മനുഷ്യമനസ്സുകളെ ഒന്നിപ്പിക്കുന്ന പൊന്നോണം
text_fieldsമാവേലി നാടുവാണീടും കാലം, മാനുഷരെല്ലാരും ഒന്നുപോലെ, കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല പൊളിവചനം’- എത്രയും സുന്ദരവും സുഭഗവുമായ ദിനരാത്രങ്ങളെയാണ് ഈ ഓണപ്പാട്ട് സൂചിപ്പിക്കുന്നത്. മനുഷ്യരെല്ലാരും ഒരുപോലെ, സമത്വവും സാഹോദര്യവും കളിയാടുന്ന, ക്ഷേമവും സമാധാനവും പൂത്തുനിൽക്കുന്ന, പ്രകൃതിയും പ്രപഞ്ചവും ഒന്നായി സമന്വയിക്കുന്ന ഓണക്കാലം നമുക്കെല്ലാം അനുഗ്രഹദായകമാണ്. നാനാത്വത്തിന്റെ വർണരാജി വെളിപ്പെടുത്തുന്ന പൂക്കളംതന്നെയാണ് ഓണാഘോഷത്തിന്റെ പൊലിമ പ്രകടിപ്പിക്കുന്ന മഹത്തായ കർമം.
പട്ടിണിയും പരിവട്ടവും വകഞ്ഞുമാറ്റി പ്രകൃതിയിലെ വിഭവങ്ങൾ ഒരുക്കൂട്ടിയുള്ള ഊട്ട് തന്നെ ഓണത്തിന്റെ പ്രത്യേകതയാണ്. ഇതിലൂടെ ക്ഷേമ സൗഭാഗ്യങ്ങളുടെ ഒരു നല്ല നാളേക്കുവേണ്ടി ജനം ഒന്നായി ഒരുങ്ങുന്നു. സമൂഹത്തിൽ ജാതി വർഗ വ്യത്യാസങ്ങളില്ലാത്ത ഒരു നല്ലകാലത്തിനായാണ് ഓണം ഉദ്ഘോഷിക്കുന്നത്. ഊഞ്ഞാലാട്ടവും കുമ്മാട്ടിക്കളിയും പുലിക്കളിയാഘോഷവുമെല്ലാം പ്രകൃതിയിലെ വസ്തുക്കളുമായുള്ള മനുഷ്യബന്ധത്തെ ശക്തിപ്പെടുത്തുന്നു. വള്ളംകളിയിലൂടെ ആർത്തലച്ചുയരുന്ന യാനങ്ങളുടെ ആരവം ആരെയും ആവേശം കൊള്ളിക്കും. സമൂഹസൗഹൃദത്തിന്റെയും സമുദായ മൈത്രിയുടെയും ഉജ്ജ്വല പ്രതീകമാണ് ഇവയെല്ലാം.
ഓണത്തിന്റെ കാരണക്കാരനായ മാവേലിത്തമ്പുരാൻ മാവേലിക്കര രാജകുടുംബത്തിലെ സ്ഥാപകനായാണ് ഗണിക്കപ്പെടുന്നത്. വടക്കേ മലബാറിലെ കോലത്തിരി സ്വരൂപവുമായി ബന്ധമുള്ളവരാണിവർ. കേണൽ കോളിൻ മെക്കൻസി എന്ന പോർചുഗീസ് സർവേയർ ജനറലിന്റെ അഭിപ്രായത്തിൽ മൂഷക വംശവുമായി ബന്ധമുള്ളയാളാണ് മാവേലിത്തമ്പുരാൻ. യമുനാ നദീതടത്തിൽ ആധിപത്യമുണ്ടായിരുന്ന ഹേഹേയാ രാജവംശ സ്ഥാപകനായ മഹിഷ്മതി രാജാവ് കൊല്ലപ്പെട്ടപ്പോൾ ഗർഭിണിയായിരുന്ന രാജ്ഞി പത്തേമാരിയിൽ അറബിക്കടൽ വഴി ഏഴിമലയിൽ എത്തിയെന്നും അവിടെവെച്ച് ആൺകുഞ്ഞിന് ജന്മം നൽകിയെന്നുമാണ് ഐതിഹ്യം. വാകമരപ്പൂവും ഉടവാളും രാജചിഹ്നമാക്കി ഈ കുട്ടിയെ രാജാവാക്കി.
