മധുരം നുണയാൻ വള്ളിക്കോട് ശർക്കര
text_fieldsപത്തനംതിട്ട: ഓണത്തിന് മധുരം നുണയാൻ വള്ളിക്കോട് ശർക്കര. ഓണത്തിന് മായം ചേരാത്ത ശുദ്ധമായ വള്ളിക്കോട് ശർക്കരകൊണ്ട് പായസവും ശർക്കരപുരട്ടിയുമൊക്കെ ഉണ്ടാക്കി കഴിക്കാൻ 5000 കിലോ ശർക്കരയാണ് ഓണവിപണിയിൽ എത്തിക്കുന്നത്.
വള്ളിക്കോട്ട് കരിമ്പുകൃഷി പുനരാരംഭിച്ചിട്ട് രണ്ട് വർഷമാകുന്നു. വള്ളിക്കോട് ബ്രാൻഡ് ശർക്കര വിതരണം ചെയ്യാൻ മായാലിൽ കരിമ്പാട്ടുന്നതിനായി യന്ത്രസംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെയാണ് ശർക്കര ഉൽപാദിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ പതിനഞ്ചേക്കർ സ്ഥലത്താണ് കരിമ്പ് കൃഷി ചെയ്ത് ഓണത്തിന് ശർക്കര പാകപ്പെടുത്തുന്നത്. പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും പൂർണ പിന്തുണയോടെയാണ് മായാലില്‍, വാഴമുട്ടം, വാഴമുട്ടം കിഴക്കന്‍ ഭാഗങ്ങളിൽ വീണ്ടും കരിമ്പ് കൃഷി വ്യാപകമായിരിക്കുന്നത്.
വെള്ളം കയറിയാലും കൃഷിനാശം സംഭവിക്കാത്തതുമാണ് കര്‍ഷകര്‍ കരിമ്പ് കൃഷിയിലേക്ക് വീണ്ടും തിരിഞ്ഞത്. പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ റിവോൾവിങ് ഫണ്ട്, സബ്സിഡി ഇനത്തിൽ നാലുലക്ഷം രൂപ കർഷകർക്ക് നൽകാൻ വാർഷിക പദ്ധതിയിൽ വകയിരുത്തിയിരുന്നു.
കഴിഞ്ഞ ഓണത്തിനും വള്ളിക്കോട് ശർക്കര വിപണിയിൽ ഉണ്ടായിരുന്നു. ഇത്തവണ കൂടുതല്‍ ഭാഗങ്ങളിലേക്ക് കൃഷി വ്യാപിപ്പിച്ചിട്ടുണ്ട്. ആറുടണ്‍ ശര്‍ക്കരയാണ് ഇത്തവണ ലക്ഷ്യമിടുന്നത്. പന്തളം കൃഷി ഫാമില്‍നിന്ന് എത്തിച്ച മാധുരി ഇനത്തിൽപെട്ട കരിമ്പ് തലക്കവും മറയൂര്‍ കരിമ്പ് ഉൽപാദക സംഘത്തില്‍നിന്നും എത്തിച്ച സി.എ 86032 ഇനം തലക്കവുമാണ് ഇത്തവണ കൃഷി ചെയ്തത്. ഒരുകിലോ ശർക്കര 170 രൂപക്കാണ് വിൽക്കുന്നത്. പതിയനും ഉണ്ടശർക്കരക്കും ഒരുവില തന്നെയാണ്. ഒരേക്കറിലെ കരിമ്പ് ക്യഷിക്ക് 40,000ത്തോളം രൂപചെലവു വരുമെന്ന് വള്ളിക്കോട് കൃഷ്ണവിലാസത്തിൽ ശരത് സന്തോഷ് പറഞ്ഞു. തലക്കം വാങ്ങാൻ 15,000ത്തോളം രൂപ വേണ്ടിവരും. ഒരേക്കറിന് സബ്സിഡിയായി 2400 രൂപ മാത്രമാണ് ലഭിക്കുന്നത്. ഇത് തുച്ഛമായ തുകയാണന്നും ശരത്ത് പറഞ്ഞു. നേത്തേ നെൽകൃഷി നടത്തുകയായിരുന്നു ശരത്. മൂന്നുവർഷമായി മൂന്ന് ഏക്കറോളം സ്ഥലത്ത് കരിമ്പാണ് ക്യഷി ചെയ്യുന്നത്.
