Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightOnamchevron_rightബഹ്റൈന്റെ ഔ​ദ്യോഗിക...

ബഹ്റൈന്റെ ഔ​ദ്യോഗിക മാവേലി അച്ചായൻ

text_fields
bookmark_border
ബഹ്റൈന്റെ ഔ​ദ്യോഗിക മാവേലി അച്ചായൻ
cancel
പ്രവാസി സംഘടനകൾ സജീവമായിത്തുടങ്ങിയ ആദ്യ നാളുകളിൽ ബഹ്റൈനിൽ ഓണാഘോഷമുണ്ടായിരുന്നു. പക്ഷെ മാവേലിയുണ്ടായിരുന്നില്ല. ഒരു ഓണക്കാലത്ത് ഇത്തവണ മാവേലി ഉറപ്പായും വേണമെന്ന് ആവശ്യമുയർത്തിയ തോമസ് ചേട്ടൻതന്നെ ഒടുവിൽ മാവേലിയായി. അന്ന് ഇട്ട മാവേലി വേഷം പിന്നീട് ഊരി വെക്കാൻ സമയം കിട്ടിയിട്ടില്ല

നാലു മാസക്കാലമാണ് ബഹ്റൈനിൽ പ്രവാസികളുടെ ഓണാഘോഷം. ആഗസ്റ്റ് മുതൽ വിവിധ ഓണപ്പരിപാടികളും മത്സരങ്ങളും തുടങ്ങും. ഓണത്തിനുശേഷം ആഘോഷങ്ങൾ സജീവമാകുകയും ചെയ്യും. കേരളീയ സമാജം, ഇന്ത്യൻ ക്ലബ് തുടങ്ങി വിവിധ അസോസിയേഷനുകൾ, ജില്ലാ കൂട്ടായ്മകൾ, സാംസ്കാരിക സംഘടനകൾ എന്നുവേണ്ട, മലയാളികൾ അംഗങ്ങളായ എല്ലാ പ്രസ്ഥാനങ്ങളുടേയും ആഭിമുഖ്യത്തിൽ ഓണാഘോഷം കാണും. ആഘോഷം എവിടെയായാലും മാവേലി തോമസ്‌ ജോർജ്ജായിരിക്കും. അത് വർഷങ്ങൾക്കു മുമ്പ് തുടങ്ങിയ കീഴ് വഴക്കമാണ്.

പ്രവാസി സംഘടനകൾ സജീവമായിത്തുടങ്ങിയ ആദ്യ നാളുകളിൽ ബഹ്റൈനിൽ ഓണാഘോഷമുണ്ടായിരുന്നു. പക്ഷെ മാവേലിയുണ്ടായിരുന്നില്ല. എല്ലാം ഒത്തിണങ്ങിയ മാവേലിയെ കിട്ടാനില്ലായിരുന്നു. അങ്ങനെയൊരു ഓണക്കാലത്ത് അങ്കമാലി പ്രവാസി അസോസിയേഷന്റെ യോഗത്തിൽ വെച്ച്, ഇത്തവണ മാവേലി വേണം എന്ന അഭിപ്രായമുയർത്തിയത് താൻ തന്നെയായിരുന്നു എന്ന് തോമസ്‌ ജോർജ് എന്ന തോമസ് ചേട്ടൻ ഓർമ്മിക്കുന്നു. അങ്ങനെയാണെങ്കിൽ മാവേലിക്കു പറ്റിയയാൾ തോമസ്‌ ജോർജ് തന്നെ എന്ന് എല്ലാവരും ഒറ്റക്കെട്ടായി പറഞ്ഞു. തനിക്ക് താൻ തന്നെ പാര പണിത അവസ്ഥ. അന്ന് വേഷമിട്ട മാവേലിക്ക് പിന്നീട് വേഷം ഊരി വെക്കാൻ സമയം കിട്ടിയിട്ടില്ല, എന്നു പറഞ്ഞാൽ അതിശയോക്തിയില്ല. പിന്നീട് കെ.സി.എയുടെ ഓണാഘോഷത്തിന് മാവേലിയായി. തുടർന്നുള്ള എട്ടുവർഷം കേരളീയ സമാജത്തി​ന്റെ സ്ഥിരം മാവേലിയായി. അങ്ങനെയങ്ങനെ എല്ലാ അസോസിയേഷനുകളും വിളിച്ചു തുടങ്ങി. അടുപ്പവും സൗഹൃദവും മൂലം ആരുടേയും ക്ഷണം നിരസിക്കാൻ തോമസ് ചേട്ടന് കഴിയാതെയുമായി.

