മനംകൊള്ളെ ജോറില് വാ...
text_fieldsമലയാള സിനിമ-സംഗീത ഇടനാഴിയിലെ യുവ ശബ്ദത്തിനുടമ മിഥുലേഷ് ചോലക്കൽ ഓണം ഓർമകൾ പങ്കുവെക്കുന്നു
ഓണത്തിന്റെ ഓർമകൾ ആവോളം പറയാനുണ്ട് ഈ യുവകലാകരന്. ഹിന്ദുസ്ഥാനി സംഗീതം പഠിച്ചുതുടങ്ങിയ മിഥുലേഷ് ചോലക്കൽ അറിയപ്പെടുന്ന പിന്നണിഗായകനാണ്. മാലിക്, പെൻഡുലം എന്നീ സിനിമകളിലും ഒട്ടനവധി ആൽബങ്ങളിലും പാടി കൈയടിനേടിയ ഇദ്ദേഹം സംഗീത സംവിധാനരംഗത്തേക്കും തയാറെടുപ്പുകൾ നടത്തുന്നുണ്ട്. ഫൈസൽ ഹുസൈൻ സംവിധാനം ചെയ്യുന്ന ‘കട്ടപ്പാടത്തെ മാന്ത്രികൻ’ സിനിമക്ക് വേണ്ടിയാണ് സ്വതന്ത്ര സംവിധായകന്റെ മേലങ്കിയണിയുന്നത്. വരാനിരിക്കുന്ന ‘കുരുവിപാപ്പ’ സിനിമയിലും പാടിയിട്ടുണ്ട്. ചെറുപ്പം മുതല്‍തന്നെ സംഗീതത്തില്‍ താൽപര്യം കാണിച്ച മിഥുലേഷ് സ്കൂള്‍ കലോത്സവവേദികളില്‍ സജീവമായിരുന്നു. സംഗീതം ഔപചാരികമായി പഠിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഹിന്ദുസ്ഥാനി ശാഖയാണ് ആകര്‍ഷിച്ചത്. കഴിഞ്ഞ 10 വര്‍ഷമായി തന്റെ ഗുരു വിജയ് സുര്‍ സെന്നിന്റെ കീഴില്‍ ഹിന്ദുസ്ഥാനി വോക്കല്‍ അഭ്യസിച്ചുവരുന്നുണ്ട് ഈ യുവഗായകൻ.
കുട്ടിക്കാലമാണല്ലോ ആഘോഷങ്ങൾക്ക് നിറച്ചാർത്തുനൽകിയ സമയം. ഇന്നത്തെ ഓണത്തിന് കുട്ടിക്കാലത്തിന്റെ അത്ര മാധുര്യമില്ലെങ്കിലും ആഘോഷങ്ങൾക്ക് കുറവില്ലെന്ന് പറയാം. ഓണത്തിന് സദ്യയൊരുക്കുന്ന അമ്മയെ സഹായിക്കുന്നത് അന്ന് ഏറെ ആസ്വദിച്ചിരുന്നു. വയറുനിറയെ സദ്യയും പായസവും കഴിച്ച് പിന്നെ പോകുന്നത് റിലീസായ ഏതെങ്കിലും സിനിമ കാണാനാണ്. സിനിമയിൽ പാടണം എന്ന ആഗ്രഹം ചെറുപ്പംതൊട്ടേയുണ്ട്. മലപ്പുറം ജില്ലയിലെ മഞ്ചേരി പയ്യനാട് അയ്യപ്പന്-സുജാത ദമ്പതികളാണ് മാതാപിതാക്കൾ. എ.യു.പി.എസ് പയ്യനാട്, പി.എം.എസ്.എ എച്ച്.എസ് ചാരങ്കാവ്, മഞ്ചേരി ഗവ. ബോയ്സ് സ്കൂള്‍ എന്നിവിടങ്ങളിലെ പഠനശേഷം കൊണ്ടോട്ടി ഇ.എം.ഇ.എ കോളജില്‍നിന്ന് ഉന്നത വിദ്യാഭ്യാസം നേടി.
