ഓണമിങ്ങെത്തി; താനൂരിന് ഇത്തവണയും അടച്ചിട്ട ആഘോഷം
text_fieldsതാനൂർ: നാടെങ്ങും ഓണാഘോഷത്തിനായുള്ള ഒരുക്കം തകൃതിയായി നടക്കുമ്പോഴും താനൂരിൽ ഇത്തവണയും അടച്ചിട്ട ഓണാഘോഷം. ദേശീയപാതയിൽനിന്ന് താനൂരിലേക്കുള പ്രധാന റോഡായ തെയ്യാല റോഡിലെ റെയിൽവേ ഗേറ്റ്, മേൽപാലം നിർമാണത്തിനായി രണ്ടുവർഷം മുമ്പ് അടച്ചിട്ടതോടെ തുടങ്ങിയ യാത്രാദുരിതം ഈ ഓണക്കാലത്തും പരിഹാരമാകാതെ തുടരുകയാണ്. മതിയായ ബദൽ സൗകര്യങ്ങമൊരുക്കാതെയുള്ള അടച്ചിടൽ ജനങ്ങളെ ഏറെ പ്രയാസത്തിലാക്കുന്നു.
അടച്ചിടൽ വലിയ ആഘാതമാണ് താനൂരിലെ വ്യാപാര മേഖലക്ക് സൃഷ്ടിച്ചത്. താനൂർ നഗരത്തെ ആശ്രയിച്ചിരുന്ന ഗേറ്റിനപ്പുറത്തെ വലിയൊരു വിഭാഗം ജനങ്ങളും തൊട്ടടുത്ത നഗരങ്ങളെയും ചെറിയ അങ്ങാടികളെയും ആശ്രയിക്കാൻ നിർബന്ധിതരായി. ഇരുചക്ര യാത്രികരെയെങ്കിലും അനുവദിക്കണമെന്ന ആവശ്യത്തിന്മേൽ ഗേറ്റ് ആദ്യമായി അടക്കുന്ന ഘട്ടത്തിലും പിന്നീട് വിവിധ ഘട്ടങ്ങളിലും മന്ത്രി വി. അബ്ദുറഹിമാനടക്കമുള്ളവർ നൽകിയ ഉറപ്പുകൾ നടപ്പായില്ല. കഴിഞ്ഞ മാസങ്ങളിൽ വിവിധ രാഷ്ട്രീയ പാർട്ടികളും വ്യാപാരി സംഘടനകളും റോഡ് ഉപരോധമടക്കമുള്ള ശക്തമായ പ്രക്ഷോഭങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്ത് അടിയന്തര മന്ത്രിതല യോഗം വിളിച്ചുചേർക്കുകയും മേൽപാലം ജോലികൾ ഡിസംബറിനുള്ളിൽ പൂർത്തീകരിക്കുമെന്നും ജൂലൈ 15 മുതൽ ചെറുവാഹനങ്ങൾ കടന്നുപോകാനുള്ള സൗകര്യങ്ങളൊരുക്കുമെന്നും തീരുമാനമെടുത്തതായി മന്ത്രി അറിയിച്ചു. എന്നാൽ, ജൂലൈ 15ന് ശേഷം ഒരു മാസത്തിലേറെയായിട്ടും ആ ഉറപ്പും പാലിക്കപ്പെട്ടിട്ടില്ല. ഇടക്കാലത്ത് കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചെറിയൊരു കാലയളവിൽ ചെറുവാഹനങ്ങൾക്കായി ഗേറ്റ് തുറന്നിരുന്നെങ്കിലും വീണ്ടും അടച്ചിട്ടു.
ഇതിന് ശേഷവും മേൽപാലം പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയാണ്. താനൂർ മേൽപാലത്തിനൊപ്പം പ്രവൃത്തിയാരംഭിച്ച മറ്റിടങ്ങളിലെ പ്രവൃത്തികൾ ഏതാണ്ട് പൂർത്തിയായ നിലയിലേക്കെത്തുമ്പോഴും ഇവിടെ പ്രവൃത്തി എങ്ങുമെത്തിയിട്ടില്ലെന്നത് വ്യാപാരി നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി താനൂർ യൂനിറ്റ് പ്രസിഡൻറ് മുസ്തഫ കമാലിന്റെ നേതൃത്വത്തിൽ വ്യാപാരി നേതാക്കൾ കലക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്. വിഷയത്തിൽ ശക്തമായ സമരങ്ങൾക്ക് തയാറെടുക്കുകയാണ് വ്യാപാരി സംഘടനകളും രാഷ്ട്രീയ പാർട്ടികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.