അനുപമം ഈ വിജയം
text_fieldsനിയമപരമായ മുന്നറിയിപ്പ്:
ഇത് വായിക്കുമ്പോൾ മനസ്സിെന മൂടിയ മാസ്ക് ഒഴിവാക്കുക. നല്ല 'കാഴ്ചക്കായി' കാഴ്ചപ്പാടുകളെ സാനിറ്റൈസറിട്ട് അണുമുക്തമാക്കുക. വിജയങ്ങൾ എത്തിപ്പിടിക്കാനായി വായനയുമായുള്ള സാമൂഹിക അകലം കുറക്കുക. ഒരു ഘട്ടത്തിൽ കൈവിട്ടുപോകുമെന്ന് ഭയന്ന സ്വപ്നത്തെ, നിശ്ചയദാർഢ്യംകൊണ്ട് കൈപ്പിടിയിലൊതുക്കിയ അനുഭവകഥയാണിത്. കഥയിലെ നായികയുടെ പേര് അനു ജോഷി. തൃശൂർ പുഴക്കൽ സ്വദേശി ജോഷിയുടെയും ഗീതയുടെയും മകളായ അനു പഠനത്തിൽ മിടുമിടുക്കിയായിരുന്നു. അവളുടെ മികവിനു മുന്നിൽ പരീക്ഷകൾക്ക് എട്ടുനിലയിൽ പൊട്ടിയ ചരിത്രമാണുള്ളത്.
പത്താംക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ മിന്നുന്ന വിജയം നേടിയ ഈ മിടുക്കി ബിരുദപഠനത്തിന് വണ്ടി കയറിയത് ചെന്നൈ ഐ.ഐ.ടിയിലേക്ക്. അവിടെ റാങ്കോടെ ബിരുദം. സാഹിത്യത്തെ വല്ലാതെ ഇഷ്ടപ്പെടുന്ന, നിരവധി പുസ്തകങ്ങൾ എഴുതിയ അനുവിെൻറ ജീവിതം മുന്നോട്ടു പോകുന്തോറും സസ്പെൻസുകളും ട്രാജഡികളും കടന്നുവരും. മികച്ചൊരു ക്ലൈമാക്സും നമുക്ക് കാണാം.
പരീക്ഷയെന്ന 'പരീക്ഷണ' കാലം
''ഞാന്‍ പഠിച്ച ഓരോ പുസ്തകത്തിലും എെൻറ കണ്ണീര് വീണിട്ടുണ്ട്. രാത്രി രക്ഷിതാക്കൾ ഉറങ്ങി എന്ന് ഉറപ്പുള്ളപ്പോള്‍ ഒറ്റക്ക് ഇരുന്നു കരഞ്ഞിട്ടുണ്ട്. പരിശീലന കാലത്ത് തിരുവനന്തപുരത്ത് പത്മനാഭ സ്വാമി ക്ഷേത്രത്തിെൻറ നടവഴികളില്‍ എത്രയോ തവണ ഒറ്റക്ക് ഇരുന്നിട്ടുണ്ട്. കണ്ണാടിയില്‍ നോക്കാന്‍ പറ്റാതായിട്ടുണ്ട്'' അനു ജോഷി ഓർത്തെടുക്കുകയാണ് 'പരീക്ഷണ കാലത്തെ' ഓർമകൾ. ഇക്കുറി െഎ.എ.എസ് പരീക്ഷ ഫലം വന്നപ്പോൾ മലയാളത്തിെൻറ അഭിമാനമായവർ ഏറെ പേരുണ്ട്.
അവരുടെ കഠിനാധ്വാനങ്ങൾക്ക് ആത്മസമർപ്പണത്തിെൻറ, നിശ്ചയ ദാർഢ്യത്തിെൻറ സൗന്ദര്യമുണ്ട്. തോറ്റത് ജയിക്കാനുള്ള ഉൗർജമാക്കിയ അനുജോഷി അതിൽ ഏറെ വ്യത്യസ്തയാണ്. അരക്കിട്ടുറപ്പിച്ച ലക്ഷ്യബോധമാണ് അഞ്ചാംവട്ടം നേട്ടമായത്. നേട്ടത്തിെൻറ വഴിയിലേക്ക് നടക്കുന്നവർക്ക് അനു എന്നും ഒരു മോഡലാകും. അടുത്ത വട്ടം ശര്യാകുമെന്ന് ഉറപ്പുള്ളവർക്ക് അവർ പ്രചോദനമാകും. ഉറപ്പ്.
