ഓണം... പൊന്നോണം; പതിന്മടങ്ങ് ആവേശത്തോടെ തിരുവോണത്തെ തിരിച്ചുപിടിച്ച് മലയാളികൾ
text_fieldsകോഴിക്കോട്: ഇന്ന് പൊന്നിൻചിങ്ങമാസത്തിലെ തിരുവോണം. കള്ളവും ചതിയുമില്ലാത്ത ഒരു കാലത്തിന്റെ ഓര്മ പുതുക്കുന്ന ദിനം. മാവേലിയെ വരവേല്‍ക്കാൻ മലയാളക്കര ഒന്നടങ്കം ഒരുങ്ങി. കാർഷികസമൃദ്ധിയുടെ നിറവിലായിരുന്നു മലയാളി മുമ്പ് ഓണം കൊണ്ടാടിയിരുന്നത്. കൃഷിയും കാര്‍ഷികസമൃദ്ധിയും പഴങ്കഥയായി മാറിയിട്ടും ഓണാഘോഷങ്ങള്‍ക്ക് പൊലിമ ഒട്ടും കുറവില്ല. കോവിഡ് മഹാമാരിയിൽ പൂർണമായും മുങ്ങിപ്പോയ ഓണക്കാലത്തിന്റെ നഷ്ടസ്മൃതികൾ മറികടക്കാൻ പതിന്മടങ്ങ് ആവേശത്തോടെയാണ് ഇത്തവണ ഓണം ആഘോഷിക്കുന്നത്.
കേരളം വാണിരുന്ന നീതിമാനായ രാജാവ് മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിവസമാണ് തിരുവോണമെന്നാണ് ഐതിഹ്യം. പുതുവസ്ത്രങ്ങള്‍ അണിഞ്ഞ്, പൂക്കളമിട്ടും തുമ്പിതുള്ളിയും ഊഞ്ഞാലാടിയും കുടുംബാംഗങ്ങള്‍ ഒരുമിച്ച് ഓണസദ്യ കഴിച്ചും മലയാളികൾ തിരുവോണത്തിന് ആഹ്ലാദം പങ്കുവെക്കും.
പാടത്തും പറമ്പിലും സ്വർണം വിളയിക്കുന്ന കര്‍ഷകര്‍ക്ക് ഓണം വിളവെടുപ്പിന്റെ ഉത്സവംകൂടിയാണ്. ഓണേശ്വരന് അഥവാ ഓണപ്പൊട്ടന് ഇല്ലാതെ മലബാറുകാരുടെ ഓണം പൂർത്തിയാകില്ല. ഓണത്തിന്റെ വരവറിയിച്ച് ഐശ്വര്യത്തിനായി വീടുതോറും സന്ദര്‍ശിക്കുന്ന ഓണത്തെയ്യങ്ങളാണ് ഓണപ്പൊട്ടൻ. ഓലക്കുടയും ഓട്ടുമണിയുമണിഞ്ഞ ഓണപ്പൊട്ടന് സന്ദര്‍ശനം നടത്തുന്നതിലൂടെ വീടിന് ഐശ്വര്യമുണ്ടാകുമെന്നാണ് വിശ്വാസം. കൈതനാരുകൊണ്ട് മുടിയും കുരുത്തോലക്കുടയും മുഖത്ത് ചായവുമാണ് ഓണപ്പൊട്ടന്റെ വേഷം. കോവിഡ് കാലത്ത് ഓണപ്പൊട്ടന്റെ വരവിനും നിയന്ത്രണങ്ങളുണ്ടായിരുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള മലയാളികൾക്ക് ഓണം ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്മതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.