സംഗീതസാന്ദ്രമാണ് 'ഋതു'
text_fieldsഅമ്മ പാടി ഹിറ്റാക്കിയ പാട്ടുകൾ വീട്ടിൽ സദാസമയവും മൂളിനടക്കുന്ന മകൾ. ഇടക്ക് അമ്മയെ പാട്ടുപഠിപ്പിക്കുന്ന കുസൃതിക്കുറുമ്പി. സദാസമയവും സംഗീതസാന്ദ്രമായ 'ഋതു'വിലെ ഓരോ ദിവസവും വിശേഷപ്പെട്ടതാണ്. പാട്ടും പറച്ചിലും കളിതമാശകളുംതന്നെയാണ് ഇവിടത്തെ പ്രത്യേകത.
വൈവിധ്യമാർന്ന പാട്ടുകളിലൂടെ മലയാളികളെ അത്ഭുതപ്പെടുത്തുന്ന അമ്മക്കൊപ്പം പാട്ടുമൂളുന്ന മകളെയും മലയാളികൾ സ്നേഹത്തോടെയാണ് നെഞ്ചേറ്റിയത്. ഗായിക സിതാര, ഭർത്താവ് ഡോ. സജീഷ്, മകൾ സാവൻ ഋതു എന്നിവരുടെ പാട്ടുവിശേഷങ്ങളുമായി വീടായ 'ഋതു'വിലേക്ക്.
ഞാൻ പാടിയ പാട്ടുകൾ വീട്ടിൽ ഞങ്ങൾ കുറച്ചുപേരേ ഉള്ളൂവെങ്കിലും ബഹളത്തിനും സൊറപറച്ചിലിനും തമാശക്കും ഒരു കുറവുമില്ല. ഞങ്ങൾക്കിടയിൽ പാട്ടിനെക്കാളേറെ മിണ്ടലുകളായിരുന്നു മുന്നിട്ടുനിൽക്കാറുള്ളത്. എത്ര തിരക്കായാലും ടെൻഷനുണ്ടായാലും വീട്ടിലെ അന്തരീക്ഷത്തിൽ അതെല്ലാം മറക്കും. പക്ഷേ, തിരക്ക് കാരണം ഇടക്ക് വളരെകുറച്ച് നേരം മാത്രമായിരുന്നു ഒരുമിച്ചിരിക്കാൻ കഴിഞ്ഞത്.
പക്ഷേ, ലോക്ഡൗൺ വീട്ടിൽ പിടിച്ചിരുത്തിയതോടെ വീടകം ശരിക്കും പാട്ടകമായി. മുമ്പുണ്ടായിരുന്ന തിരക്കുകളും സമയമില്ലായ്മയും ശരിക്കും ആസ്വദിച്ച് 'പകരം' വീട്ടാൻ സാധിച്ചു. സജീഷേട്ടൻ, സായു, അമ്മ, കൂട്ടുകാർ, കുടുംബം എല്ലാവരുമായും മനസ്സറിഞ്ഞ് മിണ്ടാനും വിളിക്കുന്നില്ലെന്നും കാണാനില്ലെന്നുമുള്ള പരിഭവങ്ങൾക്ക് ഒരു പരിധി വരെ 'തീർപ്പു കൽപിക്കാനും' പറ്റിയെന്നത് സന്തോഷമാണ്. കുടുംബത്തിനൊപ്പം കൂടുതൽ നേരം തിരക്കുകളില്ലാതെ ഇരിക്കാനായി എന്നതുതന്നെയാണ് വലിയ സന്തോഷം.
