കൈനിറയെ സമ്മാനവും പാട്ടും കളികളുമായി അവരുടെ വീടുകളിൽ ഓണച്ചങ്ങാതിയെത്തി
text_fieldsതൃക്കരിപ്പൂർ: ‘പൂവിളി പൂവിളി പൊന്നോണമായീ നീ വരൂ നീ വരൂ പൊന്നോണത്തുമ്പീ’... ഓണപ്പാട്ടുകൾ പാടിയും ഓണപ്പൂക്കളമൊരുക്കിയും ഓണക്കോടിയും ഓണസമ്മാനങ്ങളും നൽകിയും ഓണസദ്യയുണ്ടും ഇത്തവണ നഹിയാൻ മുഹമ്മദ് നാസിറിനും ആത്മികക്കും ഓണാഘോഷം കെങ്കേമമായി.
സമഗ്ര ശിക്ഷാ കേരളം ചെറുവത്തൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിലാണ് പൂർണമായും കിടപ്പിലായ കൂലേരി ജി.എൽ.പി സ്കൂളിലെ നഹിയാൻ മുഹമ്മദ് നാസിറിനും പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിലെ ആത്മികക്കും സമഗ്രശിക്ഷാ പ്രവർത്തകർ നിറപ്പകിട്ടോടെ ഓണാഘോഷമൊരുക്കിയത്. അവരുടെ കൂട്ടുകാരുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു ഓണാഘോഷം. തൃക്കരിപ്പൂരിലെ ചടങ്ങിൽ ദേശീയ കായികതാരം വി.എസ്. അനുപ്രിയ സമ്മാനവുമായി നഹിയാന്റെ ബീരിച്ചേരിയിലെ വീട്ടിലേക്ക് ഓണാഘോഷത്തിൽ പങ്കുചേരാനെത്തി. കൂലേരിയിലെയും പടന്നക്കടപ്പുറത്തെയും വിദ്യാലയത്തിലെ കൊച്ചുകൂട്ടുകാർ ഇവരുടെ വീടുകളിലെത്തി ഓണപ്പാട്ടുകൾ പാടിയും ഓണക്കളികളിൽ ഏർപ്പെട്ടും ഓണം മധുരതരമാക്കി.
സർവ വിഭവങ്ങളും വിളമ്പിയായിരുന്നു ഓണ സദ്യ. ഭിന്നശേഷിക്കാരായ മറ്റ് കുട്ടികൾക്ക് വിദ്യാലയങ്ങളിൽ ആഘോഷങ്ങൾക്ക് പ്രത്യേക അവസരങ്ങൾ ഒരുക്കാറുണ്ടെങ്കിലും പൂർണമായും കിടപ്പിലായവർക്ക് ഇത്തരം സന്തോഷമുഹൂർത്തങ്ങൾ ഇല്ലാത്ത സാഹര്യത്തിലാണ് സമഗ്രശിക്ഷ കേരളം ഈ കുട്ടികൾക്ക് ‘ഓണച്ചങ്ങാതി’ എന്ന പേരിൽ ഓണാഘോഷം ബി.ആർ.സിതലത്തിൽ ഒരുക്കിയത്. ഉപജില്ല പരിധിയിലെ കിടപ്പിലായ മറ്റ് 43 കുട്ടികളുടെയും വീട്ടിൽ ഓണക്കാലത്ത് സ്പെഷ്യൽ എജുക്കേറ്റർമാരുടെ നേതൃത്വത്തിൽ ഓണച്ചങ്ങാതി ഗൃഹസന്ദർശനം നടക്കും.
തൃക്കരിപ്പൂരിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ നഹിയാൻ മുഹമ്മദ് നാസിറിന് ഓണക്കോടിയും ഓണക്കിറ്റും സമ്മാനിച്ചു. ചെറുവത്തൂർ ബി.പി.സി എം. സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ എ.കെ. ഹാഷിം, ബ്ലോക്ക് മെംബർ വി.പി.പി. ശുഹൈബ്, സ്കൂൾ പ്രധാനാധ്യാപിക കെ. ജയന്തി, ബി.ആർ.സി ട്രെയിനർ പി. വേണുഗോപാലൻ, സി.ആർ.സി കോഓഡിനേറ്റർ സി. സനൂപ്, സ്പെഷ്യൽ എജുക്കേറ്റർ പി. അനുശ്രീ എന്നിവർ സംസാരിച്ചു.
വലിയപറമ്പിൽ പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ ഓണക്കോടി നൽകി. ബി.ആർ.സി ട്രെയിനർ അനൂപ്കുമാർ കല്ലത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്ഥിരംസമിതി ചെയർമാൻ കെ. അനിൽകുമാർ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻമാരായ ഇ.കെ. മല്ലിക, ഖാദർ പാണ്ടിയാല, സ്കൂൾ പ്രതിനിധികളായ കെ. അനിത, എം. മിസിരിയ, സി.ആർ.സി കോഓഡിനേറ്റർ സി. സാവിത്രി, സ്പെഷ്യൽ എജുക്കേറ്റർ ഷീബ എന്നിവർ സംസാരിച്ചു. രഹിൽ അവതരിപ്പിച്ച മാജിക് ഷോ, കുട്ടികളുടെ നൃത്തനൃത്ത്യങ്ങൾ എന്നിവ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.