'ഓണം വരുമ്പോൾ ഉള്ളിൽ ഒരു നീറ്റലാ...'; ടി.പിയുടെ ഓർമകളുമായി കെ.കെ. രമ
text_fieldsഓർമകളുടെ ഓണം
ഓണം പലപ്പോഴും ഓർമകളുടേതാണ്. ഓർമകളിലെ ഓണം അത്, പറഞ്ഞറിയിക്കാൻപറ്റാത്ത ഒന്നാണെന്ന് കെ.കെ. രമ എം.എൽ.എ പറയുന്നു. ഓണത്തെ കുറിച്ചുള്ള ഓർമകൾ തിരക്കിയപ്പോൾ അത്, വേണോ എന്നായി. പിന്നെ പതുക്കെ പറഞ്ഞുതുടങ്ങി. എനിക്ക് ഓണം 2012 മേയ് നാലിനു മുമ്പും പിൻപുമായി വിഭജിക്കപ്പെട്ടിരിക്കുന്നു (2012 മേയ് നാലിനാണ് ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നത്).
ശരിക്കും അത്, രണ്ടുകാലമായി കിടക്കുകയാണ്. ഇക്കാര്യത്തിൽ എന്റെ മനസ്സ് പകർന്നുവെക്കാൻ ഭാഷ അപൂർണമാണെന്ന് തോന്നുന്നു. അത്രമേൽ ഉള്ളിൽ കിടക്കുകയാണ്. നടുവണ്ണൂരിലെ സ്വന്തം വീട്ടിൽനിന്ന് സഖാവ് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയായി ഒഞ്ചിയത്ത് എത്തിയപ്പോഴാണ് ഓണത്തിന് ഇത്ര തിളക്കംകൂടിയതെന്ന് തോന്നുന്നു. അതിന് കാരണങ്ങൾ ഏറെയാണെന്ന് ഇന്നെനിക്കറിയാം. അത്, പറഞ്ഞറിയിക്കുക അസാധ്യമാണെന്നും. കാരണം, മറ്റ് ദിവസങ്ങളിലെല്ലാം തിരക്കിലായിരിക്കും ചന്ദ്രേട്ടൻ. എന്നാൽ, ഓണവും വിഷുവും തിരക്ക് മാറ്റിവെച്ച് വീട്ടിലായിരിക്കും. അതാണതിന്റെ ഏറ്റവും വലിയ സവിശേഷത.
ഒന്നിച്ചിരുന്ന ഓണം
അറിയാലോ, സഖാവിനെപ്പോലൊരു പൊതുപ്രവർത്തകന് വീട് നാടായിത്തീരുക സ്വാഭാവികമാണ്. നാട് വീടാകുമ്പോൾ എപ്പോൾ എവിടെ നിന്ന് ഭക്ഷണം എന്നൊന്നും ഉണ്ടാകില്ല. പല പ്രശ്നങ്ങൾക്ക് പിന്നാലെയുള്ള ഓട്ടത്തിനിടയിൽ അതൊക്കെ അങ്ങ് നടക്കും. പിന്നെ വീടെത്തുമ്പോൾ നേരം വൈകും. ഇതായിരുന്നു ഞങ്ങളുടെ ജീവിതത്തിൽ ഏറെയും നടന്നത്.
ഞാനും നേരത്തെതന്നെ പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായതിനാൽ അതറിയാമായിരുന്നു. എന്നാൽ, പൂർണമായി നാടിന്റെ ഭാഗമായൊരാൾ, അതായിരുന്നു സഖാവ് ടി.പി. ചന്ദ്രശേഖരൻ. അതുകൊണ്ടുതന്നെ ഓണം, വിഷു ദിവസങ്ങൾ തീർത്ത സന്തോഷം ഏറെയാണ്. അത്തരം വിശേഷദിവസങ്ങൾ വരാൻ കൊതിച്ചിരിക്കും. എന്താണെന്നോ, അന്ന് ഒന്നിച്ച് ഭക്ഷണം കഴിക്കാനുണ്ടാകും. ഒന്നോർത്താൽ അത്തരം വേളകളിൽ മാത്രമാണ് വീട്ടിൽനിന്ന് ഒന്നിച്ച് ഭക്ഷണം കഴിച്ചിട്ടുള്ളൂ എന്ന് പറയേണ്ടിവരും. അപൂർവം സന്ദർഭങ്ങളില്ലെന്നല്ല.
പക്ഷേ ഓണം, വിഷു പ്രത്യേകതതന്നെയാണ്. ഒന്നിച്ച് ഭക്ഷണം കഴിക്കുന്നത് മാത്രമല്ല, പാചകം പൂർണമായും സഖാവിന്റെ നിയന്ത്രണത്തിലായിരിക്കും. അതിനാൽ, ഭക്ഷണം ഒരുക്കുന്നതിൽ എനിക്ക് ലവലേശം ആശങ്കയുണ്ടായിരുന്നില്ല. പ്രത്യേകിച്ച് മീനും ഇറച്ചിയും. ചന്ദ്രേട്ടൻ ഒരുക്കുന്ന പായസം ഒന്നുവേറെ തന്നെയാണ്. എല്ലാറ്റിന്റെയും ആദ്യവസാനം അദ്ദേഹം ഒപ്പമുണ്ടാകും. അതൊരു അനുഭവമാണ്. ഒപ്പം, മകൻ നന്ദുവും (അഭിനന്ദ്) കൂടുന്നതോടെ ഓണം നല്ലോർമയായി.
എന്റെ മനസ്സിൽ മായാതെകിടക്കുന്ന ഓർമകൾ. ഇപ്പോൾ, ഓണം വരുമ്പോൾ, ഓർമകളുടെ ഒരു വേലിയേറ്റമാണ്. ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത ഓണദിനങ്ങൾ... കെ.കെ. രമയുടെ മനസ്സിൽ ടി.പി. ചന്ദ്രശേഖരനുമൊത്തുള്ള ഓണദിനങ്ങൾ മായാതെകിടക്കുകയാണ്. രമ ഇത്രമാത്രം പറയുന്നു, ''ഏറെ അനുഭവങ്ങൾ പറയാനുണ്ട്, ഓണത്തെ കുറിച്ചായതിനാൽ നല്ല അനുഭവങ്ങളാണ്. ഇക്കഴിഞ്ഞ 10 വർഷവും ഓണം വരുമ്പോൾ, ഉള്ളിൽ ഒരു നീറ്റലാ.. വേണ്ട...''
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.