ഓണത്താറാടിവരുന്നേ...
text_fieldsഅയൽപക്കങ്ങളിൽ ഓണം അതിരിടാതെ നിറഞ്ഞിരുന്ന നാളുകളെക്കുറിച്ച് പറയുമ്പോൾ മന്ത്രി ജെ. ചിഞ്ചുറാണിയുടെ വാക്കുകളിൽ നിറയെ ഗൃഹാതുരത്വം. ഇന്ന് മതിലുകൾ അതിര് തീർക്കുന്ന വീടുകൾക്കുള്ളിൽ ഓണം തളക്കപ്പെട്ടുപോയല്ലോ...
നേർത്ത തണുപ്പിന്റെ പുലർകാലങ്ങളിൽ ഒരുപിടി പൂവിതളുകൾ തേടിപ്പോകുന്ന കുട്ടിക്കാലം. ഏറ്റവും നല്ല പൂക്കൾ കിട്ടണം, ഒരുപാട് പൂക്കൾ കിട്ടണം. കുട്ടിക്കൂട്ടം അതിനായി കണ്ണു തിരുമ്മിത്തുറന്ന്, ഉറക്കം പാതിയിൽ കളഞ്ഞു പോകുമ്പോൾ കിഴക്കൻ ആകാശത്ത് വെട്ടം വീണു തുടങ്ങിയിട്ടുണ്ടാകില്ല. ഉറക്കം പോയാൽ എന്താ, നാട്ടുമണം നിറഞ്ഞ നല്ലൊരു പൂക്കളം ഒരുക്കാമല്ലോ എന്ന ചിന്തയിൽ നാടുതോറും പൂക്കൾ തേടി നടന്ന കുട്ടിക്കാലത്തെ ഓണം ഓർക്കുന്ന ആ പഴയ പെൺകുട്ടി ഇന്ന് നാടിന്റെ മന്ത്രിയാണ്. അയൽപക്കങ്ങളിൽ ഓണം അതിരിടാതെ നിറഞ്ഞിരുന്ന ആ നാളുകളെക്കുറിച്ച് പറയുമ്പോൾ ജെ. ചിഞ്ചുറാണി എന്ന മന്ത്രിയുടെ വാക്കുകളിൽ നിറയെ ഗൃഹാതുരത്വം.
‘ഓണം വരാൻ വേണ്ടി കാത്തിരിക്കുന്ന കാലമുണ്ടായിരുന്നു. പുത്തൻ ഉടുപ്പുകൾ കിട്ടുമല്ലോ, ആ ഡ്രസ് ഒക്കെ ഇട്ട് എവിടെപ്പോണം എന്നതൊക്കെ ആയിരുന്നു അന്നത്തെ വലിയ കാര്യങ്ങൾ. അച്ഛന്റെ കൈപിടിച്ച് കൊല്ലം ബീച്ചിലൊക്കെ പോകുന്ന സന്തോഷ ദിനങ്ങളായിരുന്നു ഞങ്ങൾക്ക് ഓണക്കാലം. അത്തം തുടങ്ങിക്കഴിഞ്ഞാൽ പിന്നെ രാവിലെ കൂടയുമായി പൂപറിക്കാൻ പോകും. വീട്ടു പൂന്തോട്ടങ്ങളല്ല, കുറ്റിക്കാടുകൾ ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. വേലികളിൽ നിൽക്കുന്ന സൂര്യകാന്തിയും ചെമ്പരത്തിയും ശംഖുപുഷ്പവും, കാവുകളിൽ പടർന്നു കിടക്കുന്ന കാളപ്പൂവ്, വയലറ്റ് ശോഭ നിറക്കുന്ന തൊട്ടാവാടി... അങ്ങനെ പൂക്കൾ പലവിധം തേടി കുട്ടിക്കൈകൾ അലഞ്ഞു നടക്കും. രാവിലെ ആദ്യം പോകുന്നവർക്കാണ് നല്ല പൂക്കൾ കിട്ടുന്നത്. അതുകൊണ്ട് ആദ്യം പോകാനായിരിക്കും ശ്രമം. പുലർച്ച അഞ്ചിനൊക്കെ കാടും മേടും പരതി പറിച്ചെടുത്ത പൂക്കളുമായി വീട്ടിലെത്തിയാൽ കുളിച്ചൊരുങ്ങി, മുറ്റത്ത് ചാണകം മെഴുകി പൂക്കളം ഒരുക്കാനായി പിന്നെ ആവേശം. അച്ഛന്റെ കരിക്കോടുള്ള വലിയ കൂട്ടുകുടുംബത്തിലെ ഓണാഘോഷം മനസ്സുനിറക്കുന്ന ഓർമയാണ്. എട്ട് സഹോദരങ്ങളാണ് ഞങ്ങൾ. പല ദിക്കുകളിൽനിന്ന് ഓണം കൂടാൻ എത്തുന്ന സ്വന്തക്കാരായ എല്ലാ കുട്ടിക്കൂട്ടങ്ങളും അയൽ ബന്ധങ്ങളും കൂടി ചേരുമ്പോൾ അക്ഷരാർഥത്തിൽ ആഘോഷം പൊടിപൊടിക്കും. തുമ്പി തുള്ളലും വടംവലിയും ഊഞ്ഞാലാട്ടവും സദ്യവട്ടവും, ആഘോഷ നിമിഷങ്ങൾ ഓരോന്നും കൺമുന്നിൽ നിൽക്കുന്നു.’
