ജോണിയുടെ പൂക്കളത്തിന് 'അരനൂറ്റാണ്ട്'
text_fieldsകുന്നംകുളം: കോവിഡ് കാലവും പതിവ് തെറ്റിക്കാതെ പ്രതീക്ഷയുടെ ഓണം ആഘോഷിക്കുമ്പോൾ പുതിയ തലമുറക്ക് മത സൗഹാർദ്ദത്തിൻെറ നേർരൂപമായി മാറുകയാണ് ചാലിശ്ശേരി സ്വദേശി ചീരൻ വീട്ടിൽ ജോണി. ഇക്കുറിയും ഓണക്കാലത്ത് പൂക്കളമിടുമ്പോൾ അരനൂറ്റാണ്ടിൻെറ പഴമകളാണ് ഓർത്തെടുക്കുന്നത്.
തുടർച്ചയായി 47ാം വർഷത്തിലും ജോണി കുടുംബാംഗങ്ങളോടൊപ്പം പൂക്കളം ഒരുക്കിയ പാരമ്പര്യം ഗ്രാമത്തിന് വേറിട്ട കാഴ്ചയാകുകയാണ്. പിതാവ് ചീരൻ ലാസറിൽ നിന്നാണ് ബാല്യം തൊട്ട് ജോണി അത്തക്കളം ഒരുക്കുന്നത് കണ്ട് പഠിച്ചത്. അത് ഇപ്പോഴും പിന്തുടരുകയാണ് ജോണി.
അത്തം മുതൽ തിരുവോണം വരെയുള്ള 10 നാൾ വീട്ടുമുറ്റത്ത് പൂക്കളം ഒരുക്കുകയാണ് ലക്ഷ്യം. ഭാര്യ റീന, മക്കളായ ജാക്ക്, ജിം, ജിൽ എന്നിവരും ഭാര്യ സഹോദരൻ ബിജുവും ചേർന്ന് രാവിലെ 6.30 മുതൽ ആരംഭിക്കുന്ന പൂക്കളം രണ്ട് മണിക്കൂർ സമയമെടുത്താണ് പൂർത്തിയാക്കുക.
പത്ത് ദിവസവും വിവിധ ഡിസൈനുകളിൽ ആറടി വ്യാസമുള്ള ആകർഷങ്ങളായ പൂക്കളമാണ് ഒരുക്കിയത്. ദിവസേന ആയിരത്തി അഞ്ഞൂറോളം രൂപയുടെ പല തരം പൂക്കളാണ് അത്തക്കളത്തിനായി വാങ്ങിക്കുന്നത്. തിരുവോണത്തിന് ഏഴരഅടി വൃത്താകൃതിയിൽ വലിയപൂക്കളവും ഒരുക്കാൻ ലക്ഷ്യമിട്ടിട്ടുണ്ട്.
വിശ്വാസങ്ങളുടെ പേരിൽ പോലും തമ്മിലടിക്കാൻ ജനങ്ങൾ ഒരുങ്ങുന്ന കാലത്തും വിവിധ വിഭാഗങ്ങളുടെ ഉത്സവങ്ങളായ റംസാൻ, ബക്രീദ്, വിഷു, പൂരം, ക്രിസ്തുമസ്സ് തുടങ്ങിയവ കുടുംബാംഗങ്ങളെ ഒന്നിപ്പിച്ച് ആഘോഷമാക്കി മാറ്റുകയാണ് ഈ കുടുംബം.
മഹാമാരിക്കിടയിലും പഴയകാലത്തെ അത്തം പത്തോണം എന്ന ആഘോഷത്തിനും, മാനുഷ്യരെല്ലാരും ഒന്നുപോലെ എന്ന ചിന്തക്കും വഴികാട്ടുകയാണ് ജോണിയും കുടുംബവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.