മലയാളത്തിൻെറ സ്നേഹവും ഓണവും നുകർന്ന് ജിൻ പേ മടങ്ങുന്നു
text_fieldsകൊച്ചി: ഈ തൂശനിലക്ക് ഭൂഖണ്ഡാന്തര ദൈർഘ്യമുണ്ട്. അതിൽ വിളമ്പിയതും നിറഞ്ഞുണ്ടതും 16 കൂട്ടം കറികളും പായസവും മാത്രമല്ല; സ്നേഹവും, കരുണയും, കരുതലും, സൗഖ്യവും സംസ്‌കൃതിയുമെല്ലാമാണ്. പാലടപ്രഥമൻെറ രുചിയേക്കാളും ഇവരുടെ ഹൃദയത്തിൽ തങ്ങി നിൽക്കുന്നത് ഈ നാടും നാട്ടുകാരും ചൊരിഞ്ഞ സ്നേഹത്തിൻെറ രസകൂട്ടുകളായിരിക്കും.
ഏകദേശം ആറുമാസക്കാലത്തെ ആശുപത്രിവാസം കൊണ്ട് പാതി മലയാളികളായി മാറിയ ലൈബീരിയൻ സ്വദേശികളായ ജിൻ പേയും അമ്മ ജെന്നെയുമാണ് ലിസി ആശുപത്രി അധികൃതർ ഉത്രാട നാളിൽ ഒരുക്കിയ ഓണസദ്യ ഉണ്ട് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നത്.
പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ലൈബീരിയയിൽ നിന്ന് രണ്ടര വയസ്സുള്ള മകൻ ജിൻ പേയുമായി ജെന്നെ ഇന്ത്യയിലെത്തിയത് മാർച്ച് രണ്ടിനാണ്.
ജിന്നിൻെറ കുഞ്ഞു ഹൃദയത്തിന് ചികിത്സ തേടിയായിരുന്നു പതിനായിരം കിലോമീറ്റർ താണ്ടിയുള്ള യാത്ര. പീറ്റർ, ജെന്നെ ദമ്പതികളുടെ രണ്ടാമത്തെ മകനായ ജിന്നിന് ജനിച്ച് ഏതാനും നാളുകൾക്കകം തന്നെ ഹൃദയത്തിന് തകരാറുണ്ടെന്ന് കണ്ടെത്തിയിരുന്നു. ശരീരഭാരം ആനുപാതികമായി വർധിക്കാത്തതും കൂടെക്കൂടെയുള്ള ശ്വാസകോശസംബന്ധമായ അസുഖങ്ങളുമാണ് വിശദമായ പരിശോധനകളിലേക്ക് നയിച്ചത്. വൈകാതെ കുഞ്ഞിന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വേണ്ടിവരുമെന്ന് പീറ്ററും ജെന്നെയും മനസ്സിലാക്കി.
ആരോഗ്യമേഖലയില്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ശസ്ത്രക്രിയ ഉള്‍പ്പടെ കുട്ടികളുടെ ഹൃദ്രോഗ ചികിത്സാസൗകര്യങ്ങളുള്ള കേന്ദ്രങ്ങള്‍ ലൈബീരിയയില്‍ ഇല്ല. തലസ്ഥാനമായ മൺറോവിയയിലെ ജെ.എഫ്.കെ മെഡിക്കല്‍ സെൻററിലെ സീനിയര്‍ പീഡിയാട്രിഷ്യനായ ഡോ. സിയ കമനോറാണ് ചികിത്സയ്ക്കായി ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗവിഭാഗം നിര്‍ദ്ദേശിച്ചത്. അതേത്തുടർന്നാണ് ജെന്നെ കുഞ്ഞുമായി ഇന്ത്യയിലെത്തിയത്. ഒരു മാസം നീളുന്ന വിരഹത്തിന് ശേഷം എല്ലാം കൂടുതല്‍ ശുഭകരവും സന്തോഷകരവുമായി പര്യവസാനിക്കുമെന്ന പ്രതീക്ഷയിലാണ് പുറപ്പെട്ടത്.