അന്നത്തെ കുടുംബങ്ങളിൽ നിറഞ്ഞിരുന്ന അത്തരം ഓണനിറവുകൾ ഇപ്പോഴില്ല എന്നത് സങ്കടകരമെന്ന് പറയുകയാണ് മന്ത്രി. ഇന്ന് പുലർകാലങ്ങളിൽ കുസൃതി നിറച്ച് മത്സരിച്ച് പൂക്കൾ തേടിയിറങ്ങുന്ന കുട്ടിക്കൂട്ടങ്ങൾ ഇല്ല. പൂക്കൾ പൂത്തു പടരുന്ന ൈകയാലകൾ ഇല്ല. ഇന്ന് മതിലുകൾ അതിര് തീർക്കുന്ന വീടുകൾക്കുള്ളിൽ ഓണം തളക്കപ്പെട്ടുപോയല്ലോ.... കൂട്ടുകുടുംബങ്ങളും മുറ്റം നിറഞ്ഞു കവിയുന്ന ഒത്തുചേരലുകളും ഇന്നില്ല. മൂന്നും നാലും പേരടങ്ങുന്ന കുടുംബത്തിൽ, അവരുടേതായ സന്തോഷം മാത്രം നിറയുന്നതാണ് ഇപ്പോൾ ഓണം. ആധുനിക കാലത്ത് ഓണമെന്താണെന്ന് പൂർണ അർഥത്തിൽ അറിയാനും ആർക്കും സമയമില്ല. ഇല്ലായ്മയുടെ പഴയ കാലം വെച്ചുനോക്കുമ്പോൾ ഇപ്പോൾ എല്ലാ ദിവസവും ഓണമാണല്ലോ. ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യവുമായി സർക്കാറും സമൂഹവും മുന്നിൽ നിൽക്കുമ്പോൾ ഓണത്തിന് കൂടുതൽ നിറവ് കൈവരുന്നതായി പറയുകയാണ് മന്ത്രി.
ചെറുപ്പത്തിൽ ഒത്തൊരുമയുടെ ഓണം ആഘോഷിച്ച് ശീലിച്ചതിനാൽ ഇപ്പോഴും ഒത്തു ചേരലുകളുടെ സന്തോഷ നിമിഷങ്ങളോട് ആണ് മന്ത്രിക്കും കുടുംബത്തിനും പ്രിയം. കൊല്ലം നീരാവിലിൽ ഭർത്താവ് ഡി. സുകേശനും മകൻ നന്ദുവും മകൾ നന്ദനയും അടങ്ങുന്ന കുടുംബം ഓരോ ഓണ ദിനവും ഓരോ സഹോദരങ്ങളുടെ വീട്ടിലാണ് ആഘോഷിക്കുന്നത്.