ലോക്ഡൗൺ ഒരിക്കലും ഞങ്ങളെ ബോറടിപ്പിച്ചിട്ടില്ല. വീട്ടിലെ പാട്ടിന് സായുവും കൂട്ടായതോടെ ശരിക്കും സന്തോഷമായിരുന്നു. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇടക്ക് കൂട്ടുകാരോടും എന്നെ ഇഷ്ടപ്പെടുന്നവരോടുമൊപ്പം പാടാനും സംസാരിക്കാനും പരമാവധി സമയം ലഭിച്ചു. ഇടക്ക് ചെറിയ ക്രാഫ്റ്റ് വർക്കുകൾ, പെയിൻറിങ്, ഡാൻസ്, വായന, പഴയ പാട്ടുകേൾക്കൽ... അങ്ങനെ നീളുന്നതായിരുന്നു ആ ദിവസങ്ങൾ.
ലോക്ഡൗൺ സമയത്ത് വീട്ടിൽ സായു തന്നെയായിരുന്നു എെൻറ കൂട്ടും സന്തോഷവും. കഥ കേൾക്കാനല്ല പാട്ടുകേൾക്കാനാണ് അവൾക്കിഷ്ടം. ഞാനും അവളും പാട്ടും മൂളി വീടിെൻറ ഏതേലും മൂലയിൽ ഇരിക്കുമ്പോൾ സജീഷേട്ടനും ചിലപ്പോൾ അമ്മയും കൂടും. അങ്ങനെ പാട്ടും പറച്ചിലുമായി സമയം പോവുന്നത് അറിയില്ല. ലതിക ടീച്ചറുടെ പാട്ടുകളെല്ലാം സജീഷേട്ടന് ഇഷ്ടമാണ്.
സായുവിന് അറബിക് പാട്ടുകളും. ഇടക്ക് കഥ കേൾക്കണമെന്ന് പറഞ്ഞാൽ സജീഷേട്ടനും അമ്മക്കുമൊപ്പം അവൾ ചേരും. ഇടക്ക് സോഷ്യൽ മീഡിയയിൽ പാട്ടും പറച്ചിലുമായി എത്തിയ ഗായകരെ വിമർശിച്ചവർക്ക് ഞാൻ തന്നെ മറുപടി നൽകി. പാട്ടെന്നത് ഞങ്ങൾക്ക് പണം കിട്ടാനുള്ള ഉപാധിയല്ല. അത് ഞങ്ങളുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്...
കല്യാണത്തിനു മുമ്പ് എൻെറ വീട്ടിൽ എങ്ങനെയായിരുന്നോ അതേ രീതിതന്നെയാണ് 'ഋതു'വിലും. എല്ലാവരും ഒത്തുകൂടി വിശേഷങ്ങൾ പങ്കുവെക്കും. എത്ര വൈകിയാണെങ്കിലും പറഞ്ഞുതീർത്തിട്ടേ ഉറങ്ങൂ. അതിന് സമയം പ്രശ്നമല്ലായിരുന്നു.
ഇപ്പോഴും റെക്കോഡിങ്ങും പരിപാടികളുമൊക്കെ കഴിഞ്ഞു വൈകി വന്നാലും എല്ലാ വിശേഷങ്ങളും ഇരുന്നു സംസാരിച്ചിട്ടേ ഉറങ്ങാറുള്ളൂ. സായുവിനാണെങ്കിൽ പറയാനേറെയുണ്ടാവും. അവൾക്ക് പറയാനുള്ളത് നിറയെ കൗതുകങ്ങളേറിയ കാര്യങ്ങളാണ്... അത് കേൾക്കാനേറെ രസമാണ്..
യാത്രചെയ്യാൻ ഒരുപാടിഷ്ടമാണ്. പരിപാടിയുമായി ബന്ധപ്പെട്ടും അല്ലാതെയുമൊക്കെ ഒത്തിരി യാത്രപോകാറുണ്ട്. പക്ഷേ, ഇപ്പോൾ കാര്യങ്ങൾ പഴയതുപോലെയല്ല. എവിടെ പോയാലും വീട്ടിലേക്കുതന്നെ പെട്ടെന്ന് തിരിച്ചെത്തണമെന്ന ചിന്തയാണ്. കാരണം ശരിക്കും വീട് വല്ലാത്തൊരു സമാധാനമാണ് നൽകുന്നത്. എപ്പോഴും വരാൻ തോന്നുന്ന ഇടം. പുറംേലാകം എത്രപെെട്ടന്നാണ് നമ്മുടെ സമാധാനത്തിന് ഭംഗം വരുത്തിയത്!
