നിശാഗന്ധിയെ ത്രസിപ്പിച്ച് മട്ടന്നൂരിന്റെ ഫ്യൂഷന്‍ മാജിക്ക്
text_fieldsതിരുവനന്തപുരം: പതിഞ്ഞ താളത്തില്‍ തുടങ്ങി നിശാഗന്ധിയിലെ കാണികളെ ആസ്വാദനത്തിന്റെ കൊടുമുടിയിലെത്തിച്ച് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍, പ്രകാശ് ഉള്ളിയേരി ടീമിന്റെ ഫ്യൂഷന്‍ സംഗീതം. ഓണം വാരാഘോഷത്തിൽ മട്ടന്നൂരിന്റെ ഫ്യൂഷന്‍ പരിപാടി കാണാന്‍ നേരത്തെ തന്നെ വിദേശ വിനോദ സഞ്ചാരികളടക്കമുള്ള മേള ആസ്വാദകര്‍ നിശാഗന്ധിയിലെത്തിയിരുന്നു. ചെണ്ടയുടെ വന്യമായ താളത്തിനൊപ്പം തബല, വയലിന്‍, ഡ്രംസ്, ഗിറ്റാര്‍, കീ ബോര്‍ഡ് എന്നിവ കൂടി ചേര്‍ന്നതോടെ നിശാഗന്ധി അക്ഷരാർഥത്തില്‍ ഇളകി മറിഞ്ഞു. നേരത്തെ കൃഷ്ണ സുരേഷിന്റെ കുച്ചുപ്പുടയും നിശാഗന്ധിയില്‍ നടന്നു.
പ്രധാന വേദിയായ നിശാഗന്ധിക്ക് പുറമെ ജില്ലയുടെ വിവിധയിടങ്ങളിലായി 31 ലധികം വേദികളിലാണ് ഓണം വാരാഘോഷത്തിന്റെ ഭാഗമായി കലാപ്രകടനങ്ങള്‍ അരങ്ങേറിയത്. കനകക്കുന്നിലെ തിരുവരങ്ങ്, സോപാനം വേദികളില്‍ നാടന്‍ കലകളായ നിണബലി, സര്‍പ്പംപാട്ടും തിരിയുഴിച്ചിലും, ദഫ്മുട്ട്, പാവനാടകം, നാടന്‍പാട്ടുകള്‍ എന്നിവ പുതുതലമുറക്ക് കൗതുകമുണര്‍ത്തി.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പിന്നണി ഗായിക സിതാര ബാലകൃഷ്ണന്‍ നയിച്ച സംഗീത വിരുന്നുകേള്‍ക്കാന്‍ നിരവധി പേരെത്തിയിരുന്നു. തൈക്കാട് പോലീസ് ഗ്രൗണ്ടില്‍ ജാസിഗിഫ്റ്റ് ബാന്‍ഡ്, പൂജപ്പുരയില്‍ അപര്‍ണ രാജീവിന്റെ ഗാനമേള, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പന്തളം ബാലന്റെ ഗാനമേള തുടങ്ങിയ പരിപാടികളിലും വന്‍ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. നെടുമങ്ങാട് ഓണോത്സവത്തിന്റെ ഭാഗമായി താമരശേരി ചുരം ബാന്‍ഡ് അവതരിപ്പിച്ച സംഗീതപരിപാടിയും ഹൃദ്യമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.