ഉപ്പേരിക്ക് ‘ഗമ’ കൂടി; കൂട്ടിന് ശർക്കരവരട്ടിയും
text_fieldsആലപ്പുഴ: ഇലയിൽ വിഭവസമൃദ്ധമായ സദ്യക്കൊപ്പം ഉപ്പേരിയും ശർക്കരവരട്ടിയും കളിയടക്കയും കൊറിച്ചാണ് മലയാളികളുടെ ഓണം. ഇതിനൊപ്പം പൂക്കളവും ഊഞ്ഞാലും കൂടി എത്തുന്നതോടെ പൊടിപൊടിക്കും. ഓണമെത്തിയതോടെ ഇഷ്ടംപോലെ ആസ്വദിച്ച് കഴിക്കാവുന്ന ‘ഉപ്പേരിക്ക് അൽപം വിലകൂടി. തുടക്കത്തിൽ കിലോക്ക് 360 രൂപക്ക് വിറ്റിരുന്ന ഉപ്പേരിക്ക് ആവശ്യക്കാർ ഏറിയതോടെ 380 ഉം കടന്നാണ് മുന്നേറ്റം. വെളിച്ചെണ്ണയിൽ വറുത്തതിനാണ് വിലകൂടുതൽ. ഓണപ്പൊലിമ കൂട്ടി ശർക്കരവരട്ടിയും കളിയടക്കയും ചക്കവറുത്തതും കൂട്ടിനുണ്ട്. ശർക്കരവരട്ടിക്കും സമാനവിലയാണ്. സൺഫ്ലവർ ഓയിലിൽ വറുത്ത ഉപ്പേരിക്ക് കിലോക്ക് 325-350 രൂപയാണ് വില.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഏത്തക്കായുടെ വിലയിൽ നേരിയ കുറവുണ്ട്. കിലോക്ക് 52 രൂപയാണ് വില. ചിങ്ങം പിറന്നത് മുതൽ കല്യാണങ്ങളും ഗൃഹപ്രവേശന ചടങ്ങുകളുമെത്തിയതോടെ ‘ഉപ്പേരി’ വിൽപന പൊടിപൊടിക്കുകയാണ്. സ്കൂൾ-കോളജ് ഓണാഘോഷപരിപാടികളും നിറഞ്ഞതോടെ ‘ഗമ’ അൽപം കൂടിയിട്ടുണ്ട്. വരുംദിവസങ്ങളിൽ വിൽപനയിൽ വർധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. ഉപ്പേരിക്ക് മാത്രമല്ല ശർക്കരവരട്ടിക്കും കളിയടക്കയും ആവശ്യക്കാരുണ്ട്. ശർക്കരവരട്ടിക്ക് കിലോക്ക് 360 രൂപയും കളിയടക്കക്ക് 260 രൂപയുമാണ് വില.
വ്യാജന്മാരുണ്ട്, സൂക്ഷിക്കുക
കടകളിൽ കിട്ടുന്ന ഉപ്പേരിക്ക് 360 മുതൽ 400 രൂപവരെ കൊടുക്കണം. വീടുകളിൽ ശുദ്ധമായ വെളിച്ചെണ്ണയിൽ വറുത്തതാണെന്ന് പറഞ്ഞാണ് പാതയോരത്തടക്കം മറ്റുള്ളവരുടെ വിൽപന. കാഴ്ചയിൽ വെളിച്ചെണ്ണയിൽ വറുത്തെടുത്തതുപോലെയിരിക്കും. എന്നാൽ രുചിയിൽ അതുണ്ടാവില്ല. പാക്കറ്റിലായതിനാൽ പൊട്ടിച്ചുനോക്കാനും കഴിയില്ല. വിലയും കുറവായിരിക്കും. ഗുണനിലവാരം ഉറപ്പാക്കേണ്ട ഭക്ഷ്യസുരക്ഷവകുപ്പ് ഇതൊന്നും കാണാറില്ല. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ ഗുണനിലവാരം കുറഞ്ഞ എണ്ണയിലാണ് പലതിന്റെയും നിർമാണം. അന്തർസംസ്ഥാനത്തുനിന്ന് മായം കലർന്ന ശർക്കരയാണ് ശർക്കരവരട്ടിക്കായി ഉപയോഗിക്കുന്നത്. വില കുറവാെണന്ന് കരുതി പൊതുവിപണിയിൽനിന്ന് വാങ്ങുന്ന ‘ഉപ്പേരി’ വ്യാജനാണോയെന്ന് ഉറപ്പുവരുത്തണം. സീസണിൽ മാത്രം പൊടിപൊടിക്കുന്ന ഉപ്പേരി, ശർക്കരവരട്ടി അടക്കമുള്ള ഉൽപന്നങ്ങളടെ നിർമാണത്തിന് കൃത്യമായ പരിശോധനയും ലൈസൻസും ഉണ്ടാവില്ല.
ഓണക്കിറ്റിൽനിന്ന് കുടുംബശ്രീ ഔട്ട്
സംസ്ഥാനസർക്കാറിന്റെ സൗജന്യ ഓണക്കിറ്റ് ഒരുവിഭാഗത്തിന് മാത്രം പരിമിതപെടുത്തിയപ്പോൾ കുടുംബശ്രീയുടെ ഉപ്പേരിയും ശർക്കരവരട്ടിയും ഔട്ട്. എങ്കിലും ഗുണന്മേ വിട്ടൊരു കളിയില്ല. ശുദ്ധമായ വെളിച്ചെണ്ണയിലാണ് ഉപ്പേരിയും ശർക്കരവരട്ടിയും തയാറാക്കുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ ഓണച്ചന്തകളിലൂടെ ഇത്തവണത്തെ വിൽപന. മാർക്കറ്റ് വിലയേക്കാൾ നേരിയകുറവുള്ളതിനാൽ ആവശ്യക്കാർ ഏറെയാണ്.
കഴിഞ്ഞവർഷം ഓണക്കിറ്റിലൂടെ മാത്രം അഞ്ചുലക്ഷം പാക്കറ്റ് ശർക്കരവരട്ടിയുടെ ഓർഡറാണ് ലഭിച്ചത്.
ജില്ല മിഷന്റെ നേതൃത്വത്തിൽ 80ലധികം സി.ഡി.എസുകളിൽ ഓണച്ചന്ത ഒരുക്കിയിട്ടുണ്ട്. കഞ്ഞിക്കുഴി എസ്.എൻ. കോളജിന് സമീപത്താണ് ജില്ലതല ഓണച്ചന്ത പ്രവർത്തിക്കുന്നത്. വിവിധ യൂനിറ്റുകൾ ചേർന്നാണ് മേള നടത്തുന്നത്. ഉപ്പേരി, ശർക്കരവരട്ടി, വിവിധതരം അച്ചാറുകൾ, വെളിച്ചെണ്ണ, പപ്പടം, പായസക്കിറ്റുകൾ, പൂക്കൾ തുടങ്ങിയ ഉൽപന്നങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.