പൂക്കളത്തിലെ പൂവല്ലാത്ത അതിഥി
text_fieldsസസ്യലതാദികളിൽ അവഗണിച്ച് മാറ്റി നിർത്താൻ ഒന്നുമില്ല എന്ന് തിരിച്ചറിഞ്ഞവരായിരുന്നു പൂർവികർ. പുൽചെടിയായ കറുക മുതൽ അരയാൽ പോലുള്ള മഹാവൃക്ഷങ്ങൾ വരെ നിർവഹിക്കുന്ന ധർമത്തെക്കുറിച്ച് പഠിച്ചവർ. ഇവക്ക് കൃത്യമായ സ്ഥാനം നൽകി പ്രകൃതിയുടെ സന്തുലനം നിലനിർത്താൻ അവർ ശ്രദ്ധിച്ചു. ആ നാട്ടറിവ് തലമുറകളിലൂടെ പടർന്ന് ചിലയിടങ്ങളിലെങ്കിലും ഇന്നും നിലനിൽക്കുന്നു.
മിഥുനമഴയുടെ പെരുംകുളിരിനെ പുണർന്ന് കയ്യാലപ്പുറങ്ങളിലും ചെങ്കൽമതിലുകളിലും മറ്റും പറ്റിപ്പിടിച്ച് വളർന്ന്, വേനൽ കനക്കുംമുമ്പ് ജീവിത ദൗത്യം പൂർത്തിയാക്കി മടങ്ങുന്ന ശീവോതിച്ചെടി ഓണപ്പൂക്കളത്തിൽ ഇടം പിടിച്ചത് പഴമക്കാരുടെ ഈ ദീർഘവീക്ഷണത്തിെൻറ മറ്റൊരുദാഹരണം മാത്രം. ഓണപ്പൂക്കളത്തിലെ പൂവല്ലാത്ത അതിഥിയാണ് ഈ ഹരിതസുന്ദരി.
ഐതിഹ്യപ്പെരുമയാണ് വടക്കന്‍ കേരളത്തിലെ ഓണത്തെ വ്യതിരിക്തമാക്കുന്നത്. ഓരോ ഗ്രാമത്തിനുമുണ്ട് ഓരോ ഐതിഹ്യങ്ങളും അനുഷ്ഠാനങ്ങളും എന്നതും ഇവിടുത്തെ മാത്രം പ്രത്യേകത. അത്തം മുതല്‍ തിരുവോണം വരെ 10 ദിവസത്തെ ആഘോഷമല്ല ഇവിടെ ഓണം.
മകം വരെയും ചിങ്ങ സംക്രമം വരെയും നീളുന്ന ഗ്രാമീണ ഉത്സവമാണ് കണ്ണൂരുകാരുടെയും കാസർകോടുകാരുടെയും ഓണം. ഈ ജില്ലകളിലെ ഗ്രാമപ്രദേശങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ഒരു ചടങ്ങാണ് ഓണത്തിനുശേഷം മഹാലക്ഷ്മിയെ വീട്ടിൽ കുടിയിരുത്തുക എന്നത്. അത്തം കഴിഞ്ഞാല്‍ ശീവോതിയിലകള് കൊണ്ടാണ് പൂക്കളമിടുക . ആദ്യദിനങ്ങളില്‍ മുറ്റത്ത് ഇടുന്ന ശീവോതിപ്പൂക്കളം മകംനാളില്‍ വീട്ടിനുള്ളിലെ പടിഞ്ഞാറ്റയിലെത്തും.
കറുത്ത കർക്കടകം കഴിഞ്ഞെത്തിയ ചിങ്ങത്തിെൻറ സുവർണ ശോഭയോടൊപ്പം ഐശ്വര്യത്തിെൻറ നന്മയെത്തുമെന്ന ശുഭപ്രതീക്ഷ കൂടിയാണ് ഈ ആചാരത്തിലൂടെ അടയാളപ്പെടുത്തുന്നത്. ശീവോതിയമ്മയെ അതായത് മഹാലക്ഷ്മിയെ (ഐശ്വര്യത്തെ) വീട്ടിനുള്ളില്‍ കുടിയിരുത്തുന്നു എന്നാണ് വിശ്വാസം. പുതുവർഷപ്പുലരിയിലെ കാർഷിക സംസ്കൃതിയുടെ ഉദാത്തമായ ഓർമപ്പെടുത്തൽ കൂടിയാണിത്.
ശീവോതി ഇലകള്‍ മഹാലക്ഷ്മിയുടെ കാല്വിരലുകളാണെന്നാണ് സങ്കൽപം. ഇലകളുടെ രൂപത്തിൽ ചാണകം മെഴുകിയ മുറ്റത്തും പടിഞ്ഞാറ്റയിലും തൃപ്പടികളിലും അരിച്ചാന്തുകൊണ്ട് കുറി വരക്കുന്ന രീതിയും ഉണ്ടായിരുന്നു. ഇതിനു മുകളിലാണ് ശീവോതി ഇലകൾ ഇടുക. ചാണകത്തറകൾ ടൈൽസിനും ഗ്രാനൈറ്റിനും വഴിമാറിയതോടെ കുറിവര ഇല്ലാതായി.
ശീവോതി ഇലകളാല്‍ പൂക്കളമിട്ടാല്‍ സര്വൈശ്വര്യവുമായി മഹാലക്ഷ്മി വീട്ടില്‍ കുടിയേറുമെന്നാണ് വിശ്വാസം. മകം നാളിൽ ഉണക്കലരിയും തേങ്ങയുംകൊണ്ട് കഞ്ഞിയുണ്ടാക്കി ദേവിക്ക് സമര്‍പ്പിക്കലും പതിവാണ്. മകക്കഞ്ഞി എന്നാണ് ഇതിന് പേര്. പാലാഴിമഥന സന്ദർഭത്തിൽല് മഹാലക്ഷ്മി പ്രത്യക്ഷപ്പെട്ടത് മകം നാളിലാണെന്നും അതിനാല്‍ മകം ദേവിയുടെ പിറന്നാളാണെന്നും സങ്കല്പിച്ചാണ് നിവേദ്യ സമര്‍പ്പണം നടത്തുന്നതേത്ര. മകം പിറന്ന മങ്ക എന്ന ചൊല്ലും ഇവിടെ ഒാർക്കാം.
Selaginella delieatula എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഈ ചെടി ചിയോതി, ശീബോതി എന്നീ പേരുകളിലും അറിയപ്പെടുന്നു. ശ്രീ ഭഗവതി ലോപിച്ചാണ് ശീവോതിയായതെന്നാണ് മറ്റൊരു വിശ്വാസം. നാടൻ പൂക്കളുടെ ആധിക്യമാണ് മലബാറിലെ ഓണപ്പൂക്കളത്തിെൻറ മറ്റൊരു പ്രത്യേകത. കൃഷ്ണകിരീടം(ഹനുമാൻകിരീടം), തെച്ചി, ചെമ്പരത്തി, തുമ്പ, കാക്കപ്പൂ, ചൂളപ്പൂ, വെള്ളില തുടങ്ങിയവയെല്ലാം മറുനാടൻ പൂക്കളുടെ അധിനിവേശത്തിനിടയിലും ഉത്തര കേരളത്തിലെ പൂക്കളങ്ങളിൽ ഇടം പിടിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.