സൗഹൃദം ഏറെ ഇഷ്ടമാണ്. ഇടക്ക് ഏതെങ്കിലും കൂട്ടുകാരുടെ വീട്ടിലോ കഫേകളിലോ ഒത്തുകൂടാറുണ്ടായിരുന്നു. അതിൽ ഏറെയും ഞങ്ങളുടെ മ്യൂസിക് സ്കൂളായ 'ഇട'ത്തിലായിരുന്നു. കോവിഡിനെ തുടർന്ന് പഴയപോലെ ഇത്തവണ 'ഇട'ത്തിൽ ഒത്തുകൂടാനാവാത്തത് സങ്കടകരമാണ്. പക്ഷേ, വിഡിയോ കാളും ഗ്രൂപ് ചാറ്റും ഒക്കെയായി സൗഹൃദത്തിന് കുറവുണ്ടായില്ല.
ഓണം ഓർമകളിലേക്ക് നടന്നാൽ ആദ്യം മനസ്സിലെത്തുന്നത് എെൻറ കുട്ടിക്കാലത്തിന് നിറംചാർത്തിയ അച്ഛമ്മയും അച്ഛച്ഛനും താമസിച്ച ആ പഴയ വീടാണ്. ഞാൻ മുമ്പ് താമസിച്ചതിൽ എനിക്ക് ഏറെ ഇഷ്ടമുള്ള വീടും ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒാർമകളും അവിടെതന്നെയാണ്.
വിശാലമായ മുറ്റം. അതിന് അഴകേകുന്ന മാവ്. വലിയ അടുക്കള. രാവിലെയും ഉച്ചക്കും വൈകീട്ടും ആളുകളെക്കൊണ്ടും കളിതമാശകളാലും നിറയുന്ന സജീവമായ വീട്ടുവരാന്ത. പിന്നെ മതിലിനോടു ചേർന്ന് വീട്ടിൽനിന്നുതന്നെ സാധനങ്ങൾ വാങ്ങാൻ കഴിയുന്ന പരീദിക്കാെൻറ കട... അങ്ങനെ വിശേഷങ്ങൾ ഏറെയായിരുന്നു ആ പഴയ കേരളത്തനിമയുള്ള വീടിന്.
ഞങ്ങളുടെ ചെറുപ്പകാലത്ത് എല്ലാവരും ഒത്തുകൂടിയ വീടായിരുന്നു അത്. അത്രമാത്രം രസകരമായിരുന്നു അവിടത്തെ അനുഭവങ്ങളും ഓർമകളും. അച്ഛച്ഛെൻറ മരണശേഷം ആ വീട് പൊളിച്ചുമാറ്റി. ഇപ്പോൾ അച്ഛമ്മ മാത്രമേയുള്ളൂ.
കലാകാരിയെന്ന നിലയിൽ പരിപാടിയുടെ ഭാഗമായി പലപ്പോഴും പ്രവാസികളുടെ കൂടെ ഓണം ആഘോഷിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. അവരോടൊപ്പം ആഘോഷത്തിൽ പങ്കുചേരാനായതും സന്തോഷം പങ്കിടാനായതും അംഗീകാരമായാണ് കാണുന്നത്.
