നഗരത്തിന്റെ പൂക്കളം
text_fieldsനൂറിലേറെ മലയാളി സമാജങ്ങളുണ്ട് മുംബൈ മഹാനഗരത്തിൽ. ഓണദിവസം കഴിഞ്ഞും ഓരോ സമാജവും പ്രത്യേകമായി ഓണാഘോഷം കൊണ്ടാടും. ഞായറാഴ്ചകളിലാണ് ഈ ആഘോഷങ്ങൾ
ആഘോഷമാണ് നഗരജീവിതം. അപ്രതീക്ഷിതമായി വന്നുചേരുന്ന പ്രതിസന്ധികളെ നിമിഷങ്ങൾക്കകം തരണംചെയ്ത് ആഘോഷത്തിലേക്ക് തെന്നിമാറുന്നതാണ് അതിന്റെ മെയ്വഴക്കം. തന്നിലേക്ക് കുടിയേറിയ ഏതു സംസ്കാരത്തെയും അവരുടെ ആഘോഷങ്ങളെയും അതിന്റെ തനിമ ചോരാതെ നെഞ്ചേറ്റുന്നു മുംബൈ മഹാനഗരം.
പുക പുരണ്ട ട്രെയിൻ യാത്രക്കൊടുവിൽ വിക്ടോറിയ ടെർമിനസിലെ (വി.ടി) പ്ലാറ്റ്ഫോമുകളിൽ നീട്ടിപ്പിടിച്ച ‘ടൈപ്പിസ്റ്റുകളെ ആവശ്യമുണ്ടെ’ന്ന ബോർഡുകൾക്കു മുമ്പിലേക്കിറങ്ങിയ മലയാളിയെ നെഞ്ചോട് ചേർത്തു ആ മഹാനഗരം. മലയാളിയും അവന്റെ ആഘോഷങ്ങളും ഇന്ന് നഗര ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. ഓണവും വടംവലിയും സദ്യയുമടങ്ങിയ ആഘോഷത്തിനായി മലയാളി മാത്രമല്ല ഇന്ന് കാത്തിരിക്കുന്നത്. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ഇത്തവണ ആഘോഷങ്ങൾ വേണ്ടെന്ന് ചില സമാജങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ആഘോഷങ്ങൾക്കായുള്ള പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാനാണ് തീരുമാനം.
ഓണം മുതൽ ഓണം വരെ
ഓണം കഴിഞ്ഞും മാസങ്ങളോളം ആഘോഷങ്ങൾ നീണ്ടുനിൽക്കുന്നുവെന്നതാണ് നഗരത്തിന്റെ പ്രത്യേകത. നൂറിലേറെ മലയാളി സമാജങ്ങളുണ്ട് മുംബൈ മഹാനഗരത്തിൽ. ഓണദിവസം കഴിഞ്ഞും ഓരോ സമാജവും പ്രത്യേകമായി ഓണാഘോഷങ്ങൾ കൊണ്ടാടും. ഞായറാഴ്ചകളിലാണ് ഈ ആഘോഷം. അടുത്തടുത്തുള്ള സമാജങ്ങൾ ആഘോഷങ്ങൾ നടത്തുമ്പോൾ മറ്റുള്ളവർ തങ്ങളുടെ ആഘോഷം വരുന്ന ഞായറാഴ്ചകളിലേക്ക് മാറ്റിവെക്കും. അങ്ങനെ ‘ഓണം മുതൽ ഓണം’ വരെ ആഘോഷങ്ങൾ തുടർന്നുകൊണ്ടേയിരിക്കും.
കൂകിപ്പായുന്ന ഓണപ്പൂക്കളം
മലയാളിയുടെ ഓണപ്പൂക്കളം എല്ലാവരുടെയും ശ്രദ്ധ നേടിയ ഒന്നാണിന്ന്. സ്റ്റേഷനുകളിൽ മലയാളികൾ ഒരുക്കുന്ന ഓണപ്പൂക്കളം റെയിൽവേപോലും ആഘോഷമാക്കുന്നു. കാണാനായെത്തുന്നവർ ഏറെ. പതിനെട്ടു വർഷമായി മനോജ് കുമാർ പനവേലിന്റെ നേതൃത്വത്തിലുള്ള കേരളീയ കൾച്ചറൽ സൊസൈറ്റി പനവേൽ റെയിൽവേ സ്റ്റേഷനിൽ കൂറ്റൻ പൂക്കളമൊരുക്കുന്നു. മലയാളിയുടെ മഹാനഗരത്തിലേക്കുള്ള യാത്രയിലെ പ്രധാന സ്റ്റേഷനുകളിലൊന്നാണ് പനവേൽ. 2007 മുതൽ പനവേൽ റെയിൽവേ സ്റ്റേഷനിൽ ഓണപ്പൂക്കളമിട്ടുവരുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി വടംവലി മത്സരവും കേരളീയ കൾച്ചറൽ സൊസൈറ്റി നടത്തിവരുന്നു.
മലയാളിയുടെ കുടിയേറ്റത്തിന്റെ ഗന്ധം പേറുന്ന വി.ടി റെയിൽവേ സ്റ്റേഷനിലും (ഇന്ന് ഛത്രപതി ശിവജി ടെർമിനൽ) 2015 മുതൽ മുടങ്ങാതെ ഓണപ്പൂക്കളമുണ്ട്. ജോജോ തോമസിന്റെ നേതൃത്വത്തിലുള്ള ഓൾ മുംബൈ മലയാളി അസോസിയേഷനാണ് (അമ്മ) പൂക്കളമൊരുക്കുന്നത്. ഒപ്പം റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ള ജീവനക്കാർക്ക് സദ്യയും നൽകുന്നു. നിരവധി പേരാണ് പൂക്കളം കാണാനെത്തുന്നത്. പനവേൽ, വി.ടി സ്റ്റേഷനുകളെ പിൻപറ്റി മറ്റ് റെയിൽവേ സ്റ്റേഷനുകളിലും വിവിധ മലയാളി സംഘടനകൾ പൂക്കളമൊരുക്കുന്നു.
കാത്തിരിക്കുന്ന മറുനാട്ടുകാർ
ഓണമെത്തുമ്പോൾ വിഭവസമൃദ്ധമായ സദ്യക്കായി കാത്തിരിക്കുന്ന മറാത്തികൾ, ഉത്തരേന്ത്യക്കാർ അടക്കമുള്ളവരെ കാണാം. നഗരത്തിലെ മുക്കുമൂലകളിലുള്ള മലയാളി ഹോട്ടലുകളിലും നവിമുംബൈ, വാഷിയിലെ കേരള ഹൗസിലും സദ്യയുണ്ടാവും. സദ്യ ഒരുക്കാനും സമാജങ്ങളുടെ കലാപരിപാടികൾക്കും നാട്ടിൽനിന്ന് ആളുകളെ എത്തിക്കുകയാണ് പതിവ്. ഒപ്പം മുംബൈയിലെ കലാകാരന്മാരും രംഗത്തുണ്ടാവും. അങ്ങനെ തീരാത്ത ആഘോഷമായി ഓണം നഗരാഘോഷങ്ങളുടെ ഭാഗമായി തുടർന്നുകൊണ്ടേയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.