അമ്പലത്തിങ്കൽ വീട്ടിലെ ഹാപ്പി ഓണം
text_fieldsവർഷങ്ങൾ നീണ്ട മാരത്തൺ ഒാട്ടത്തിെൻറ ഫിനിഷിങ് ലൈൻ തൊട്ട ആവേശമാണ് പാലായിലെ അമ്പലത്തിങ്കൽ വീട്ടിൽ. മകനും മരുമകളും ഇൗ ഒാണക്കാലത്ത് വീട്ടിലുണ്ടെന്ന സന്തോഷത്തിലാണ് അച്ഛൻ മാത്യുവും അമ്മ മോളിയും. മകൻ ഹർഡിൽസ് ട്രാക്കിലെ മുൻ ദേശീയ ചാമ്പ്യൻ പിേൻറാ മാത്യുവും, ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും രാജ്യത്തിനായി മെഡലണിഞ്ഞ മരുമകൾ നീനയും അമ്പലത്തിങ്കൽ വീട്ടിലുണ്ട്.
അതുകൊണ്ട് തന്നെ, കോവിഡും, ലോക്ഡൗണുമെല്ലാം ഒാണനാളിൽ കളത്തിന് പുറത്താണ്. ആഘോഷത്തിന് മാറ്റില്ലെങ്കിലും സന്തോഷങ്ങൾക്ക് അതിരില്ല. അതിനിടയിലും നീനക്ക് ഒരൊറ്റ സങ്കടമുണ്ട്. കോഴിക്കോട് മേപ്പയൂരിലെ സ്വന്തം വീട്ടിൽ കാത്തിരിക്കുന്ന അച്ഛൻ നാരായണനും അമ്മ പ്രസന്നക്കുമരികിൽ ഒാടിയെത്താൻ കഴിയില്ലെന്ന ദുഃഖം. കോവിഡ് തന്നെ വില്ലൻ.
'സ്പോർട്സുമായി ഒാടാൻ തുടങ്ങിയതോടെ ഒാണവും ആഘോഷവുമൊന്നുമില്ല. മത്സരങ്ങളും പരിശീലന ക്യാമ്പും ആയി എപ്പോഴും രാജ്യത്തിെൻറ ഏതെങ്കിലും കോണിലാവും. ഇതിനിടെ, ഒാണവും വിഷുവും ക്രിസ്മസുമായി ആഘോഷങ്ങൾ വന്നുപോവും. മത്സരങ്ങൾക്ക് അവധിയുണ്ടെങ്കിൽ മാത്രം വീട്ടിലെത്തും.
രണ്ടോ മൂന്നോ ദിവസം മാത്രമെ തങ്ങാനാവൂ. മനസ്സറിഞ്ഞ ആഘോഷത്തിന് നേരമുണ്ടാകാറില്ല. അപ്പോഴേക്കും അടുത്ത തിരക്കിലേക്ക്...' ഒന്നര പതിറ്റാണ്ടുകാലത്തെ ആഘോഷങ്ങളെയും ജീവിതത്തെയും കുറിച്ച് പറയുകയാണ് ലോങ്ജംപ് പിറ്റിലെ ഇന്ത്യൻ സൂപ്പർ താരം നീന പിേൻറാ.
ഒട്ടനവധി ദേശീയ മെഡലുകളും, ഏഷ്യൻ ഗെയിംസ്, ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ് എന്നിവയിൽ വെള്ളിയും നേടിയ നീനയും മുൻ അത്ലറ്റ് കൂടിയായ പിേൻറായും ജീവിത ട്രാക്കിൽ ഒന്നായിട്ട് വരുന്ന നവംബറിൽ മൂന്ന് വർഷം പൂർത്തിയാവുകയാണ്.
പക്ഷേ, ഇരുവരും വീട്ടിൽ ഒന്നിച്ച് ആഘോഷിക്കുന്ന ആദ്യ ഒാണമാണിത്. ആഗസ്റ്റ് മുതൽ ഡിസംബർ വരെ ദേശീയ-രാജ്യാന്തര മത്സരങ്ങളുടെ സീസൺ ആയതിനാൽ ഇവർ പലപ്പോഴും ക്യാമ്പുകളിലോ ചാമ്പ്യൻഷിപ് വേദികളിലോ ആവും. ഇക്കുറി കോവിഡ് കാരണം മത്സരകലണ്ടറെല്ലാം മുടങ്ങിയതോടെ വീട്ടിൽ തന്നെയായി. അതുകൊണ്ട് ആദ്യമായി കുടുംബമൊന്നിച്ച് ഒാണമുണ്ണാനുള്ള ഒരുക്കത്തിലാണ് ഇവർ.
പാലായിൽ നിന്ന് കോഴിക്കോട് സായിയിലെത്തി ഹർഡിൽസ് ട്രാക്കിൽ പൊന്നുകൊയ്യും താരമായ പിേൻറാ നിലവിൽ സതേൺ റെയിൽവേയിൽ സീനിയർ ടിക്കറ്റ് എക്സാമിനറാണ്. ട്രാക്കിലെയും ജീവിതത്തിലെയും കൂട്ടുപോലെ റെയിൽവേയിലും പിേൻറാക്കൊപ്പം നീനയുണ്ട്. വിവിധ മീറ്റുകൾക്കിടയിലെ പരിചയത്തിനൊടുവിൽ റെയിൽവേയിലും ഇരുവരും ഒന്നിച്ചായിരുന്നു വെസ്റ്റേൺ റെയിൽവേ രാജ്കോട്ട് ഡിവിഷനിൽ ജോലിയിൽ പ്രവേശിച്ചത്.