ഞാൻ പലപ്പോഴും റെക്കോഡിങ് തിരക്കു കാരണം പുറത്താവുമ്പോൾ സായുവിന് കൂട്ട് അമ്മയാണ്. പഠിത്തത്തിലെ സഹായിയും അമ്മതന്നെ. അമ്മയെയാണ് അവൾക്ക് ഏറെ ഇഷ്ടവും. എന്നെ കൂട്ടുകാരിയെപ്പോലെയാണ് കാണുന്നത്. വീട്ടിലുള്ള സമയത്ത് നല്ല കൂട്ടാണ്. പാട്ട്, ഡാൻസ് ക്ലാസുകൾക്ക് സായു പോവാറുണ്ട്. അവൾ പാടിയ ഓണപ്പാട്ട് ഇറങ്ങുന്നുണ്ട് എന്നതാണ് ഇക്കുറി ഞങ്ങളുടെ ഒാണസന്തോഷം. പ്രകൃതിയിലെ കാഴ്ചകളെ വരികളാക്കിയത് സജീഷേട്ടനാണ്. അത് ഇരട്ടിസന്തോഷവും. ഗോപീസുന്ദറാണ് സംഗീതം.
സോഷ്യൽമീഡിയയെ ഗൗരവമായി കാണാൻ ഇഷ്ടപ്പെടുന്നില്ല. അത് ഒരു ഫ്രൻഡ്ഷിപ് സ്പേസാണ്. പഴയ കൂട്ടുകാരുമായി മിണ്ടാനും ചുറ്റും നടക്കുന്നത് അറിയാനും മറ്റുമുള്ള ഒരിടം. പക്ഷേ, അവിടെനിന്ന് കിട്ടുന്ന സ്നേഹം പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അറിയാത്ത നിരവധി പേർ സ്നേഹം അറിയിക്കുകയും മെസേജ് അയക്കുകയും ചെയ്യാറുണ്ട്. പക്ഷേ, അതിനെല്ലാം മറുപടി നൽകാൻ സമയം കിട്ടാറില്ല. പക്ഷേ, അതിനോടെല്ലാം ഞാൻ കടപ്പെട്ടിരിക്കുന്നു. എല്ലാവരോടും സന്തോഷം...
റെക്കോഡിങ് പുനരാരംഭിച്ചിട്ടുണ്ട്. ലൈവ് പ്രോഗ്രാമുകളും യാത്രകളും നടക്കുന്നില്ലെന്നു മാത്രം. വൈകാതെ എല്ലാം പഴയതുപോലെയാവുമെന്ന് വിശ്വസിക്കാം. ഒാണക്കാലത്ത് പാട്ടിെൻറ റെക്കോഡിങ് സജീവമായതാണ് സന്തോഷിപ്പിക്കുന്ന മറ്റൊരു ഘടകം. ചില ഒാണപ്പാട്ടുകളും, സിനിമക്കുവേണ്ടിയുള്ളതും പ്രോജക്ട് മലബാറിക്കസിനുള്ള ഒരുക്കങ്ങളും ഒക്കെയായി മെല്ലെമെല്ലെ തിരക്കിലേക്ക് ഉൗളിയിടുന്ന അനുഭവം വീണ്ടുമെത്തുന്നു.
കെട്ടിക്കിടക്കുന്ന വെള്ളംപോലെ നിന്നുപോവാനുള്ളതല്ലല്ലോ ജീവിതം. അതങ്ങനെ ഒഴുകെട്ട. അതിൽ സ്വരരാഗ ഗംഗാപ്രവാഹമാകാനാണ് കൊതി. അതിനുള്ള പഠനവഴിയിൽതന്നെയാണ് ഞാൻ. സ്വയം ചൊല്ലിപ്പഠിപ്പിച്ചും തല്ലിപ്പഠിപ്പിച്ചും ഞാനുമൊരാളാകും... ചിരി പൊട്ടിച്ചിരിയിലേക്ക് വഴിമാറുേമ്പാൾ പുറത്ത് ആയിരം പാദസരങ്ങൾ കിലുക്കി ആലുവാപ്പുഴ പിന്നെയുമൊഴുകുന്നതു നോക്കി നിന്ന 'ഋതു'വിലെ പാട്ടുകൂട്ടത്തോട് ബൈ പറഞ്ഞിറങ്ങി...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.