പ്രിയപ്പെട്ടവരെ ഓർത്ത്
ഇത്തവണ ഓണം വരുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഒരു പൂവിതൾപോലും അവശേഷിക്കാതെ ഉരുളെടുത്ത് പോയ വയനാടിന്റെ മണ്ണിനെക്കുറിച്ച്, ആഘോഷങ്ങൾ പങ്കുവെക്കാൻ പ്രിയപ്പെട്ടവരില്ലാതായ പ്രിയ സഹോദരങ്ങളെക്കുറിച്ച് വേദനയോടെ പറഞ്ഞുവെക്കാതെ പോകുന്നതെങ്ങനെ... ഇത്തവണത്തെ ഓണാഘോഷത്തിന് ഒരു മങ്ങലുണ്ടെന്ന് മന്ത്രി പറയുന്നത് ആ ദുഃഖത്തിന്റെ ഒപ്പം ചേർന്നുനിന്നുകൊണ്ടാണ്. ‘ഇത്തവണ ഓണാഘോഷം തിരുവനന്തപുരത്ത് വളരെ വിപുലമാക്കാനും എല്ലാ ജില്ലകളിലും ആഘോഷങ്ങൾ സംഘടിപ്പിക്കാനുമാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായി ഉണ്ടായ വയനാട് ദുരന്തം ഔദ്യോഗിക ഓണാഘോഷം വേണ്ടെന്ന് വെക്കാനുള്ള തീരുമാനത്തിലെത്തിച്ചു.
മരണം കയറിയിറങ്ങിപ്പോയ ആ നിസ്സഹായ മനുഷ്യർക്ക് ഒരു ഓണമുണ്ടാകുമോ എന്ന് ആലോചിക്കാൻപോലും കഴിയാത്ത ഈ അവസ്ഥയിൽ അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള സഹായം നീട്ടുകയാണ് സർക്കാറും നമ്മുടെ നാട്ടുകാരും. ആഘോഷങ്ങളില്ലാത്ത ഓണാഘോഷമാണ്. എന്നാൽ, എല്ലാ സങ്കടങ്ങളെയും മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയുടെ പൂക്കളങ്ങൾ ഇത്തവണയും ഒരുങ്ങേണ്ടതുണ്ട്.’ -മന്ത്രി പറയുന്നു.
നന്മകൾ ഉള്ളവരാവാം, മാനവികതയുടെ കാവലാളാകാം
രുമിച്ചോണം, ഒത്തൊരുമിച്ചോണം എന്ന സന്ദേശമായിരുന്നു നമുക്ക് ഓണം തന്നിട്ടുള്ളത്. കാണം വിറ്റും ഓണമുണ്ണണം എന്ന മഹത്തായ ഒരു കൂട്ടുകുടുംബ സങ്കീർത്തനമായിരുന്നു ഓണം. ഇന്ന് അവനവന്റെ ഓണം എന്ന നിലയിലേക്ക് അതൊക്കെ ചുരുങ്ങിയിരിക്കുന്നു. ആ സംസ്കാരത്തിനാണ് മാറ്റം വരേണ്ടത്. ആ മഹത്തായ സോഷ്യലിസ്റ്റ് ക്രമം തിരിച്ചു കൊണ്ടുവരുവാൻ വീട്ടിൽനിന്ന് തന്നെയാണ് തുടക്കം കുറിക്കേണ്ടത്. സഹജീവികളോട് കരുണ കാണിക്കേണ്ടത്, ഓണമില്ലാത്തവരെ ചേർത്തുപിടിക്കേണ്ടത്, ഒന്നുമില്ലാത്തവർക്ക് ഒരു തുമ്പപ്പൂവിന്റെ സൗരഭ്യമെങ്കിലും കൊടുക്കേണ്ടത് നമ്മുടെ കടമയും പ്രതിബദ്ധതയുമാണ്. മരിച്ചവരെ തിരിച്ചു കൊണ്ടുവരുവാൻ നമുക്കാവില്ല. വയനാട്ടിലൊക്കെ ജീവിച്ചിരിക്കുമ്പോഴും നഷ്ടപ്പെട്ടുപോയ ജീവിതങ്ങൾക്ക് ഇനിയും ഉയിർ കൊടുക്കേണ്ടതുണ്ട്. അതിനുള്ള ശ്രമം കൂടി ആവട്ടെ ഈ ഓണം. ഓണസദ്യക്കും പൂക്കളങ്ങൾക്കുമൊപ്പം ആഘോഷിക്കുമ്പോൾ മാനവികതയുടെ പടപ്പാട്ടുകാരായികൂടി മാറാൻ ഓരോരുത്തർക്കും കഴിയണം. സഹജാവബോധമുള്ള ഓർമകൾക്കൊപ്പം സഞ്ചരിക്കുവാൻ എല്ലാവർക്കും കഴിയട്ടെ. എല്ലാവർക്കും ഒരു നല്ല ഓണമാകട്ടെ, നന്മയും നേരുന്നു.
ജെ. ചിഞ്ചുറാണി, ക്ഷീരവികസന - മൃഗസംരക്ഷണ മന്ത്രി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.