ഓണാഘോഷത്തിന് തിങ്കളാഴ്ച കൊടിയിറക്കം
text_fieldsതിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് കൊണ്ട് വര്‍ണശബളമായ സാംസ്‌ക്കാരിക ഘോഷയാത്ര തിങ്കളാഴ്ച അനന്തപുരിയില്‍ നടക്കും. വൈകീട്ട് അഞ്ചിന് മാനവീയം വീഥിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും.
ഇന്ത്യയുടേയും കേരളത്തിന്റെയും വൈവിധ്യമാര്‍ന്ന കലാ - സാംസ്‌ക്കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങള്‍ക്കും കലാരൂപങ്ങള്‍ക്കും വാദ്യഘോഷങ്ങള്‍ക്കുമൊപ്പം കേരള പൊലീസിന്റെ അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാന്‍ഡുകളും ഘോഷയാത്രയില്‍ അണിനിരക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സഹകരണ, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങള്‍ ഘോഷയാത്രയില്‍ പങ്കാളികളാകും. പത്ത് ഇതരസംസ്ഥാനങ്ങളിലേയും കേരളത്തിലേയും തനത് കലാരൂപങ്ങള്‍ ഉള്‍പ്പെടെ എണ്‍പതോളം കലാരൂപങ്ങള്‍ ഘോഷയാത്രയ്ക്ക് മിഴിവേകും.
ആകെ 76 ഫ്‌ളോട്ടുകളും 77 കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി അണിനിരക്കും. മുത്തുക്കുടയുമായി എന്‍.സി.സി. കേഡറ്റുകള്‍ ഘോഷയാത്രയുടെ മുന്നിലുണ്ടാകും. യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ നിര്‍മ്മിച്ചിരിക്കുന്ന വി.വി.ഐ.പി. പവലിയനിലാകും മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ ഘോഷയാത്ര വീക്ഷിക്കുക.
പബ്ലിക് ലൈബ്രറിയുടെ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന വി.ഐ.പി പവലിയനില്‍ ഇരുന്നൂറോളം ഭിന്നശേഷിക്കുട്ടികള്‍ക്ക് ഘോഷയാത്ര വീക്ഷിക്കാനുള്ള സൗകര്യമൊരുക്കും. ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങള്‍ക്കും സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള കെയര്‍ ഹോമിലെ അന്തേവാസികള്‍ക്കും ഘോഷയാത്ര വീക്ഷിക്കാന്‍ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.
ഇന്ന് വൈകീട്ട് മൂന്നിന് ശേഷം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. ഇതിനുപുറമെ വെള്ളയമ്പലം നിര്‍മലാ ഭവന്‍, ക്രൈസ്റ്റ് നഗര്‍ എന്നീ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച പൂര്‍ണമായും അവധി നല്‍കിയിട്ടുണ്ട്.ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
22 സി.ഐമാരുടെയും 75 എസ്.ഐമാരുടെയും നേതൃത്വത്തില്‍ ആയിരത്തോളം പൊലീസുകാര്‍
22 സി.ഐമാരുടെയും 75 എസ്.ഐമാരുടെയും നേതൃത്വത്തില്‍ ആയിരത്തോളം പൊലീസുകാര്‍, 200 വനിതാ പൊലീസ്, ഷാഡോ, മഫ്തി പൊലീസുകാര്‍ എന്നിവരും മുഴുവന്‍ സമയ ഡ്രോണ്‍ നിരീക്ഷണവുമുണ്ടാകും. ഘോഷയാത്ര കടന്നുപോകുന്ന വെള്ളയമ്പലം മുതല്‍ കിഴക്കേകോാട്ട വരെയുള്ള പ്രദേശം വിവിധ സെക്ടറുകളായി തിരിച്ചാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാതയുടെ ഇരുവശവുമായി നിന്ന് പൊതുജനങ്ങള്‍ക്ക് ഘോഷയാത്ര വീക്ഷിക്കാനുള്ള സൗകര്യമുണ്ട്. പൂര്‍ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടായിരിക്കും ഘോഷയാത്ര.
വൈകീട്ട് ഏഴിന് നിശാഗന്ധിയില്‍ നടക്കുന്ന ഓണംവാരാഘോഷ സമാപന സമ്മേളനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. സമാപന സമ്മേളനത്തില്‍ ഈ വര്‍ഷം ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനവും മാധ്യമ പുരസ്‌കാരങ്ങളും വിതരണം ചെയ്യും.
സമാപന സമ്മേളനത്തില്‍ ചലച്ചിത്രതാരം ആസിഫ് അലി മുഖ്യാതിഥിയാകുമെന്നും മന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡി.കെ.മുരളി എം.എല്‍.എ, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി.കെ.അനില്‍കുമാര്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ പി.ബി.നൂഹ്, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.