പരിചയം, സൗഹൃദവും പ്രണയവുമാകാൻ അധികസമയം വേണ്ടിവന്നില്ല. അങ്ങനെ അഞ്ചുവർഷത്തെ പ്രണയകാലത്തിനൊടുവിൽ ഇരു വീട്ടുകാരുടെയും അനുഗ്രഹത്തോടെ കോഴിക്കോട് മേപ്പയൂരുകാരി നീനയും, പാലാക്കാരൻ പിേൻറായും ജീവിതട്രാക്കിൽ ഒന്നായി. രണ്ടുവർഷം മുമ്പ് സതേൺ റെയിൽവേയിലേക്ക്് ട്രാൻസ്ഫർ വാങ്ങി ഇരുവരും കോട്ടയത്തെത്തി.
ഇപ്പോൾ, നീനയുടെ പരിശീലകവേഷത്തിലാണ് പിേൻറാ ട്രാക്കിലെത്തുന്നത്. കോവിഡ് ലോക്ഡൗണിലും വർക്കൗട്ടും ഫിറ്റ്നസ് ട്രെയ്നിങ്ങുമായി ഇരുവരും സജീവമാണ്. ലെവൽ വൺ കോച്ചിങ് സർട്ടിഫിക്കറ്റുള്ള പിേൻറായുടെ ലക്ഷ്യം 2022 ഏഷ്യൻ ഗെയിംസിലൂടെ നീനയെ വീണ്ടും മെഡൽ പോഡിയത്തിലേക്ക് നയിക്കുകയാണ്. നിശ്ചയദാർഢ്യമുണ്ടെങ്കിൽ എല്ലാം കീഴടക്കാമെന്ന് ജീവിതംകൊണ്ട് തെളിയിച്ച നീനയും അതിനുള്ള ഒരുക്കത്തിലാണ്.
തീയിൽ കുരുത്ത നീന
മേപ്പയൂരിലെ വരകിൽ വീട്ടിൽ നിന്ന് അച്ഛെൻറ കൈപിടിച്ച് 13 കി.മീ അകലെയുള്ള കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെത്തിയായിരുന്നു നീനയുടെ ഒാട്ടത്തുടക്കം. എളമ്പിലാട് യു.പി സ്കൂളിലെ അധ്യാപകൻ രാമചന്ദ്രനായിരുന്ന നീനയിലെ അത്ലറ്റിനെ തിരിച്ചറിഞ്ഞത്.
അദ്ദേഹം തന്നെ കൊയിലാണ്ടി സ്കൂളിലും ഉഷ സ്കൂളിലുമെത്തിക്കാൻ പരിശ്രമിച്ചു. കൂലിപ്പണിക്കാരനായ അച്ഛൻ ആറാം ക്ലാസുകാരിയിലെ സ്പോർട്സ് സ്വപ്നങ്ങൾക്ക് വെള്ളവും വളവുമായി. അതിരാവിലെയും വൈകീട്ടും അദ്ദേഹം മകൾക്കൊപ്പം കിലോമീറ്ററുകൾ താണ്ടി. പലദിവസങ്ങളിലും ജോലിക്ക് പോവാൻ കഴിയാതെ പ്രയാസപ്പെട്ടു.
രണ്ട് പെൺമക്കൾ ഉൾപ്പെടുന്ന നാലാംഗ കുടുംബത്തെ പട്ടിണിയില്ലാതെ പോറ്റാൻ പ്രയാസപ്പെടുേമ്പാഴായിരുന്നു അതിസാഹസം. പക്ഷേ, നെയ്തുകൂട്ടിയ സ്വപ്നങ്ങളൊന്നും പാഴായില്ല. എട്ടാം ക്ലാസിൽ പഠിക്കവേ സംസ്ഥാന ചാമ്പ്യനായി നീന മെഡൽക്കൊയ്ത്ത് തുടങ്ങി.
പിന്നെ, തലശ്ശേരി സായിയിലേക്ക്. ശേഷം ലോങ്ജംപിലെ സൂപ്പർ കോച്ച് എം.എ. ജോർജിന് കീഴിൽ. ദേശീയ ജൂനിയർ-ഒാപൺ മീറ്റുകളിൽ മെഡൽക്കൊയ്ത്ത് നടത്തിയ നീനയെ തേടി ഇന്ത്യ ക്യാമ്പിലേക്കുള്ള വിളിയെത്തി. ഇതിനിടെ, അനുഗ്രഹമായി റെയിൽവേയിൽ ജോലി ലഭിച്ചു. നേടുന്ന മെഡലുകൾ സൂക്ഷിക്കാൻ ചോർന്നൊലിക്കാത്ത വീടെന്ന സ്വപ്നം പലതവണ മാധ്യമങ്ങളിൽ വാർത്തയായി.
സർക്കാറുകൾ സഹായ വാഗ്ദാനവുമായെത്തി. പക്ഷേ, എല്ലാം വെറുതെയായിരുന്നു. ഒടുവിൽ രാജ്യത്തിെൻറ യശസ്സ് ഉയർത്തിയ പ്രിയ താരം സ്വപ്രയത്നത്തിൽതന്നെ വീടെന്ന സ്വപ്നവും പൂവണിയിച്ചു. ചില സന്നദ്ധ സംഘടനകളുടെയും സഭയുടെയും സഹായം ലഭിച്ചിരുന്നു. ഇനി നീനയുടെ ലക്ഷ്യം, ജംപിങ് പിറ്റിലേക്കുള്ള തിരിച്ചുവരവാണ്. അതും തനിക്കാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അവർ. തീയിൽ കുരുത്തത് വെയിലത്ത് വാടില്ലേല്ലാ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.