നല്ലോണം സൂക്ഷിച്ചോണം
text_fieldsകര്‍ക്കടകം എന്ന പഞ്ഞകാലം പടിയിറങ്ങി ഐശ്വര്യത്തിെൻറയും സമൃദ്ധിയുടെയും പുത്തന്‍ പ്രതീക്ഷകളുമായി വന്നെത്തുന്ന പൊന്നിന് ചിങ്ങത്തില് കേരളീയര്‍ ഓണം ആഘോഷിക്കുന്നു. മലയാളികള്‍ എവിടെയുണ്ടോ അവിടെ ഓണവുമുണ്ട്. മലയാളികള്‍ക്ക് ഒരാഘോഷം എന്നതിലുപരി ഒരു വികാരം കൂടിയാണ് ഓണം. അത്തം മുതല്‍ ചതയം വരെ നീണ്ടുനില്‍ക്കുന്നതാണ് ആഘോഷങ്ങള്‍. 'മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ' എന്നു പാടിയ നമുക്ക്, കൊറോണക്കാലത്തും മാനുഷരെല്ലാരും ഒന്നുപോലെത്തന്നെയാണെന്ന ബോധ്യത്തോടെ ഈ ഓണം ആഘോഷിക്കാം.
ഐതിഹ്യങ്ങള്‍
ഓണത്തിന് ഒന്നിലധികം ഐതിഹ്യങ്ങളുണ്ട്. എങ്കിലും അതില്‍ ഏറ്റവും പ്രാധാന്യമുള്ളത് മഹാബലിയുടേതുതന്നെ. പണ്ട് കേരളം ഭരിച്ചിരുന്നത് അസുരരാജാവും വിഷ്ണുഭക്തനുമായിരുന്ന പ്രഹ്ലാദെൻറ പേരക്കുട്ടിയുമായ മഹാബലി ആയിരുന്നു. വലിയ ത്യാഗം ചെയ്തവന് എന്ന തെൻറ പേരിെൻറ അർഥത്തെ സാധൂകരിക്കുന്ന രീതിയിലായിരുന്നു പ്രജാവത്സനനായ മഹാബലിയുടെ ഭരണവും ജീവിതവും.
മഹാബലിയുടെ സദ്ഭരണത്തില്‍ അസൂയാലുക്കളായ ദേവന്മാര് മഹാവിഷ്ണുവിനെ അഭയംപ്രാപിക്കുകയും തുടർന്ന് വാമനാവതാരം കൈക്കൊണ്ട മഹാവിഷ്ണു മഹാബലി നടത്തുന്ന യാഗത്തില്‍ ചെന്ന് ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെടുകയും ചെയ്തു. ആദ്യത്തെ രണ്ടടിക്കുതന്നെ ആകാശവും ഭൂമിയും അളന്നെടുത്ത വാമനന് മൂന്നാതായി തെൻറ ശിരസ്സ് കാണിച്ചുകൊടുത്തു മഹാബലി. വാക്ദാനപാലനത്തില് പ്രസന്നനായ മഹാവിഷ്ണു, തെൻറ പ്രജകളെ കാണാന്‍ ആണ്ടിലൊരിക്കല്‍ വരണം എന്ന മഹാബലിയുടെ ആവശ്യത്തെ അംഗീകരിക്കുകയും ചെയ്തു. അങ്ങനെ ആണ്ടിലൊരിക്കല്‍ പ്രജകളെ കാണാന്‍ വരുന്ന രാജാവിനുള്ള വരവേല്‍പ്പാണ് ഓണം എന്നതാണ് ഒരു ഐതിഹ്യം.
വരുണ ദേവനില്നിന്ന് കേരള ക്ഷേത്രത്തെ മോചിപ്പിച്ച് പരശുരാമന് ബ്രാഹ്മണര്‍ക്ക് ദാനം നല്‍കിയെന്നും പിന്നീട് അവരുമായി പിണങ്ങിപ്പിരിയുകയും ബ്രാഹ്മണര്‍ മാപ്പപേക്ഷിച്ചതിനെ തുടര്‍ന്ന് വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കരയില്‍ അവതരിക്കുമെന്ന് വാഗ്ദാനം ചെയ്തു എന്നും ഈ ദിവസത്തെയാണ് ഓണമായി ആഘോഷിക്കുന്നതെന്നും പറയപ്പെടുന്നു.