പക്ഷേ, കോവിഡ് എല്ലാ കണക്കുകൂട്ടലുകളും തകര്‍ത്തു. മാര്‍ച്ച് ആറിന് ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗവിഭാഗത്തില്‍ പ്രവേശിപ്പിച്ച ജിന്നിന് 12 നാണ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തിയത്. അയോട്ടാ പൾമണറി വിന്‍ഡോയില്‍ ഉണ്ടായിരുന്ന സുഷിരം ശസ്ത്രക്രിയയിലൂടെ അടയ്ക്കുകയായിരുന്നു. ശസ്ത്രക്രിയയെ തുടർന്ന് വളരെ വേഗം ആരോഗ്യനിലയില്‍ പുരോഗതി കണ്ടതോടെ വലിയ ആഹ്‌ളാദത്തിലായിരുന്നു ജെന്നെയും ലൈബീരിയയിലുള്ള കുടുംബവും. തുടര്‍പരിശോധനകള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ രണ്ടിന് മടങ്ങാനിരിക്കെയാണ് മഹാമാരിമൂലം കാര്യങ്ങളൊക്കെ കീഴ്‌മേല്‍ മറിഞ്ഞത്. ലിസി ആശുപത്രി അധികൃതരുടെ കരുതലിൽ, ആശുപത്രിയിൽ തന്നെയായിരുന്നു ഇക്കാലമത്രയും ഇവർ കഴിഞ്ഞിരുന്നത്.
ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻെറ നേതൃത്വത്തിലാണ് ഓണസദ്യ ഒരുക്കിയത്. അസി. ഡയറക്ടർമാരായ ഫാ. ജെറി ഞാളിയത്ത്, ഫാ. ഷനു മൂഞ്ഞേലി, ഫാ. ജോസഫ് മാക്കോതക്കാട്ട് എന്നിവരും ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു കടവിൽ, ഡോ. ജി. എസ്. സുനിൽ, ഡോ. എഡ്‌വിൻ ഫ്രാൻസിസ്, ഡോ. ജേക്കബ് എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരും മറ്റു സ്റ്റാഫ് അംഗങ്ങളും ജിൻ പേയ്‌ക്കൊപ്പം സദ്യയുണ്ടു.
ഇലയിൽ കറികൾ നിറഞ്ഞപ്പോൾ കുഞ്ഞു കണ്ണുകളിൽ കൗതുകം നിറഞ്ഞു. പാലടയുടെ രുചിയറിഞ്ഞപ്പോൾ ചുണ്ടിൽ നിറപുഞ്ചിരിയായി. സദ്യ കഴിഞ്ഞപ്പോഴേക്കും അതിലും മധുരമുള്ള വാർത്ത ലൈബീരിയയിൽ നിന്നെത്തി. വ്യാഴാഴ്ച് മടങ്ങാൻ ഒരുങ്ങിക്കോളൂ എന്ന പിതാവ് പീറ്ററിൻെറ സന്ദേശം. കൊച്ചിയിൽ നിന്ന് മുംബൈയിലെത്തി അവിടെ നിന്ന് ലൈബീരിയയിലേക്ക് തിരിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. പീറ്ററിനെയും മൂത്ത മകനെയും വൈകാതെ കാണാമല്ലോ എന്നോർത്തപ്പോൾ ജെന്നെയ്ക്ക് സന്തോഷം അടക്കാനായില്ല. കുഞ്ഞു ജിന്നിന്റെ കവിളിൽ ഉമ്മ കൊടുക്കുമ്പോൾ ആ കണ്ണുകളിൽ ഒട്ടേറേ മനുഷ്യരോടുള്ള കൃതഞ്ജതയുടെ നനവുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.