ബഹ്റൈൻ ഫാർമസിയിലായിരുന്നു ജോലി. ഓണക്കാലത്ത് ജോലി കഴിഞ്ഞാലുടൻ വീട്ടിലേക്ക് പോകും. മേക്കപ്പ് വേണമല്ലോ. ആദ്യകാലത്ത് പുറത്തുവെച്ചായിരുന്നു. പിന്നീട് മാവേലി വേഷം സ്ഥിരമായതോടെ വീട്ടിൽ വെച്ച് ഭാര്യ മേക്കപ്പിട്ടുതുടങ്ങി. മാവേലി വേഷത്തിൽ സ്വയം കാറോടിച്ചാണ് പരിപാടി നടക്കുന്ന സ്ഥലങ്ങളിലേക്ക് പോകുന്നത്. കിരീടം മാത്രം സീറ്റിൽ വെക്കും. വഴിയിൽ വെച്ച് മാവേലിവേഷം കാണുന്ന ബഹ്റൈൻ പൊലീസുകാർ അത്ഭുതത്തോടെ നോക്കും. പിന്നീട് അവർ ചിരിക്കുകയും കൈവീശിക്കാണിക്കുകയും ചെയ്യും. ഒരിക്കൽ പോലും തന്നെ തടയുകയോ, ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന് തോമസ് ചേട്ടൻ ഓർമ്മിക്കുന്നു. അങ്ങനെ രാജ്യത്തെ ‘ഔ​ദ്യോഗിക മാവേലി’യായും തോമസ് ചേട്ടന് അംഗീകാരമായി.


ഒരു ദിവസം അഞ്ച് അസോസിയേഷനുകളൂടെ പരിപാടിയിൽ വരെ മാവേലിയാകേണ്ടി വന്നിട്ടുണ്ട്. ഒരു പരിപാടി റിഫയിലാണെങ്കിൽ അടുത്തത് മുഹറഖിലയായിരിക്കും. അടുത്തത് മനാമ കെ.സിറ്റിയിൽ. അങ്ങനെ ഓണക്കാലം ബഹു ജോറായിക്കടന്നു പോകും. ഏത് പരിപാടിയിൽ വന്നാലും മാവേലിക്കൊപ്പം ​ഫോട്ടോയെടുക്കാൻ വിലിയ തിരക്കാണ്. കുട്ടികളും മുതിർന്നവരുമെല്ലാം ക്യൂ നിൽക്കും. സമീപ കാലത്ത് ചില പരിപാടികൾക്കു പോയപ്പോൾ വർഷങ്ങൾക്കു മുമ്പ് തങ്ങൾ കുട്ടിയായിരുന്നപ്പോൾ തോമസ് ചേട്ടന്റെ മാവേലി വേഷത്തോടൊപ്പം എടുത്ത ​ഫോട്ടോകൾ പലരും ഫോണിൽ കാണി​ച്ചു. അതൊക്കെ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. ഈ സന്തോഷമാണ് തനിക്ക് ലഭിക്കുന്ന അംഗീകാരമെന്നും മാവേലിയായി തുടരാൻ തന്നെ പ്രേരിപ്പിച്ചത് മലയാളികളുടെ ഈ സന്തോഷമാണെന്നും തോമസ് ചേട്ടൻ പറയുന്നു.

