തൂശനിലയിൽ സദ്യവട്ടങ്ങളുമായി ‘കാറ്ററിങ്ങോണം’
text_fieldsഒറ്റപ്പാലം: ഓണക്കാലം കാറ്ററിങ് സർവിസ് സ്ഥാപനങ്ങൾക്കും ചാകരക്കാലമാണ്. വിഭവസമൃദ്ധ സദ്യയും പാലട പ്രഥമനടക്കമുള്ള പായസങ്ങളുമായി കാറ്ററിങ് സ്ഥാപനങ്ങൾ സജീവമാണ്. ഡോർ ഡെലിവറിയടക്കമുള്ളവയും ലഭ്യമാണ്. അൽപം പണം മുടക്കിയാലും അധ്വാനമില്ലാതെ ഓണമുണ്ണാൻ തയാറാകുന്നവർ ഇവരെയാണ് ആശ്രയിക്കുന്നത്. ചില ക്ഷേത്ര കമ്മിറ്റികളും ഇപ്പോൾ ഈ രംഗത്തുണ്ട്. പായസം ലിറ്ററിന് 200 മുതൽ 220 വരെ രൂപയാണ് കാറ്ററിങ് സ്ഥാപനങ്ങൾ ഈടാക്കുന്നത്. കടമ്പൂർ പനയൂർ ഭഗവതി ക്ഷേത്ര കമ്മിറ്റിയടക്കമുള്ള ചില കാറ്ററിങ്ങുകാർ 180 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
നേരത്തേ ബുക്ക് ചെയ്യുന്നവർക്കാണ് ഡോർ ഡെലിവറി സൗകര്യം. ചില സ്ഥാപനങ്ങൾ പൂരാടം, ഉത്രാടം ദിവസങ്ങളിലേക്ക് മാത്രമായി പരിപ്പ് പായസവും സ്പെഷൽ വിഭവങ്ങളും ഒരുക്കുന്നുണ്ട്. കൂട്ടുകറി, അവിയൽ, കാളൻ, പുളിയിഞ്ചി തുടങ്ങിയ സദ്യവട്ടങ്ങൾക്ക് ഓരോന്നിനും കിലോക്ക് 400 രൂപയാണ് വില. സ്പെഷൽ നാരങ്ങവിഭവത്തിന് 350 രൂപയാണ്. നാക്കിലയിൽ ചോറ് വിളമ്പി 15 ഇനങ്ങളുമായി അഞ്ചുപേർക്ക് സദ്യയുണ്ണാൻ 1500 രൂപയാകും.
കൂട്ടുകറി, കാളൻ, അവിയൽ, ഓലൻ, തോരൻ, പൈനാപ്പിൾ പച്ചടി, അച്ചാർ, പുളിയിഞ്ചി, വറവ് രണ്ടുതരം, പഴം നുറുക്ക്, സാമ്പാർ, രസം, മോര്, രണ്ടുതരം പായസം, പപ്പടം... പണം പോയാലും സദ്യ കുശാൽ. കാറ്ററിങ് സ്ഥാപനങ്ങളുടെ സേവനം തേടുന്നവർ വർഷംതോറും കൂടുകയാണ്. അണുകുടുംബങ്ങളാണ് കാറ്ററിങ് സ്ഥാപനങ്ങളുടെ പ്രധാന ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.