ഓരോ സിവിൽ സർവിസ് ഉദ്യോഗാർഥിക്കും ഒരുപക്ഷെ സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകാം. പക്ഷെ, കരഞ്ഞിരുന്നിട്ട് കാര്യമില്ല. പരാജയം വിജയത്തിെൻറ മുന്നോടിയാണെന്ന് എഴുതാനിരിക്കുന്ന ഓരോരുത്തരോടും എെൻറ അനുഭവം വെച്ച് ഞാൻ പറയുന്നു. രാജ്യത്തെ ഒരു സുപ്രധാന പരീക്ഷയാണ് എഴുതാൻ പോകുന്നതെന്ന ബോധ്യം വേണം. രണ്ടു വർഷമെങ്കിലും സിവിൽ സർവിസ് പരീക്ഷ പരിശീലനത്തിനായി മാറ്റിവെക്കാൻ തയാറുള്ളവർ മാത്രം ഈ മേഖല തിരഞ്ഞെടുക്കുക. കഠിനപ്രയത്നമല്ലാതെ വിജയത്തിന് 'ഷോർട്ട് കട്ടില്ല'.
പരീക്ഷയിൽ തോറ്റ കാലം
സർക്കാർ ഉദ്യോഗസ്ഥനായ ജോഷിയാണ് മകളെ സിവിൽ സർവിസിന് വിടണമെന്ന് ആഗ്രഹിച്ചതും അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കിയതും. അതേസമയം, കുഞ്ഞുനാൾ മുതൽ ഐ.എ.എസ് സ്വപ്നം മനസ്സിൽ കയറിക്കൂടിയ അനുവിന് മാതാപിതാക്കളുെട പിന്തുണകൂടിയായപ്പോൾ സന്തോഷവും ആത്മവിശ്വാസവും ഇരട്ടിച്ചു.
അതുവരെ പരീക്ഷകളെ നിർഭയമായി നേരിട്ട അനു, സിവിൽ സർവിസ് പരീക്ഷയിലേക്കും അതേ അമിതാത്മവിശ്വാസത്തോടെ നടന്നു. എന്നാൽ, തിരിച്ചടിയായിരുന്നു ആദ്യ ഫലം. മത്സരപ്പരീക്ഷയിലെ അനുവിെൻറ ആദ്യ തോൽവി. ആ തോൽവി അനുവിെൻറ ചിന്തയെ മാറ്റിപ്പണിതു. നൂറിൽ 0.2 ശതമാനം മാത്രം വിജയശതമാനമുള്ള കടുപ്പമേറിയ കടമ്പയാണ് സിവിൽ സർവിസ് എന്ന് അതോടെ മനസ്സിലായി.
പരിശ്രമം തുടർന്നു. പേക്ഷ, രണ്ടാമത്തെ തവണയും തോൽവിയായിരുന്നു കാത്തിരുന്നത്. പ്രിലിമിനറി ഘട്ടംപോലും കടക്കാനായില്ല. എന്നാലും പിന്മാറിയില്ല. മൂന്നാം തവണയും സിവിൽ സർവിസ് പരീക്ഷയെഴുതി. അതിൽ അഭിമുഖ ഘട്ടം വരെയെത്തി. ജോലി ലഭിക്കാനായി പിന്നെയും കാത്തിരിക്കേണ്ടിവന്നു. വിട്ടില്ല, നാലാം തവണയും എഴുതി. തോറ്റു. അപ്പോഴേക്കും നാട്ടുകാരുടെ ചോദ്യങ്ങൾ പരീക്ഷാഹാളിനു പുറത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു.
അത് സിവിൽ സർവിസ് പരീക്ഷ ചോദ്യപേപ്പറിനേക്കാൾ കട്ടിയായിരുന്നു. ''ഇത്ര പഠിച്ചിട്ടും പാസായില്ലേ?'', ''ഇത്തവണയും തോറ്റോ?'', ''കിട്ടിയില്ല അല്ലേ?'', ''കല്യാണം കഴിക്കുന്നില്ലേ...'' അങ്ങനെ പോകുന്നു ഉത്തരമില്ലാത്ത ചോദ്യങ്ങൾ.