നിലവിൽ ഹിന്ദുസ്ഥാനി സംഗീതത്തിൽ ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. മീറത്തിലെ അഖില ഭാരതീയ ഗാന്ധർവ മഹാവിദ്യാലയത്തിലാണ് പഠനം നടത്തുന്നത്. ഭൂമി രാക്ഷസം (രചന: സാറാ ജോസഫ്, സംവിധാനം: എം.ജെ. ശശി), മുത്തശ്ശി (സംവിധാനം: ഉണ്ണികൃഷ്ണന് നെല്ലിക്കോട്), കാളി നാടകം (രചന: സജിത മഠത്തില്‍, സംവിധാനം: ചന്ദ്രദാസന്‍) എന്നീ ശ്രദ്ധേയ നാടകങ്ങളില്‍ പാടാന്‍ കഴിഞ്ഞതും പ്രധാന നേട്ടങ്ങളാണ്. നവോറ്, കുളിര്‍മരഛായയില്‍, ധ്വനി, യാ മൗല, ട്രൂ ലൗ, പാതി തുടങ്ങിയ മ്യൂസിക് ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്. സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്-2020 നേടിയിട്ടുണ്ട്.
എല്ലാ മതസ്തരേയും ഒരുമിച്ചിരുത്തി സദ്യ വിളമ്പിയിരുന്ന വീടാണ് എന്റേത്. പയ്യനാട് ചോലക്കൽ പ്രദേശം അന്നും ഇന്നും മതമൈത്രിക്ക് പേരുകേട്ട നാടാണ്. പരിമിതികളില്ലാതെ ഒത്തൊരുമയോടെ ജീവിക്കുന്നവരാണ് എന്റെ നാട്ടുകാർ. സംഗീതത്തിലേക്ക് പ്രചോദനം നൽകിയത് അമ്മയാണ്. അമ്മ പാടുന്നതുകേട്ട് പലപ്പോഴും അനുകരിക്കാൻ നോക്കിയിട്ടുണ്ട്. അതിന്റെ ഫലമായി സ്കൂളുകളിൽ വിവിധ പരിപാടികളിലും വിദ്യാരംഗം കലാസാഹിത്യ വേദികളിലും നല്ലപോലെ പാടാൻ സാധിച്ചു. പിന്നീട് യുവജനോത്സവ വേദികളിലും പാടാനായി. മുതിർന്നപ്പോൾ കുറച്ചുകൂടി ഗൗരവത്തോടെ സംഗീതത്തെ കണ്ടു. ഹിന്ദുസ്ഥാനി പഠിക്കാൻ വലിയ ആവേശമായിരുന്നു. അങ്ങനെയാണ് വിജയ് സുര്‍ സെൻ എന്ന സംഗീതജ്ഞനെ തേടിപ്പോയത്. അദ്ദേഹത്തെ കാണാൻ സാധിച്ചതും കൂടെയുള്ള യാത്രയുമാണ് വലിയ വഴിത്തിരിവായത്. സംഗീതത്തിൽ എനിക്ക് എന്തെങ്കിലും ചെയ്യാൻ സാധിച്ചിട്ടുണ്ടെങ്കിൽ അതിന്റെ കാരണക്കാരൻ അദ്ദേഹമാണ്.
സുശീൻ ശ്യാം സംഗീതം നിർവഹിച്ച ‘മാലിക്’ സിനിമയിൽ തീരമേ... തീരമേ എന്ന ഗാനത്തിന്റെ തുടക്കത്തിലെ ....ശന്തിരപ്പുതുനാരിയിന്മനം ... കൊള്ളെ ജോറില് വാ മാരനെ ...ശോഭിയിൽ ശുടർ വന്തെരിന്തും തെളിവോടെ മാരാ ...രസമൊടെ വാ.. ഈ വരികൾ പാടിയത് സംഗീതജീവിതത്തിലെ വലിയൊരു ഭാഗ്യമാണ്. ഇറങ്ങാൻപോകുന്ന ‘കുരുവിപാപ്പ’ എന്ന സിനിമയിൽ യൂനുസിയോയുടെ സംഗീതത്തിൽ പാട്ട് പാടാനും അവസരം ലഭിച്ചതും ജീവിതത്തിലെ വലിയൊരു നേട്ടമാണ്. കുടുംബത്തിന്റെ പ്രോത്സാഹനവും എന്നും കരുത്തായുണ്ട്. സംഗീതയാത്രക്ക് പ്രചോദനമേകി ഭാര്യ സൗമ്യയും മകൻ അൻമിത് മിഥുലേഷും സഹോദരി ഗോഷിമയും കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.