ഗ്യാപ്പിട്ട്, മാസ്കിട്ട് ഉത്രാടപ്പാച്ചിൽ
text_fieldsകൊച്ചി: മനസ്സുകൊണ്ട് അകലാതെ മഹാമാരിക്കാലത്ത് ഓണമാഘോഷിക്കാൻ മലയാളിയുടെ ഉത്രാടപ്പാച്ചിൽ. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ശക്തമായ നിയന്ത്രണങ്ങളുമായി നഗരത്തിലെങ്ങും പൊലിസും സജീമായതോടെ ഉത്രാടദിനം സുരക്ഷയുടേതായി. വീടകങ്ങളിൽ ചുരുങ്ങുന്ന ഓണസദ്യക്കുള്ള സാധനങ്ങളും പുത്തനുടുപ്പുകളും വാങ്ങാൻ ആളുകൾ നഗരത്തിലെത്തി. ഇതോടെ വിവിധയിടങ്ങളിൽ തിരക്കും അനുഭവപ്പെട്ടു.
സാധാരണ ഉത്രാടദിനങ്ങളിൽ ഉണ്ടാകാറുള്ള തിരക്ക് ഇത്തവണ ഉണ്ടായില്ലെന്ന് കച്ചവടക്കാർ പറഞ്ഞു. ഞായറാഴ്ച അവധി ദിവസമായതിനാൽ ശനിയാഴ്ചതന്നെ ആളുകൾ മാർക്കറ്റുകളെത്തി സാധനങ്ങൾ വാങ്ങിയിരുന്നു. ഓണക്കാലത്തെ ആദ്യദിവസങ്ങളിലേതിനെ അപേക്ഷിച്ച് കച്ചവടത്തിൽ പുരോഗതിയുണ്ടായെന്നും അവർ പറഞ്ഞു. വസ്ത്രവ്യാപാര കേന്ദ്രങ്ങളിലും പച്ചക്കറിക്കടകളിലും തിരക്ക് അനുഭവപ്പെട്ടു.
പച്ചക്കറി വിലയിൽ വർധന
മുൻ ദിവസങ്ങളിലേതിനെ അപേക്ഷിച്ച് പച്ചക്കറിവിലയിൽ കാര്യമായ വർധനയുണ്ടായി. 40 രൂപ വരെ വിലയുണ്ടായിരുന്ന ഒരുകിലോ വെണ്ടക്കക്ക് 90 രൂപയായിരുന്നു ഉത്രാടദിനത്തിലെ എറണാകുളത്തെ വില. 40 മുതൽ 50 രൂപ വരെ വിലയുണ്ടായിരുന്ന പയറിനും പാവക്കക്കും 100 രൂപയായി. മുരിങ്ങക്കായ് വിലയും 100 രൂപയെത്തി. അത്തം മുതൽ പൂരാടം, ഉത്രാടം ദിനങ്ങൾ വരെ വിലയിൽ കാര്യമായ വർധനയാണുണ്ടായതെന്ന് കച്ചവടക്കാർ പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തിൽ കാര്യമായ വിലക്കയറ്റമുണ്ടാകില്ലെന്നായിരുന്നു പ്രതീക്ഷയെങ്കിലും മറിച്ചായിരുന്നു കാര്യങ്ങൾ. ഉപഭോക്താക്കളുടെ എണ്ണത്തിലും ഓരോ ദിവസവും വർധനയുണ്ടായി. സാമൂഹിക അകലം ഉറപ്പുവരുത്താൻ പൊലീസിനൊപ്പം വ്യാപാരികളും വ്യാപാര സംഘടനകളും മുൻകരുതൽ സ്വീകരിച്ചിരുന്നു. വസ്ത്രശാലകൾ, സൂപ്പർ മാർക്കറ്റുകൾ, പച്ചക്കറിക്കടകൾ തുടങ്ങിയ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും സാനിറ്റൈസർ സജ്ജീകരിച്ചിരുന്നു.
പല വസ്ത്രശാലകളിലും സൂപ്പർമാർക്കറ്റുകളിലുമെല്ലാം ൈകയുറയടക്കം നൽകിയാണ് ഉപഭോക്താക്കളെ അകത്തേക്ക് പ്രവേശിപ്പിച്ചത്. ഞായറാഴ്ചയായിട്ടും ഉത്രാട ദിനത്തിൽ കടകൾ അടച്ചിരുന്നില്ല. കഴിഞ്ഞ രണ്ടുവർഷവും പ്രളയത്തെതത്തുടർന്ന് ഓണക്കാലം നഷ്ടമായിരുന്നു. കോവിഡ് പശ്ചാത്തലത്തിലും പ്രതീക്ഷ കൈവിടാതെ കാത്തിരുന്ന വ്യാപാരികൾക്ക് നേരിയ ആശ്വാസം നൽകുന്നതായിരുന്നു ഇത്തവണത്തെ കച്ചവടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.