിലേക്കുള്ള യാത്ര. കാലം മാറിയതോടെ യാത്രക്കും മാറ്റം വന്നു. തെച്ചിപ്പൂവിനാല്‍ അലങ്കരിച്ച ഉയരമുള്ള കിരീടവും ചിത്രപ്പണിയുള്ള ചുവന്ന പട്ടും തോളില്‍ സഞ്ചിയും കൈയില്‍ ചെറിയ ഓലക്കുടയും കമുകിന് പൂക്കുല കൊണ്ടുള്ള നീണ്ട വെള്ളത്താടിയുമാണ് വേഷം. വീടുകളിൽ എത്തുന്ന ഓണപ്പൊട്ടന് അരിയും പണവും ദക്ഷിണയായി നൽകും.
അരി നിറച്ച നാഴിയില്നിന്ന് കുറച്ച് അരിയെടുത്ത് പൂവും ചേർത്ത് ഓണപ്പൊട്ടന് അനുഗ്രഹിക്കുകയാണ് പതിവ്. പരമ്പരാഗതമായി ഓണപ്പൊട്ടൻ കെട്ടുന്നവർക്ക് വ്യാജ ഓണപ്പൊട്ടന്മാർ ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. കലാ സാംസ്കാരിക സംഘടനകൾ മുതൽ വ്യക്തികൾവരെ ഓണപ്പൊട്ടൻ വേഷം കെട്ടിയിറങ്ങുന്നത് പരമ്പരാഗതമായി വേഷം കെട്ടുന്നവരുടെ വയറ്റത്തടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.