കൊയ്ത്ത്, അത്തപ്പൂക്കളം, പുത്തനുടുപ്പ്, കുത്തരിച്ചോറ്, പാൽപ്പായസം ഇതെല്ലാമാണ് ഓണം
text_fieldsഐതിഹ്യം, പുരാവൃത്തം, മിത്ത്, ഇതിഹാസം, ചരിത്രം ഇത്തരം വാക്കുകൾ ഒന്നും കുട്ടിക്കാലത്ത് കേട്ടിട്ടില്ല. വാമനൻ, മഹാബലി, വിഷ്ണു, മായാരൂപി, വാഗ്ദത്തഭൂമി, ധർമനീതി ഇങ്ങനെയൊന്നും പറയാൻ അറിയില്ല. സ്വർഗം, പാതാളം, ആകാശം, ഭൂമിയെ പറ്റി ഒന്നും വേവലാതിപ്പെട്ടിട്ടില്ല. ആകെ അറിയാവുന്നത് കൊയ്ത്ത്, മെതി, നെല്ല്, അത്തപ്പൂക്കളം, പുത്തനുടുപ്പ്, ഊഞ്ഞാൽ, തൂശനില, കുത്തരിച്ചോറ്, ഉപ്പേരി, പരിപ്പ്, സാമ്പാർ, പുളിശ്ശേരി, ഇഞ്ചിപ്പുളി, അവിയൽ, പച്ചടി, പാൽപ്പായസം ... അഞ്ചോണവും പിന്നൊരു കൊച്ചോണവും. ഹാ... നാട്ടുമ്പുറത്തെ ഓണത്തിെൻറ മാറ്റൊലി ആഹ്ലാദ കാഹളമായി മലയിറങ്ങി, തോടിറങ്ങി, പാടം കടന്ന്, ഇടവഴി കയറി ദാ മുറ്റത്ത് നിന്ന് കൊട്ടിപ്പാടുന്നു.
ഇന്നത്തെ കൊടുമൺ റബർ പ്ലാേൻറഷൻ മുഴുവൻ അന്ന് വനമായിരുന്നു. നെടു-വൻ-കാവ് എല്ലാം വെട്ടിത്തെളിച്ച് നെടുമൺകാവ് എന്ന പേരുപോലും മാറ്റി ചന്ദനപ്പള്ളി പ്ലാേൻറഷൻ എന്ന മേൽവിലാസം കൊടുത്തത് വലിയൊരു ഗൂഢാലോചന. ചരിത്രരേഖകളിൽ സ്ഥലനാമം സ്ഥിരപ്പെടാൻ പ്രമാണിമാരും ഉദ്യോഗസ്ഥ ദുരധികാരവും ചെയ്ത വഞ്ചന. അന്നത്തെ പ്ലാേൻറഷൻ അധികാരി താമസിച്ചത് ചന്ദനപ്പള്ളിയിൽ. പേരുമാറ്റത്തിന് അതും പ്രേരണ. അങ്ങിങ്ങ് ചില പ്രതിഷേധങ്ങൾ ഉണ്ടായി. വിലപ്പോയില്ല. നെടുമൺകാവിലെ ഇടതൂർന്ന വനത്തിൽ ഞങ്ങൾ കുട്ടികൾ നിർഭയം കയറും. വെട്ടുകത്തി, പിച്ചാത്തി ഇവയൊക്കെ കരുതും. വലിയ മരത്തിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന അതമ്പിൻ വള്ളി മുറിക്കും. നാലഞ്ചു പേർ ആഞ്ഞ് വലിച്ച് താഴെയിറക്കും. ഇലയും ശാഖകളും ചെത്തിക്കളഞ്ഞ് പത്തു പതിനഞ്ചു മുഴം നീളമുള്ള അതമ്പുവള്ളി കാട്ടുവഴിത്താരയിലൂടെ വലിച്ചു കൊണ്ടുവരും അതാണ് പൂരംപോലെ ഒരു ആഘോഷം.
''ആർപ്പോ.. ഇർ ർ ർ റോ...'' നാട്ടുകാരുടെ വൻ പട അതമ്പു വള്ളിയെ എതിരേൽക്കും. ഈ വള്ളികൊണ്ട് പ്ലാവിെൻറ ചാഞ്ഞ കൊമ്പിൽ ഊഞ്ഞാൽ കെട്ടാൻ മുതിർന്നവർ സഹായിക്കും. മുറിച്ചെടുത്ത മടലിെൻറ രണ്ടറ്റത്തും ചതച്ച വള്ളി ചുറ്റിക്കെട്ടി ഇരിപ്പിടം ഒരുക്കും. ഊഞ്ഞാൽ ആടാൻ ആളുകൾ നിരനിരയായി നിൽക്കും. വായിൽ തോന്നിയതെല്ലാം പാടും. പാടാത്ത കാറ്റില്ല, കിളിയില്ല, ഇലയില്ല, എെൻറ നാട്ടിൽ! ഊഞ്ഞാലിൽനിന്ന് വീണ് പരിക്കേറ്റാൽ ശിക്ഷയില്ല. വീട്ടിൽ ആരും ശാസിക്കില്ല. ഓണമല്ലേ... ആഹ്ലാദമല്ലേ... തുമ്പച്ചെടി പിഴുതെടുത്ത് വാഴവള്ളിയിൽ കൊരുത്ത്, ശരീരം പൊതിഞ്ഞുകെട്ടി പാളേക്കാലം മുഖത്തുെവച്ച് ഒരു പുലികളി. വീടുകളിൽ കയറിയിറങ്ങി പാട്ടും താളവും, ഉപ്പേരിയും ശർക്കരവരട്ടിയും സമ്മാനം. അപൂർവം നാല് നാണയവും. മുറ്റത്ത് പെൺകുട്ടികളുടെ പശുവും പുലിയും കളി.