ഈ മൂഷക വംശവുമായി ബന്ധമുള്ളതിനാലാണ് ഏഴിമലയും മാടായിപ്പാറയും മാവേലി സന്ദർശിച്ചതായി പറയപ്പെടുന്നത്. മാവേലിയുടെ നടപ്പും കിടപ്പും ദഹിക്കാത്തവരായിരുന്നു സവർണത്തമ്പുരാക്കന്മാർ. മാവേലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്താൻ മെനക്കെട്ട വാമനൻ സവർണരുടെ പ്രതിപുരുഷനും പ്രതീകവുമാണ്. ഭിക്ഷുവിന്റെ വേഷത്തിൽ മൂന്നടി മണ്ണിനാണ് വാമനൻ വന്നത്. മൂന്നാമത്തെ ചുവട് മാവേലിയുടെ തലയിൽവെച്ച് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി.
പാതാളത്തിൽ വേപഥുവും വേവലാതിയും പൂണ്ട് അദ്ദേഹം കാലക്ഷേപം ചെയ്യുന്നുവെന്നാണ് കഥ. വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ കാണാൻ പ്രജാവത്സലനായ അദ്ദേഹം വരുമെന്ന് അവർ കഥനം ചെയ്യുകയും അങ്ങനെ പ്രജകളെ കാണാനുള്ള അദ്ദേഹത്തിന്റെ അദമ്യമായ ആഗ്രഹം നിവർത്തിച്ചുകൊടുക്കുകയും ചെയ്തുവെന്നാണ് കഥ. ഒരു ഓലക്കുടയും അത്രയും പോരാഞ്ഞ് ഒരു കുടവയറും പൂണൂലും അദ്ദേഹത്തിന് സമ്മാനിക്കാൻ സവർണരായ വാമനന്മാർ മിനക്കെട്ടുവെന്ന് നാം ഓർക്കണം.
സി.ഇ 800ൽ മലനാട് ഭരിച്ച കുലശേഖര പെരുമാളുടെ അനന്തരവനാണ് മാവേലിയെന്ന് പറയപ്പെടുന്നു. സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും മാസമായ ചിങ്ങം ഓണാഘോഷത്തിന് തെരഞ്ഞെടുത്തതിൽ ഐതിഹ്യാതീതമായ ചരിത്ര സാംഗത്യമുണ്ട്. കേരളത്തിന്റെ ക്ഷേമ സൗഭാഗ്യങ്ങളുടെയും സുഖസമൃദ്ധിയുടെയും കഥയാണ് യഥാർഥത്തിൽ ഓണം നമ്മെ അനുസ്മരിപ്പിക്കുന്നത്. പക്ഷേ, ഇന്ന് പൂക്കളം തീർക്കുന്നതും പൊന്നാടയണിയുന്നതും ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ചാണ്. അത്രയേറെ നാം മടിയന്മാരായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നോർക്കുമ്പോഴാണ് സങ്കടം. നമ്മുടേതായി ഇപ്പോൾ വിഷപാനീയങ്ങൾ മാത്രമാണുള്ളതെന്ന് പറയുന്നവരെ ഒറ്റപ്പെടുത്താനാവില്ല.
വയനാട് ദുരന്തമേൽപിച്ച ആഘാതത്തിൽനിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത കേരള ജനതക്ക് ഈ ഓണം അത്ര ആഘോഷമുള്ളതല്ല. എങ്കിലും ഈ സമയവും കടന്നുപോകുമെന്ന് മനസ്സിലുറപ്പിച്ച് മുന്നോട്ടുപോകാം. ഏവർക്കും ‘ഗൾഫ് മാധ്യമ’ത്തിന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.