ഓണവിപണിക്ക് ആശ്വാസമായി പച്ചക്കറി വില കുറയുന്നു
text_fieldsമൂവാറ്റുപുഴ: ഓണക്കാലമായതോടെ പച്ചക്കറിയുടെ വില താഴുന്നു. തക്കാളി വില കൂപ്പുകുത്തി. ഇഞ്ചി വിലയും പകുതിയിൽ താഴെ എത്തി. കുതിച്ചുയർന്നുപോയ പച്ചക്കറി വില താഴേക്ക് എത്തിയതോടെ ഓണം വിപണി സാധാരണക്കാർക്ക് ആശ്വാസമാകും. എന്നാൽ, ഓണം അടുക്കുന്നതോടെ പച്ചക്കറി വിലയിൽ ചെറിയ വർധന വരുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. മഴയും വരൾച്ചയുംമൂലം അയൽസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കെത്തുന്ന പച്ചക്കറിയുടെ വരവ് ഇനിയും പൂർണ തോതിൽ ആയിട്ടില്ല. കിലോക്ക് 180 രൂപ വരെ എത്തിയ തക്കാളി വില 43 രൂപയിലേക്ക് കുറഞ്ഞു. ഇഞ്ചി വില 300 ൽനിന്ന് 100ലേക്ക് താഴ്ന്നു. തക്കാളി, പച്ചമുളക് എന്നിവയുടെ വില ഉയർന്ന നിലയിൽ ഏറെ നാളുകൾ തുടർന്നത് ഉൽപാദനം കുറഞ്ഞതു മൂലമാണ്. തമിഴ്നാട്ടിൽ വരൾച്ചയാണ് ഇത്തവണ പ്രശ്നമായത്. തമിഴ്നാട്ടിൽ പച്ചക്കറി കൃഷിക്ക് ഉൽപാദനം കുറഞ്ഞതോടെ ഒട്ടൻചത്രം, പഴനി, മധുര, ദിണ്ഡിഗൽ, ഉൾപ്പെടെയുള്ള ഭാഗങ്ങളിൽനിന്നുള്ള പച്ചക്കറി വരവ് വൻതോതിൽ കുറഞ്ഞു. മുളക് -55, പയർ -30, വെണ്ടക്ക -28, ബീൻസ് -42, പാവക്ക -47, കാരറ്റ് -56, കോവക്ക -36, പടവലം -49, ബീറ്റ്റൂട്ട് -37, ചേന -52, കാബേജ് -37, മുരിങ്ങ -28, കിഴങ്ങ് -28, ഉള്ളി -66, വെളുത്തുള്ളി -155 എന്നിങ്ങനെയാണ് ചൊവ്വാഴ്ചത്തെ മൊത്ത വിപണിയിലെ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.