വേദനയും തേൻതുള്ളിയാകും ഓർമത്തെളിച്ചം
text_fieldsഉസ്താദിെൻറ ഓർമദിനത്തിൽ ജിന്ന് പള്ളിയും മുല്ല ബസാറും കാവും അമ്പലവുമുള്ള കുന്നിൻ ചെരിവിലെ ഗ്രാമത്തിലേക്ക് അർധരാത്രി പുഴ കടന്നെത്തുന്ന സൂഫി പറഞ്ഞത് മലയാള സിനിമക്ക് അപരിചിതമായ പ്രണയകഥയാണ്. ഏറ്റവും മനോഹരമായി സംസാരിക്കാൻ കഴിയുന്നത് തെൻറ ഞാവൽപ്പഴ കണ്ണുകൾക്കാണെന്ന് കാണിച്ചുതന്ന കഥക് നർത്തകി സുജാതക്ക് സകലകലകളുടെയും സൂഫിയോട് തോന്നിയത് പ്രാണന് പ്രകാശത്തോടുള്ള അഥവാ റൂഹിന് നൂറിനോടുള്ള അനുഭൂതിയായിരുന്നു.
ചോരയുടെ നിറമുള്ള മൈലാഞ്ചിച്ചെടികൾ പന്തലിട്ട ജിന്ന് പള്ളിക്കാട്ടിൽ ഖബറടക്കിയ പ്രണയം. മഹാമാരിയിൽ ലോകം വിറങ്ങലിച്ച് നിൽക്കെ ഇൻറർനെറ്റിൽ റിലീസായ 'സൂഫിയും സുജാതയും' സിനിമക്ക് പ്രേക്ഷകർ നൽകിയത് അഭൂതപൂർവമായ വരവേൽപ്പായിരുന്നു. ഒറ്റ സിനിമ കൊണ്ട് മുല്ല ബസാറിലെ മുഅ്മിനീങ്ങൾക്കിടയിൽ മാത്രമല്ല മലയാളത്തിലൊന്നടങ്കം ആരാധകരെ സൃഷ്ടിച്ച ദേവ് മോഹൻ, ഇക്കുറി ഓണം പടികടന്നെത്തുമ്പോൾ തൃശൂർ ഇരിങ്ങാലക്കുടയിലെ വീട്ടിൽത്തന്നെയുണ്ട്.
മുത്തശ്ശി പറഞ്ഞുതന്ന കഥകളിൽപ്പോലും ഇതുപോലൊരു കാലമുണ്ടായിട്ടില്ലെന്ന് ദേവ് മോഹൻ. ഓരോ ദിവസവും കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളുണ്ടാവുന്നു. കണിയും കരിമരുന്നുമില്ലാത്ത വിഷുവും അത്തറിൻ കുപ്പി തുറക്കാത്ത, മൈലാഞ്ചി മണമില്ലാത്ത പെരുന്നാളുകളും കടന്നുപോയി. പടച്ചവെൻറ കിത്താബിൽ ഇനിയെന്തൊക്കെ എഴുതിവെച്ചിട്ടുണ്ടെന്ന് പടപ്പുകൾക്ക് എങ്ങനെ അറിയാം.
സ്വപ്നത്തിൽപോലും വിചാരിച്ചതല്ല ഇതൊന്നും. മെക്കാനിക്കൽ എൻജിനീയറായ ദേവ് മോഹൻ നാല് വർഷമായി ബംഗളൂരുവിലെ ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഓണത്തിന് കഴിയുന്നതും നാട്ടിലെത്താറുണ്ട്. പോരാൻ പറ്റാതെ വന്നാൽ സുഹൃത്തുക്കൾക്കൊപ്പം സദ്യ വരുത്തി കഴിക്കുന്നതിലൊതുക്കും ഒാണാഘോഷം. അപ്പോഴും അത്തപ്പൂക്കളം തീർക്കലും ഓണക്കളികളും ഉള്ളിൽ മിന്നിമറിയും.
വീട്ടിലുള്ള ഓണം, കൂട്ടുകൂടലിെൻറ ആഘോഷമാണ്. തറവാട്ടിൽ മുത്തശ്ശിയുണ്ട്. പിതൃസഹോദരങ്ങളും മക്കളുമെല്ലാം ഓണനാളിൽ അവിടെത്തും. അച്ഛൻ കൃഷ്ണകുമാർ, അമ്മ വത്സല, ചേച്ചി മാലിനി എന്നിവരാണ് ദേവിെൻറ വീട്ടുകാർ. ചേച്ചി വിവാഹിതയായി. 'സൂഫിയും സുജാതയും' ചിത്രത്തിെൻറ ഡബ്ബിങ്ങിനായി മേയിൽ നാട്ടിലെത്തിയതാണ് ദേവ്. 'വർക്ക് ഫ്രം ഹോം' രീതിയിലാണ് ഇപ്പോൾ ജോലി.
സിനിമക്ക് ലഭിച്ച സ്വീകാര്യത, പഠനകാലത്ത് സ്കൂൾ-കോളജ് നാടക വേദികളിൽേപാലും പ്രത്യക്ഷപ്പെടാത്തയാളെ, ജീവിതം പൂർണമായും അഭിനയരംഗത്തേക്ക് തിരിച്ചുവിടുക എന്ന ചിന്തയിലെത്തിച്ചിട്ടുണ്ട്. പുതിയ പ്രോജക്ടുകളുടെ കഥ കേൾക്കുന്ന തിരക്കിലാണ്. വിവാഹം കഴിക്കുന്നതുൾപ്പെടെ കാര്യങ്ങൾ ആലോചനയിലുണ്ട്. ഇനിയുണ്ടാവരുതേയെന്ന് എല്ലാരും ആഗ്രഹിക്കുന്നൊരു ഓണക്കാലത്ത് നല്ലോർമകളുടെ കടൽ, വാതിൽക്കലെത്തി ആശ്വാസവാക്കുകൊണ്ട് മുട്ടണ കേൾക്കാം. വേദനകളെ തേൻതുള്ളിയാക്കുന്നൊരു തെളിച്ചം വിദൂരത്തല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.