ഡൽഹിയുടെ ഓണപ്പാച്ചിൽ
text_fieldsഡൽഹി മലയാളികൾ ഓണത്തിനായി കാത്തിരിക്കുന്നതുപോലെ മറ്റൊരു ഉത്സവത്തിനും ഒരുപക്ഷേ ഇത്രയധികം ഒരുക്കങ്ങളുമായി കാത്തിരുന്നിട്ടുണ്ടാവില്ല. പരിമിതികളെ മറികടന്നു നാട്ടിലെ ആഘോഷങ്ങളെ വെല്ലുന്ന രീതിയിലാണ് ഡൽഹിയിലെ ഓരോ വർഷത്തെയും ഓണാഘോഷം
മലയാളികളുടെ ഹൃദയങ്ങളിൽ അത്രയേറെ ആഴത്തിൽ പതിഞ്ഞ ഉത്സവമാണ് ഓണം. ഓണക്കാലം കേരളത്തിലെ ആബാലവൃദ്ധം ജനങ്ങൾക്കും ആഹ്ലാദത്തിന്റെ കാലമാണ്. കണ്ണീർ പൊഴിക്കുന്ന കർക്കടകത്തിൽ നിന്നും മന്ദഹാസം തൂകുന്ന ചിങ്ങത്തിലെത്തുമ്പോൾ പ്രകൃതിക്കു പോലുമുണ്ട് ഒരു വല്ലാത്ത മനോഹാരിത. കേരളീയരുടെ ദേശീയ ഉത്സവമായ ഓണം, കേരളത്തിന് പുറത്തുള്ളവരും വിപുലമായി ആഘോഷിക്കാറുണ്ട്.
ആഹ്ലാദത്തിന്റെ പൂക്കളമിട്ടും സംതൃപ്തിയുടെ സദ്യയുണ്ടും ലോകമെങ്ങും മലയാളികൾ തിരുവോണം ആഘോഷിക്കുമ്പോൾ ഡൽഹി മലയാളികളും ഓണാഘോഷ നിറവിലാണ്. ഡൽഹി മലയാളികൾ ഓണത്തിനായി കാത്തിരിക്കുന്നതുപോലെ മറ്റൊരു ഉത്സവത്തിനും ഒരുപക്ഷേ ഇത്രയധികം ഒരുക്കങ്ങളുമായി കാത്തിരുന്നിട്ടുണ്ടാവില്ല.
പരിമിതികളെ മറികടന്നു നാട്ടിലെ ആഘോഷങ്ങളെ വെല്ലുന്ന രീതിയിലാണ് ഡൽഹിയിലെ ഓരോ വർഷത്തെയും ഓണാഘോഷം. നാട്ടിൽ കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാമായി ആഘോഷിക്കുമ്പോൾ മനസ്സ് നിറയുന്ന പോലെ തന്നെയാണ് ഡൽഹിയിലും ഓണാഘോഷം. മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനങ്ങളെല്ലാം സദ്യ ഒരുക്കിയും പൂക്കളമിട്ടും ഓണം ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ്. നവീനമായ ആശയങ്ങൾ കൊണ്ട് ഇക്കുറിയും ഓണം ഡൽഹിക്കാർ കൊണ്ടാടും.
മലയാളികൾ ഉള്ളിടത്തെല്ലാം മലയാളികടകളും സാധാരണയാണ്. സദ്യ കഴിക്കാനുള്ള വാഴയില മുതൽ നാട്ടു പച്ചക്കറികളും പൂക്കളത്തിനുള്ള മല്ലിയും ജമന്തിയും ഉൾപ്പെടെ പൂക്കളുമായും കടകൾ സജീവമാണ്. മലയാളികൾ കൂടുതൽ താമസിക്കുന്ന പ്രദേശത്തെ ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ ഓണച്ചന്തയും തകൃതിയാവുന്നു. വെണ്ടക്ക, പാവക്ക, ബീറ്റ് റൂട്ട്, പടവലങ്ങ, മത്തങ്ങ, വെള്ളരിക്ക, പയര്‍, പച്ചക്കായ, മുരിങ്ങക്ക, കുമ്പളങ്ങ തുടങ്ങി സകല നാട്ടുപച്ചക്കറികളും ഓണച്ചന്തകളിലുണ്ട്. പോക്കറ്റ് കീറാതെ സദ്യയൊരുക്കാൻ മികച്ച വിലക്കിഴിവ് നൽകുന്ന കടകളുമുണ്ട്.
നിരവധി മലയാളി കൂട്ടായ്മകളുള്ള ഇടം കൂടിയാണ് ഡൽഹി. അതിനാൽ, മലയാളി സംഘടനകളുടെയും കൂട്ടായ്മകളുടെയും എല്ലാം നേതൃത്വത്തിൽ വിപുലമായ ഓണാഘോഷങ്ങൾ എല്ലാവർഷവും സംഘടിപ്പിക്കാറുണ്ട്. ഓണസദ്യയും കലാപരിപാടികളും ഒക്കെയായി രാവിരിട്ടുവോളം ഓണാഘോഷത്തിൽ അലിഞ്ഞുചേരും. മറുനാട്ടിൽ ആണെന്ന തോന്നൽ പോലും ഈ ആഘോഷ പൊലിമയിൽ ഇല്ലാതാകും. ഓരോ കൂട്ടായ്മകളും വാശിയോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. പരസ്പരം ആഘോഷത്തിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുകയും ചെയ്യും. കേരള ഹൗസിൽ നടക്കുന്ന ഓണാഘോഷത്തിലും സദ്യയിലും ഓരോ വർഷവും നിരവധി ആളുകളാണ് പങ്കെടുക്കുന്നത്.
മലയാളികൾ അല്ലാത്ത നിരവധിയാളുകളും ഓണാഘോഷത്തിന്റെ ഭാഗമാകും. പൂക്കള മത്സരത്തിൽ ഉൾപ്പെടെ നിരവധിപ്പേർ പങ്കെടുക്കും. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടികളും രാജ്യതലസ്ഥാനത്ത് നടക്കാറുണ്ട്. കൂടാതെ മലയാളി വിദ്യാർഥികൾ പഠിക്കുന്ന ജവഹർലാൽ നെഹ്റു സർവകലാശാല, ഡൽഹി യൂനിവേഴ്സിറ്റി തുടങ്ങിയ യൂനിവേഴ്സിറ്റികളിലും വിദ്യാർഥികളുടെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷങ്ങൾ മുടങ്ങാതെ നടക്കാറുണ്ട്. ഒത്തൊരുമയോടെ എല്ലാവരെയും ചേർത്തു നിർത്തിയുള്ള മറുനാട്ടിലെ ഓണം പ്രത്യേക അനുഭവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.