സിദ്ധാർഥ രാജകുമാരന് (ശ്രീബുദ്ധന്) ബോധോദയത്തിനുശേഷം ശ്രവണപദത്തിലേക്ക് പ്രവേശിച്ചത് ശ്രാവണമാസത്തിലെ തിരുവോണനാളിലായിരുന്നുവെന്നും ഇതിനെയാണ് ഓണമായി ആഘോഷിക്കുന്നതെന്നും മറ്റൊരു ഐതിഹ്യം. ഇതിനുപുറമെ വിളവെടുപ്പിെൻറ ഉത്സവമായും ഓണം അറിയപ്പെടുന്നു.
ഓണാഘോഷങ്ങള്‍
'കാണം വിറ്റും ഓണം ഉണ്ണണം' എന്നാണ് ചൊല്ല്. ഇതില്‍നിന്ന് വ്യക്തമാണ് മലയാളികള്‍ക്ക് ഓണം എത്രമാത്രം പ്രിയങ്കരമാണെന്ന്. അതുകൊണ്ടുതന്നെ ആഘോഷങ്ങള്‍ക്കും കുറവില്ല. പൂക്കളമാണ് ഓണത്തിെൻറ പ്രധാന ആകര്‍ഷണം. അത്തം മുതല്‍ പത്തുദിനമാണ് പൂക്കളം ഒരുക്കുന്നത്, ചിലര്‍ ചിങ്ങമാസാരംഭത്തിലേ പൂക്കളമിട്ടുതുടങ്ങും. പ്രജകളെ കാണാനെത്തുന്ന മഹാബലിയെ സ്വീകരിക്കുക എന്ന സങ്കൽപമാണ് ഇതിനു പിന്നില്‍. അടുത്തതാണ് ഉത്രാടപ്പാച്ചില്‍. പ്രധാന ഓണമായ തിരുവോണത്തിന് വേണ്ടതെല്ലാം കൈയെത്തും ദൂരത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഉത്രാട ദിവസം അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പായുന്നതിനെയാണ് ഉത്രാടപ്പാച്ചില്‍ എന്നുപറയുന്നത്.
പിന്നെ ഓണക്കളികള്‍, നാനാഭാഗത്ത് വസിക്കുന്നവര്‍ ഒത്തുചേരുന്നതിനോടൊപ്പം ആട്ടക്കളം കുത്തല്, കൈകൊട്ടിക്കളി, പുലിക്കളി, കുമ്മാട്ടിക്കളി, ഓണത്തല്ല്, ഓണംകളി, കമ്പിത്തായം കളി, ഭാരക്കളി, നായും പുലിയും െവക്കല്‍, ആറന്മുള വള്ളംകളി, തലപ്പന്തുകളി, കിളിത്തട്ടുകളി, സുന്ദരിക്ക് പൊട്ടുകുത്ത്, വടംവലി, ഓണപ്പാട്ട് പോലുള്ള ഓണക്കളികള്‍ ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നു.
