ഓണക്കാലത്ത് തൊഴിലാളികൾക്ക് 136 കോടി രൂപയുടെ അനുകൂല്യങ്ങൾ വിതരണം ചെയ്തെന്ന് വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: ഓണക്കാലത്ത് തൊഴിലാളികൾക്ക് കൈത്താങ്ങായി തൊഴിൽ വകുപ്പ് വിതരണം ചെയ്തത് 136 കോടി രൂപയുടെ അനുകൂല്യങ്ങളാണെന്ന് മന്ത്രി വി. ശിവൻകുട്ടി. പരമ്പരാഗത തൊഴിൽ മേഖലകളായ കയർ, കൈത്തറി, ഖാദി, ബീഡി, മത്സ്യ, ഈറ്റ,പനമ്പ് മേഖലകളിലെ 4,28,742 തൊഴിലാളികൾക്കായി 34 കോടി രൂപ സാമ്പത്തിക പിന്താങ്ങൽ പദ്ധതി പ്രകാരം അനുവദിച്ചു. പൂട്ടിക്കിടക്കുന്ന 427 കശുവണ്ടി ഫാക്ടറികളിലെ 18,925 തൊഴിലാളികൾക്ക് 2,250 രൂപ നിരക്കിൽ എക്സ്ഗ്രേഷ്യ വിതരണം നടത്തുന്നതിന് 4,25,81,250 രൂപ അനുവദിച്ചു.
മൂന്നുവർഷത്തിൽ താഴെയായി പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ 2,897 തൊഴിലാളികൾക്ക് 2,000 രൂപ നിരക്കിൽ 57,94,000 രൂപ അനുവദിച്ചു. അസംഘടിത മേഖലയിലെ ദിവസവേതനക്കാരായ തൊഴിലാളികൾക്കുള്ള ആശ്വാസ ധനസഹായമായി 941 പേർക്ക് 2,000 രൂപ നിരക്കിൽ 18,82,000 രൂപ അനുവദിച്ചു. അവശത അനുഭവിക്കുന്ന മരം കയറ്റ് തൊഴിലാളികൾക്ക് അവശത പെൻഷൻ കുടിശിക ഉൾപ്പെടെ 1,350 പേർക്ക് 1,74,69,100 രൂപ അനുവദിച്ചു. ജോലിക്കിടെ അപകടം സംഭവിച്ച മരം കയറ്റ തൊഴിലാളികൾക്ക് ഒറ്റത്തവണ ധനസഹായമായി 152 പേർക്ക് 1,05,15,000 രൂപ അനുവദിച്ചു.
റീഹാബിലിറ്റേഷൻ പ്ലാന്റേഷനിലെ തൊഴിലാളികൾക്ക് ബോണസ് നൽകുന്നതിന് വേണ്ടി ഒരുകോടി രൂപ അനുവദിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോം വിതരണവുമായി ബന്ധപ്പെട്ട് കൈത്തറി തൊഴിലാളികൾക്ക് കൂലി ഇനത്തിൽ നൽകാനുള്ള 25 കോടി രൂപ അനുവദിച്ചു. സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് ജൂൺ,ജൂലൈ മാസങ്ങളിലെ ഓണറേറിയമായി 50.12 കോടി രൂപ അനുവദിച്ചു.
സംസ്ഥാനത്ത് ബോണസുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചുവെന്ന് വി. ശിവൻകുട്ടി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.