ഒരുകാലത്ത് വള്ളിക്കോടിന്റെ മുഖമുദ്രയായിരുന്നു കരിമ്പ് കൃഷി. താഴൂർക്കടവ്, വാഴമുട്ടം പ്രദേശങ്ങളിലായിരുന്നു കൂടുതൽ കൃഷി. കരിമ്പ് തോട്ടങ്ങൾ പൂത്തുലഞ്ഞത് നിൽക്കുന്നത് മനോഹര കാഴ്ചകളായിരുന്നു. പഞ്ചായത്തിൽ ഏക്കറു കണക്കിന് സ്ഥലങ്ങളില്‍ വ്യാപിച്ചുകിടന്നിരുന്ന കരിമ്പിന് പാടങ്ങള്‍ നിരവധി ചലച്ചിത്രങ്ങളിലൂം സ്ഥാനം പിടിച്ചിരുന്നു. ആ നഷ്ടപ്രതാപമാണ് ഇപ്പോൾ വീണ്ടെടുക്കാന്‍ ശ്രമം നടക്കുന്നത്.
രാവും പകലും പ്രവര്‍ത്തിച്ചിരുന്ന നിരവധി ശര്‍ക്കര ചക്കുകൾ ഒരുകാലത്ത് പഞ്ചായത്തിലുണ്ടായിരുന്നു. തെരഞ്ഞെടുക്കുന്ന തണ്ടുകള്‍ വരിയും നിരയുമായാണ് നടുന്നത്. ഒരേക്കറില്‍ 12,000ത്തോളം തണ്ടുകള്‍ നടാം. വളര്‍ച്ചയുടെ ആദ്യകാലത്ത് കൃഷിയിടം നനക്കുകയും വളമിടുകയും കളപറിക്കുകയും വേണം. 10 മുതൽ 12 മാസം കൊണ്ട്, കരിമ്പ് വെട്ടാനായി പാകമാകും. മുമ്പ് കരിമ്പ് കൃഷി ചെയ്തിരുന്ന പാടങ്ങളിൽ ഇതര കൃഷിവിളകളും കെട്ടിട സമുച്ചയങ്ങളും ഉയർന്നു കഴിഞ്ഞു. ഒരുകാലത്ത് വള്ളിക്കോട്, വാഴമുട്ടം ശർക്കരക്കും വിപണിയിൽ വൻ ഡിമാൻഡായിരുന്നു.
ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും ശർക്കര തേടി ആളുകൾ ഇവിടെ എത്തിയിരുന്നു. കർഷകന് മുടക്കുമുതലിന്റെ നാലിരട്ടി ലാഭം വരെ കിട്ടിയിരുന്ന കൃഷിയായിരുന്നു.
ഒരേക്കറിൽനിന്നും 150 പാട്ട ശർക്കര വരെ ഉൽപാദിപ്പിക്കാൻ കഴിയും. പന്തളത്തെയും പുളിക്കീഴിലെയുമൊക്കെ പഞ്ചസാര ഫാക്ടറികൾ അടച്ചുപൂട്ടിയതോടെയാണ്
കർഷകർ പ്രതിസന്ധിയിലായത്. കൃഷിപ്പണിക്കും കരിമ്പ് വെട്ടാനുമൊക്കെ നാട്ടിൽ തൊഴിലാളികളെയും കിട്ടാതായതോടെ കരിമ്പ് കൃഷി ആളുകൾ ഉപേക്ഷിക്കാൻ തുടങ്ങി. വള്ളിക്കോട് കൂടാതെ സമീപ സ്ഥലങ്ങളായ നരിയാപുരം, പന്തളം പ്രദേശങ്ങളിലും ഇപ്പോൾ കരിമ്പ് കൃഷിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.