സംഘടനാപരിപാടിക്ക് മാത്രമല്ല അമ്പലങ്ങളിലും ക്രിസ്ത്യൻ പള്ളികളിലുമെല്ലാം തോമസ്‌ ചേട്ടൻ മാവേലിയാണ്. അമ്പലത്തിലെ മാവേലി നേരെ പോകുന്നത് പള്ളിയിലേക്കാണ്. ഈ മാവേലിക്കും മാനുഷരെല്ലാം ഒന്നുപോലെ തന്നെ. 12 വർഷത്തോളം പ്രവാസം നീണ്ടപ്പോൾ ചില രോഗങ്ങൾ തോമസ് ചേട്ടനെ തേടിയെത്തി. ചികിത്സക്കായി നട്ടിലേക്ക് പോയ സമയത്ത് മാവേലി വേഷം മുടങ്ങി. വിശ്രമജീവിതത്തിൽ നാട്ടിൽ കഴിയുമ്പോൾ നാട്ടുകാരൻ കൂടിയായ ഫ്രാൻസിസ് കൈതാരത്ത് ഓണാഘോഷത്തിന് വീണ്ടും എത്തണമെന്ന് പറഞ്ഞ് നിർബന്ധിച്ചു. അങ്ങ​നെ കഴിഞ്ഞ ഓണത്തിന് മാവേലി തിരുമ്പി വന്നു. വന്നാൽ പിന്നെ അസോസിയേഷനുകൾ നോക്കിയിരിക്കുമോ. എല്ലാ പരിപാടികളിലും തോമസ് ചേട്ടൻ തന്നെ മാവേലി. നവംബറിൽ പ്രവാസ ലോകത്തെ ഓണാഘോഷങ്ങൾ കഴിഞ്ഞാലുടൻ ക്രിസ്മസ് ആഘോഷങ്ങൾ തുടങ്ങും. അപ്പോൾ ക്രിസ്മസ് അപ്പൂപ്പൻ വേണമല്ലോ. വേറെ ചോയ്സില്ലായിരുന്നു. മാവേലി സാന്തയായി രൂപം മാറുകയായി. അങ്ങനെ ആടിത്തിമിർത്ത തോമസ് ചേട്ടൻ ഈ ഓണത്തിന് മകൾ രേഷ്മ തോമസിന്റെ കുടുംബത്തോടൊപ്പം ആസ്ട്രേലിയയിലാണ്. ഒപ്പം ഭാര്യ മീനയുമുണ്ട്. തോമസ് ചേട്ടന്റെ മാവേലിയെപ്പറ്റി അറിഞ്ഞ ആസ്ട്രേലിയയിലെ മലയാളി അസോസിയേഷനുകൾ നോട്ടമിട്ടിരിക്കുകയാണ്. അവരുടെ നിർബന്ധം മൂലം താൻ ആസ്ട്രേലിയയിലും മാവേലിയായേക്കുമെന്ന് തോമസ് ചേട്ടൻ പറഞ്ഞു. ബഹ്റൈനിലെ ഓണാഘോഷം അവസാനിക്കുന്നതിനു മുമ്പുതന്നെ ഇ​​ങ്ങോട്ടെ​െക്കത്തും.ബഹ്റൈനിലുള്ള മകൻ രഞ്ജിത്ത് തോമസിന്റെ വീട്ടിലേക്ക്. അങ്ങനെയാണെങ്കിൽ ക്രിസ്മസ് കാലം കഴിഞ്ഞേ അങ്കമാലിക്കു മടങ്ങൂ. അ​പ്പോൾ ഇത്തവണയും ബഹ്റൈനിൽ മാവേലിയും സാന്തയും തോമസ് ചേട്ടൻ തന്നെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam 2024
News Summary - Official Maveli Bahrain
Next Story