ഒടുവിൽ...
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തം ഈ കൊറോണക്കാലത്ത് അനുവിനെ തേടിയെത്തി. എഴുതിയ അഞ്ചാമത്തെ സിവിൽ സർവിസ് പരീക്ഷാഫലത്തിൽ 264ാം റാങ്കിനുനേരെ അനു ജോഷി എന്ന പേര് തെളിഞ്ഞപ്പോൾ അഞ്ചാണ്ടിലെ കയ്പേറിയ അനുഭവങ്ങൾ മനസ്സിലൂടെ മിന്നിമാഞ്ഞു. കോളറക്കാലത്തെ പ്രണയം എഴുതിയ ഗബ്രിയേൽ ഗാർസ്യ മാർ
കേസിനെപ്പോലെ, കൊറോണക്കാല സന്തോഷാനുഭവങ്ങൾ മനസ്സിൽനിന്ന് കവിതകളായി വിരൽത്തുമ്പിലേക്കൂർന്നിറങ്ങി. ഒരിക്കൽ ഇതെല്ലാം അവർ കുത്തിക്കെട്ടി പുസ്തകമാക്കിയേക്കാം. എന്തായാലും അനു ജോഷി ഇനി തിരക്കുകളുടെ ലോകത്തേക്കാണ്.
മാവേലി കണ്ടാൽ തിരിച്ചറിയുമോ?
സിവിൽ സർവിസ് മോഹം തലക്കു പിടിച്ചിരുന്ന നാളുകളിൽ ആരോടും മിണ്ടാതെ, എല്ലാവരിൽനിന്നും ഒഴിഞ്ഞു മാറി 'ഏകാന്തജീവിതം' നയിച്ചിരുന്ന അനു. കോറോണക്കു മുമ്പേ സാമൂഹിക അകലം 'കണ്ടുപിടിച്ച' ആളാണ്. സിവിൽ സർവിസ് പരീക്ഷ വിജയം കൊണ്ടുവന്ന സന്തോഷത്തിൽ ഇത്തവണ ഓണം നന്നായി ആഘോഷിക്കണം എന്ന് തീരുമാനിച്ചെങ്കിലും 'വൈറസ്' ചതിച്ചു.
എങ്കിലും അനു വിടാൻ തയാറല്ല. 'കോവിഡ് പ്രോട്ടോകോൾ' പാലിച്ച് ഓണം കൊണ്ടാടാൻ തന്നെയാണ് തീരുമാനം. അഞ്ചു വർഷമായി കണ്ടിട്ടില്ലാത്ത മാവേലി ആളാകെ മാറിയോ ആവോ?. ഭക്ഷണം കഴിക്കലിൽ മാത്രം സന്തോഷം കണ്ടെത്തിയ കാലത്ത് 80 കിലോ വരെ ശരീരഭാരം കൂടിയിരുന്നു. അമിത ഭക്ഷണത്തോട് 'നോ' പറഞ്ഞ്, കഠിന പ്രയത്നത്തിലൂടെ തടി കുറച്ച തന്നെ കണ്ടാൽ മാവേലി തിരിച്ചറിയുമോ എന്നാണ് അനുവിെൻറ സംശയം.
കുടിയാണ് സാറേ പ്രശ്നം
രസകരമായിരുന്നു ഇൻറർവ്യൂ. വ്യക്തിപരമായ ചോദ്യങ്ങൾക്ക് കുറവില്ലായിരുന്നു. കേരളത്തിൽനിന്നാണെന്ന് പറഞ്ഞപ്പോൾ സംസ്ഥാനം നേരിടുന്ന പ്രധാന സാമൂഹിക വിപത്തുകളെക്കുറിച്ച് ചോദിച്ചു. മദ്യപാനം എന്നായിരുന്നു എെൻറ മറുപടി. കോവിഡ്കാലത്തെ മദ്യം കിട്ടാതെ പലരും ആത്മഹത്യ ചെയ്ത കാര്യം പറഞ്ഞപ്പോൾ ഇൻറർവ്യൂ ബോർഡിന് അതിശയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.