സാനുവിനും ഗാഥക്കും ഒന്നാം ഓണം
text_fieldsജാതിയുടെയും മതത്തിെൻറയും മതിലുകൾക്കപ്പുറം മൈത്രിയുെട സന്ദേശവുമായി ജീവിതത്തിൽ ഒന്നിച്ച വിദ്യാർഥി നേതാവ് വി.പി. സാനുവിനും ഗാഥക്കും വിവാഹശേഷമിത് ആദ്യ ഓണമാണ്. എന്നാൽ, പൊതുപ്രവർത്തനവും സംഘടനാചുമതലകളുമായി സാനുവും ഗവേഷണവുമായി ബന്ധപ്പെട്ട് ഗാഥയും തിരക്കിലാണ്.
എസ്.എഫ്.ഐ ദേശീയ അധ്യക്ഷനായശേഷം പലപ്പോഴും സാനു നാട്ടിലുണ്ടാകാറില്ല. ഡൽഹിയാണ് പ്രവർത്തനമേഖലയെങ്കിലും പ്രവർത്തനവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ഓട്ടമായിരിക്കും മിക്കപ്പോഴും. ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് മലപ്പുറം വളാഞ്ചേരിയിലെ വീട്ടിലെത്തിയത്.
സംഘടന പ്രവർത്തനത്തിൽ സജീവമായശേഷം ആദ്യമായാണ് സാനുവും പിതാവും സി.പി.എം േനതാവുവുമായ വി.പി. സക്കരിയയും ഇത്രയും കാലം വീട്ടിലുണ്ടാവുന്നത്. എങ്കിലും ഓൺലൈൻ യോഗങ്ങളും ഫേസ്ബുക്ക് ലൈവുകളുമൊക്കെയായി തിരക്കിൽതന്നെയാണ്. വലിയ സൗഹൃദത്തിന് ഉടമയായതിനാൽ നാട്ടിലുള്ളപ്പോഴും ആഘോഷവേളയിലൊന്നും സാനുവിനെ വീട്ടുകാർക്ക് കിട്ടാറില്ല.
ഓണമായാലും പെരുന്നാളായാലും ഡൽഹിയിലെയും മറ്റും സഹപ്രവർത്തകർക്കൊപ്പമാകും മിക്കപ്പോഴും ആഘോഷം. കേന്ദ്രസർക്കാറിെൻറ ദേശീയ വിദ്യാഭ്യാസ നയം, ഇ.ഐ.എ ഭേദഗതി, കോർപറേറ്റ്വത്കരണം തുടങ്ങിയ വിഷയങ്ങളിൽ തെരുവുകൾ സമരങ്ങളാൽ കലുഷിതമായിരിക്കേണ്ട കാലത്ത് അതിന് സാധിക്കാത്തതിലുള്ള നിരാശയും സാനുവെന്ന നേതാവിനെ വീട്ടിലിരിപ്പുകാലത്ത് അസ്വസ്ഥനാക്കുന്നുണ്ട്. അവകാശസമരങ്ങളുടെ തിരക്കിൽ കഴിയവെയാണ് കോവിഡ് കടന്നുവന്നത്.
ലോക്ഡൗണിൽ വിവിധയിടങ്ങളിൽ കുടുങ്ങിയ വിദ്യാർഥികളെ നാട്ടിലെത്തിക്കാനും ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കാനും സജീവമായിരുന്നു. സാനുവിനെ സംബന്ധിച്ച് അവകാശപോരാട്ടങ്ങളും തെരഞ്ഞെടുപ്പ് കാലവുമൊക്കെയാണ് ജീവിതത്തിലെ ആഘോഷങ്ങൾ.
പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പിലെ കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാർഥിയായി മലപ്പുറത്ത് പി. കുഞ്ഞാലിക്കുട്ടിയെ നേരിട്ടത് ദേശീയശ്രദ്ധ നേടിയിരുന്നു. ചെന്നൈ രാജീവ് ഗാന്ധി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സോഷ്യൽ വർക്കിൽ ഗവേഷകവിദ്യാർഥിയായ ഗാഥ എം. ദാസ് കോവിഡിനെ തുടർന്ന് കാമ്പസ് അടച്ചശേഷം നാട്ടിലാണ്. ഓൺലൈൻ ഗവേഷണവുമായി തിരക്കിൽതന്നെയാണ്. ഇത്തവണ എറണാകുളത്തെ ഗാഥയുടെ വീട്ടിലാകും ഇരുവർക്കും ഓണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.