പതിഞ്ഞ ശബ്ദത്തിൽ ഉമ്മൻചാണ്ടി പറഞ്ഞു, 'സദ്യ നന്നായിട്ടുണ്ട് സന്തോഷം'
text_fieldsഒറ്റപ്പാലം പടിഞ്ഞാർക്കര ആയുർവേദാശുപത്രിക്ക് കഴിഞ്ഞ ഓണക്കാലത്ത് അത്തം നാളിലെ ഓണസദ്യയുടെ ഓർമകൾ ഇന്ന് വേദന കൂടിയാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അവസാന ഓണനാളുകളിലെ കൂട്ടിരിപ്പുകാരായിരുന്നു ഈ ആശുപത്രി ജീവനക്കാരും നടത്തിപ്പുകാരും അന്തേവാസികളും. ഉമ്മൻ ചാണ്ടിയും ഭാര്യ മറിയാമ്മ ഉമ്മനും മകൻ ചാണ്ടി ഉമ്മനും അന്ന് സന്തോഷത്തോടെ ഓണസദ്യയുണ്ടു. ശബ്ദം നഷ്ടപ്പെട്ട ചികിത്സക്കായി വന്ന് ‘വീണ്ടും കാണാ’മെന്ന് പതിയെ പറഞ്ഞു കൈവീശി വിടപറഞ്ഞുപോയ ഉമ്മൻ ചാണ്ടിയെ ചീഫ് ഫിസിഷ്യൻ ഡോ. പി.സേതുമാധവനും ഡോ. അഖിലിനും മറക്കാനാവുന്നില്ല.
2022 ആഗസ്റ്റ് 21ന് ഉമ്മൻ ചാണ്ടി ഭാര്യയുമൊത്ത് ആശുപത്രിയിൽ ചികിത്സക്കത്തിയത്. നേരത്തെ ജനുവരിയിൽ ചാണ്ടി ഉമ്മൻ വന്ന് മരുന്നുകൾ വാങ്ങിക്കൊണ്ടുപോയിരുന്നു. മരുന്ന് ഫലംചെയ്തപ്പോഴാണ് ചികിത്സക്കായി ഒറ്റപ്പാലത്തേക്ക് എത്തിയത്. വാക്കുകൾ, കാറ്റൂതുന്ന ശബ്ദം പോലെ വരുമായിരുന്ന അവസ്ഥ. ഡോ. സേതുമാധവൻ പഥ്യവും ചികിത്സാമുറകളും നിർദേശിച്ചു. രണ്ടുദിവസം സന്ദർശകരെ അനുവദിച്ചിരുന്നില്ല.
‘‘ഇങ്ങനെ ആരെയും കാണാതെയും കേൾക്കാതെയും ഇരിക്കാൻ വയ്യ’’- മൂന്നാം ദിവസം ഉമ്മൻ ചാണ്ടി അറിയിച്ചു. ആളുകളുമായി സംസാരിക്കുമ്പോഴായിരിക്കും ചികിത്സ കൂടുതൽ ഫലം ചെയ്യുക എന്ന് ചികിത്സകർക്കും തോന്നി. സന്ദർശക വിലക്ക് അയഞ്ഞു. സന്തോഷവാനായി കാണാനെത്തിയവരെ സ്വീകരിച്ചു. ശബ്ദം പുറപ്പെടുവിക്കുന്നതിലും പുരോഗതി.
ഉഴിച്ചിൽ, ധാര, ലേപനം കഴുത്തിൽ പുരട്ടാനും. ഭക്ഷണത്തിൽ പഥ്യം, മരുന്നുകഞ്ഞി... എന്നിങ്ങനെയായിരുന്നു ചികിത്സാരീതി. ചിരിക്കുന്ന മുഖത്തോടെ ആശുപത്രിയിലെ അന്തേവാസികളും ജീവനക്കാരുമായി കൂട്ടുകൂടി. ആളുകൾ കൂടുതലെത്തുമ്പോഴായിരിക്കും കൂടുതൽ ഉഷാർ. അകലെനിന്നുള്ളവരും തനി നാടൻ ഗ്രാമീണരും എത്തുന്നവരിൽ ഉണ്ടായിരുന്നു. പലർക്കും അദ്ദേഹത്തെ ഒന്നു കണ്ടാൽ മതി. ചികിത്സയിൽ വേഗം പുരോഗതിയുണ്ടായി. ഏഴു ദിവസത്തിനുശേഷം ഉച്ചവരെ വ്യക്തമായി സംസാരിച്ചുതുടങ്ങി.
അതിനിടെ കോട്ടയത്ത് പലയിടത്തുമുണ്ടായ മിന്നൽ പ്രളയത്തിന്റെ വാർത്തയെത്തിയതോടെ പുതുപ്പള്ളി മണ്ഡലത്തിന്റെ എം.എൽ.എക്ക് ഇരിക്കപ്പൊറുതിയില്ലാതായി. ‘‘പോയിട്ട് ഒരു പാട് ചെയ്യാനുണ്ട്’’- ഇടക്കിടെ പറഞ്ഞു. പോകാൻ നിർബന്ധം പിടിച്ചു. ഇതിനിടെ അത്തം നാളിൽ മുൻ മുഖ്യമന്ത്രിയോടൊത്ത് ഓണസദ്യക്ക് ഡോ. സേതുമാധവൻ അനുവാദം ചോദിച്ചപ്പോൾ സന്തോഷത്തോടെ സമ്മതം മൂളി. ആഗസ്റ്റ് 30ന് അത്തം നാളിൽ ആശുപത്രിയിൽ പൂക്കളമിടുന്നത് അദ്ദേഹം നോക്കിയിരുന്നു. ഉച്ചക്ക് പാലടപ്രഥമനോടെയായിരുന്നു ഓണസദ്യ. ഭാര്യ മറിയാമ്മയും മകൻ ചാണ്ടി ഉമ്മനുമൊത്ത് സന്തോഷത്തോടെ സദ്യയുണ്ടു. കൂടെ ഡോ. പി. സേതുമാധവൻ, പി. ശശിധരൻ, അവരുടെ കുടുംബാംഗങ്ങൾ, അന്തേവാസികൾ, ജീവനക്കാരുമൊക്കെ ഉണ്ടായിരുന്നു.
‘‘സദ്യ നന്നായിരുന്നു; സന്തോഷം.’’ വാക്കുകൾ പെറുക്കിപ്പറഞ്ഞുള്ള ഉമ്മൻ ചാണ്ടിയുടെ അഭിനന്ദനം ഇപ്പോഴും ഡോ. സേതുമാധവന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. 12 ദിവസത്തെ ചികിത്സ പൂർത്തിയാക്കിയാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.