വൈവിധ്യം ‘മായ’യുടെ പായസരുചികൾ
text_fieldsമസ്കത്ത്: അത്തം മുതൽ തിരുവോണം വരെ പത്തുതരം പായസവുമായി സുഹാറിൽ മായ എന്ന കണ്ണൂർ സ്വദേശി കുടുംബിനി പ്രവാസ ഓണാഘോഷത്തിന്റെ ഒരുക്കത്തിന്റെ തിരക്കിലാണ്. അത്തം ഒന്നുമുതൽ പത്തുനാളുകളിൽ വീട്ടിൽ പൂക്കളം ഇടുകയും എല്ലാ ദിവസവും ഓണസദ്യ ഒരുക്കുകയും ചെയ്താണ് മായയുടെയും കുടുംബത്തിന്റെയും ഓണാഘോഷം. 23 വർഷമായി ഒമാനിലുള്ള മായ എല്ലാ ഓണ നാളുകളിലും വീട്ടിൽ തയാറാക്കുന്ന പായസ മധുരവും സദ്യയുടെ രുചിയും ആസ്വദിക്കാൻ സുഹൃത്തുക്കളും ബന്ധുക്കളും ക്ഷണിക്കപ്പെടുന്നവരും എത്താറുണ്ട്. ഭർത്താവ് സുരേഷിന്റെയും ഏക മകൻ അനുഗ്രഹിന്റെയും അകമഴിഞ്ഞ സഹായമാണ് മായക്ക് പിൻബലം.
അത്തം നാലാം നാളിൽ ഉണ്ടാക്കിയത് വളരെ വ്യത്യസ്തത നിറഞ്ഞ സാമ്പാർ പായസമായിരുന്നു. സാമ്പാറിൽ ഉപയോഗിക്കുന്ന പച്ചക്കറി കഷണങ്ങൾ തന്നെയാണ് ഇതിന്റെയും ചേരുവകൾ. മാത്രമല്ല നിറവും സാമ്പാറിന്റേതുതന്നെ. കഷണങ്ങൾ പുഴുങ്ങി ശർക്കരയും തേങ്ങാപ്പാലും അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും ഒക്കെ ചേർത്താണ് രുചികരമായ പായസം തയാറാക്കുന്നത്. അതുപോലെ പത്ത് ദിനങ്ങളിലും ഇതുപോലെ കേട്ടും രുചിച്ചും പരിചയമില്ലാത്ത എന്നാൽ, വളരെ രുചിയുള്ള പായസമാണ് തയാറാക്കുന്നത്.
പായസത്തിന്റെ പേരുകേട്ടാലറിയാം നാം അധികം രുചിച്ചുനോക്കാത്തവയാണെന്ന്. ചെറിയ ഉള്ളി പായസം, ചക്കക്കുരു പായസം, ഉണ്ണിയപ്പ പായസം, അവുക്കാട പായസം, പച്ച പപ്പായ പായസം...അങ്ങനെപോകുന്നു വ്യത്യസ്തമായ രുചികൾ. ഓണവും വിഷുവും മറ്റു ആഘോഷങ്ങളും നാട്ടിൽ ആഘോഷിക്കുന്നതിനുപകരം പ്രവാസ ലോകത്തെ ആഘോഷത്തിനാണ് പൊലിമ കൂടുതലെന്ന് മായ പറയുന്നു. സാമൂഹിക സംഘടനകളിലും കൂട്ടായ്മകളിലും സജീവമായ ഇവർ പാചക വിദഗ്ധ കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.