''എെൻറ പശു ഒന്ന് പെറ്റെ,
ഒന്നര പാലും കറന്നെടുത്തേ
എെൻറ പശു രണ്ടു പെെറ്റ,
രണ്ടരപ്പാലും കറന്നെടുത്തേ''
പശുവിനെ പിടിക്കാൻ ഒരുപുലി പാഞ്ഞുവരും പുലിക്ക് പശുവിനെ കൊടുക്കരുത് കൊടുത്താൽ കളി തോറ്റു. കമുകിൻ പാളയും തണുങ്ങും ഉപയോഗിച്ച് മറ്റൊരു കളി,
അശ കൊശലേ പെണ്ണുണ്ടോ
പെണ്ണിനെ തരുമോ മാതൂരേ...
എന്ന് പാടി ഒരുവശത്തെ പെൺകുട്ടികൾ.
''അശ കൊശലെ പെണ്ണില്ല'' എന്ന് മറുവശത്തെ പെൺകുട്ടികൾ.
''പൊന്നിട്ട പെട്ടകം പൂട്ടി തരാം,
പൂട്ടാത്താക്കോലൊളിച്ചു തരാം'' എന്ന് പ്രലോഭനം.
''പൊന്നിട്ട പെട്ടകം പൂട്ടീം വേണ്ട
പൂട്ടാത്താക്കോലൊളിച്ചും വേണ്ട'' എന്ന് മറുപടി - ആര് ജയിച്ചോ എന്തോ ?
''അത്തത്തിപ്പത്ത് പിറന്നാലേ,
അച്ചിമാർക്കടുക്കള നെറക്കേണം,
മൂപ്പുള്ള മുതുക്കന്മാർക്കിരുപറയും,
മുതു തള്ളക്കെളവികൾക്കരപ്പറയും,
ചെറു പുള്ളക്കിരുനാഴി പൊലിയളവും,
മലതൈവത്തന്മാർക്ക് നെറപറയും.
കണ്ടത്തിക്കതിരൊള്ള കഥനെറയും ...''
അച്ഛൻ പാടുന്ന പാട്ടുകൾക്ക് അറുതി ഇല്ല. അമ്മയുടെയും അയൽക്കാരുടെയും മുഖം പ്രസാദിക്കും. ഈരടികൾക്ക് എല്ലാം അർഥവും ഉള്ളർഥവും ഉണ്ടെന്ന് ഇന്ന് അറിയാം.
ഓണം എനിക്ക് കലകളുടെ സമ്പൂർണ ഗ്രാമ ബാലോത്സവം. അച്ഛന് കാർഷികോത്സവം. അമ്മക്ക് വിളമ്പിയൂട്ട് ഉത്സവം. മക്കൾക്കെല്ലാം കളി ഉത്സവം. പ്രകൃതിക്ക് നൂറായിരം പൂക്കളുടെ വസന്തോത്സവം. കിളികൾക്കും കുഞ്ഞുറുമ്പുകൾക്കും കോഴികൾക്കും കന്നുകാലികൾക്കും നല്ല ഓണത്തിെൻറ പങ്കുകിട്ടും. അമ്മകൈയുടെ പുണ്യം അറിയാത്ത തിരുവോണം എെൻറ ഓർമയിൽ ഇല്ല. നാടകമോ കഥാപ്രസംഗമോ ആസ്വദിക്കാത്ത ഓണമില്ല. കുളിച്ചൊരുങ്ങി പുത്തൻ ഉടുത്ത്, കുറിതൊട്ട്, ഉമ്മറത്ത് തഴപ്പായയിൽ നിരനിരയായി ചമ്രം പടിഞ്ഞിരുന്ന് നല്ല കാലത്തിെൻറ മഹത്തായ ഗോത്രസ്മൃതി തിന്നുതീർത്ത തലമുറകൾ! ഏതോ വേദനാ നിർഭരമായ ഒരുബലി കഥ -ശാപമോക്ഷം നേടി, സമത്വത്തിെൻറ മാനവസന്ദേശമായി ജീവിതത്തെ വിളിച്ചുണർത്തുന്നുമെന്നാരറിഞ്ഞു. ആ കാലം ഓർത്ത് ഇങ്ങനെ എഴുതുന്നു: ''മറ്റെങ്ങുമല്ലെൻ നെഞ്ചിലാത്മ സന്താപത്തിെൻറ
കയ്പുള്ള കരിക്കാടി മധുരിക്കുന്നൂ, കുഞ്ഞേ...
ഏഴകൾക്കേതോ ഭൂതവാഴ്വിെൻറ ഗോത്ര താള-
മേകുന്ന കടുന്തുടി കരുത്തെൻ മഹാബലി !!! ''
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.