ഓണാഘോഷങ്ങളില്‍ ഏറ്റവും പ്രധാനമാണ് ഓണസദ്യ. ഉപ്പില്‍ തുടങ്ങി പച്ചമോരില് അവസാനിക്കുന്ന ഓണസദ്യയില്‍ എരിവ്, പുളി, ഉപ്പ്, മധുരം, ൈകപ്പ്, ചവര്‍പ്പ് എന്നിങ്ങനെ ആറ് രസങ്ങള്‍ ചേര്‍ന്നിരിക്കുന്നു. അതുകൊണ്ടുതന്നെ 'ഓണം ഉണ്ടറിയണം'. മഹാബലിയെ വരവേല്‍ക്കുന്നതിനായി കളിമണ്ണില്‍ രൂപങ്ങള്‍ മെനഞ്ഞെടുക്കുന്നതും വീട്ടുമുറ്റത്ത് മറ്റു പൂജകള്‍ പോലെതന്നെ തൂശനിലയില്‍ ദര്‍ഭപുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് മാവൊഴിച്ച്, പൂവട നിവേദിക്കുന്നതും ഓണനാളില്‍ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണ്. തിരുവോണ നാളിലെ ചടങ്ങുകള്‍ കേരളത്തില്‍ വ്യത്യസ്തമായാണ് ആഘോഷിക്കുന്നത്. തിരുവോണത്തിന് കുളിച്ച് ഓണക്കോടിയണിഞ്ഞ് ക്ഷേത്ര ദര്‍ശനം നടത്തുകയും പൂക്കളമിടുകയും ചെയ്യുന്നതോടെ ഓണസദ്യക്കുള്ള ഒരുക്കങ്ങള്‍ക്കു തുടക്കമാവും.
വീട്ടിലിരുേന്നാണം
നിനച്ചിരിക്കാതെ വന്ന പ്രളയം കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഓണത്തെ വെള്ളത്തിലാക്കിയെങ്കില് ഇത്തവണ കോറോണയാണ് വില്ലന്‍. ഇത്തവണ കേരളത്തിലേക്ക് വരുന്ന മാവേലിക്ക് മാസ്കും സാനിറ്റൈസറും നിര്‍ബന്ധമാണ്. കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നാണ് സർക്കാര്‍ ഉത്തരവ്. അതുകൊണ്ടുതന്നെ ഇത്തവണ കലാലയങ്ങളില്നിന്നുയരുന്ന ആര്‍പ്പുവിളികള്‍ കേള്‍ക്കാനാവില്ല. അയല്‍ സംസ്ഥാനങ്ങളില്‍നിന്നും ഇറക്കുമതി ചെയ്ത പൂക്കള്‍ വീട്ടുമുറ്റത്തെ പൂക്കളത്തില്‍ ഉണ്ടാവില്ല. കലാകായിക മത്സരങ്ങളും ഉണ്ടാവില്ല. കുടുംബസംഗമവും സാധ്യമല്ല. എന്നിരുന്നാലും ഈ ഓണം നമ്മള് ആഘോഷിക്കും, കുറച്ച് പഴമയും പുതുമയുമായി.
എങ്ങനെയെന്നല്ലേ, വീട്ടുമുറ്റത്ത് നാം നട്ടുനനച്ചു വളര്‍ത്തിയ പൂക്കള്‍കൊണ്ട് പൂക്കളമിടാം, ഓണത്തിനുപോലും വീട്ടിലിരിക്കാന്‍ സാധിക്കാതെപോയ പലര്‍ക്കും ഈ ഓണം വീട്ടില്‍ ആഘോഷിക്കാം. ഉത്രാടപ്പാച്ചിലിലെ തിക്കും തിരക്കും ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ വെബ്സൈറ്റുകളെ ആശ്രയിക്കാം. ഓണ്‍ലൈന്‍ ക്ലാസുകളാണെങ്കിലും പതിവ് ഓണാവധി കിട്ടിയപ്പോള്‍ കുട്ടികള്‍ക്കും സന്തോഷമായി. അങ്ങനെ വീടുകളില്‍ ഓണമാഘോഷിക്കാം, കൊറോണയെ അകറ്റിനിര്‍ത്താം.
പാലിക്കാം മാര്‍ഗനിർദേശങ്ങള്‍
-ആഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തുക
-പൊതുസ്ഥലങ്ങളില്‍ ആഘോഷങ്ങള്‍ പാടില്ല
-പൂക്കളമൊരുക്കാന് അതത് പ്രദേശത്തെ പൂക്കള്‍ ഉപയോഗിക്കുക
-സംസ്ഥാന അതിര്‍ത്തികളില്‍ ജാഗ്രത പാലിക്കുക
-ഓണാഘോഷത്തോടനുബന്ധിച്ച് കടകളില്‍ തിരക്കുപാടില്ല, ശാരീരിക അകലം പാലിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.