കവികൾ പുനർനിർമിച്ച പൊന്നോണം
text_fieldsവടക്കേ മലബാറിൽ ഉത്രാടവും തിരുവോണവുമാണ് പ്രധാനം. കർക്കടകത്തിന്റെ വറുതികളിൽ നട്ടംതിരിയുന്ന മനുഷ്യർക്ക് ആശ്വാസം പകരുന്ന ചിങ്ങമാസം സംക്രാന്തി തൊട്ട് മാസാവസാനം വരെ പടിഞ്ഞാറ്റയിലും ഇറയത്തും മുറ്റത്തും പൂവിടാറുണ്ട്. ഉത്രാടമായന്ന് രണ്ടു കറി വേണം. കഞ്ഞി പാടില്ല. ഓണമായന്ന് നാലുകൂട്ടം കറിയും പ്രഥമനും. വലിയവർക്ക് ഓണക്കോടിയെന്നാൽ ചുകന്ന ചൊട്ടിക്കരയുള്ള തോർത്തും കുട്ടികൾക്ക് ചുകന്ന പട്ടുകോണകവും. ഓണം വീടുകളിൽ മാത്രം നടക്കുന്ന ആഘോഷവും. നല്ലയൽപക്കബന്ധത്തിന്റെയും കുട്ടികൾ തമ്മിലുള്ള കൂട്ടിന്റെയും തെളിമയുള്ള ചിത്രങ്ങൾ സമ്മാനിച്ചിരുന്നു. രോഗദാരിദ്ര്യ ദുരിതങ്ങളുടെ പെരുവെള്ളപ്പാച്ചിലിനിടയിൽ ജീവിതാനന്ദത്തിന്റെ ഉന്മേഷദായകമായ ചിത്രങ്ങൾ ഓണം സമ്മാനിച്ചിരുന്നു.
1952 ൽ വൈലോപ്പിള്ളി 'ഓണപ്പാട്ടുകാർ' എന്ന കവിതയിലൂടെ നൽകിയ ദാർശനികവും രാഷ്ട്രീയവുമായ മാനമാണ് മലയാളിയുടെ ഓണസങ്കൽപങ്ങളെ പുനർനിർമിച്ചതെന്ന് കൃത്യമായി പറയാനാവും. ഫ്യൂഡൽ അന്തരീക്ഷത്തിലെ കാർഷികോത്സവത്തിന്റെ അന്തരീക്ഷത്തിൽനിന്നും ജനകീയമായ ഉള്ളടക്കത്തോടെ നാം ഓണസങ്കൽപങ്ങളെ പുതുക്കിപ്പണിയുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്.
''അവകൾ കിനാവുകളെന്നാം ശാസ്ത്രം
കളവുകളെന്നാം ലോക ചരിത്രം
ഇവയിലുമേറെ യഥാർഥം ഞങ്ങടെ
ഹൃദയ നിമന്ത്രിത സുന്ദര തത്ത്വം''
എന്നു തന്നെ മഹാകവി പറയുന്നുണ്ട്. നമ്മളൊരുക്കുക നാളെയൊരോണം എന്ന ആഹ്വാനം ഓണപ്പാട്ടുകാർ നൽകുന്നുമുണ്ട്. ഐക്യകേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയും '60 കളിലെ ഗൾഫ് കുടിയേറ്റവും സൃഷ്ടിച്ച ചലനങ്ങളാണ് വീട്ടിലെ ആഘോഷത്തെ നാട്ടിലെ ഉത്സവമാക്കിയത്.
'60 കളുടെ അവസാനം തൊട്ട് '70 കൾ വരെ നാട്ടിലൊന്നും പൊതുവായ ഓണാഘോഷം നടന്നതായി ഓർക്കുന്നില്ല. ക്ലബുകളും സാംസ്കാരിക സ്ഥാപനങ്ങളും വടക്കേ മലബാറിൽ വിപുലമായ രീതിയിൽ കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നത് '80 കൾക്കു ശേഷമാണെന്നാണ് എന്റെ അനുഭവം. പണ്ടേ നാടു മുഴുവൻ ഓണം പൊതുവായി ആഘോഷിച്ചിരുന്നുവെന്ന പറച്ചിലുകൾ തറവാടിത്തഘോഷണമായിട്ടേ കാണാനാവൂ.
'80 ൽ മുഖ്യമന്ത്രി ഇ.കെ. നായനാർ ഒരു പത്രസമ്മേളനം തുടങ്ങുന്നതിന് മുമ്പ് നമ്മുടെ മാവേലി കൂടി വരട്ടെ എന്ന് സിവിൽ സെപ്ലെസ് മന്ത്രിയായ ഇ. ചന്ദ്രശേഖരൻ നായരെക്കുറിച്ച് പറഞ്ഞ കമന്റ് ഓർമയുണ്ട്. മാവേലി സ്റ്റോർ തുടങ്ങിയ കാലത്ത് വാമന സ്റ്റോർ തുറന്ന ചരിത്രവും എല്ലാവരും മറന്നു കാണില്ല. ഇത്രമേൽ വിപുലമായ രീതിയിൽ ഓണത്തെ മലയാളി പൊതുവായി കൊണ്ടുനടക്കാൻ തുടങ്ങിയത് മാവേലി സ്റ്റോറുകളുടെ കാലത്തിന് ശേഷമാണ്. സർക്കാറും പൊതുപ്രസ്ഥാനങ്ങളും ആഘോഷിക്കാൻ തുടങ്ങിയതോടെ വാമന സ്റ്റോർ തുടങ്ങിയ വ്യാപാരികൾ എല്ലാം മറന്ന് തടിച്ചു കൊഴുത്ത മാവേലി എന്ന ഐക്കൺ മുന്നോട്ടുവെച്ചു. പരസ്യത്തിന്റെ പെരുപ്പത്തിനിണങ്ങിയ മാവേലിയുടെ രംഗപ്രവേശമാണ് പിന്നീട് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ന് ഷോപ്പിങ് മാളുകളുടെ മുന്നിലെ തടിച്ചുകൊഴുത്ത കുടവയറൻ മാവേലി ദൃശ്യസാധ്യതയുടെ പരമാവധി സാധ്യതയുടെ കമ്പോള ആൾരൂപമായി.
ജനകീയമായ പുക്കളമത്സരവും കലാമത്സരങ്ങളും സൃഷ്ടിച്ച മുന്നേറ്റങ്ങൾ മലയാളിയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. കമ്പോളവും ചാനലുകളും അവ ഏറ്റെടുത്തതോടുകൂടി അതിന്റെ രൂപവും ഭാവവും മാറി മറഞ്ഞു. പെണ്ണുങ്ങളുടെ പങ്കാളിത്തംകൂടി സജീവമായതോടെ ഓണത്തിന് കൈവന്ന ഗുണപരമായ മാറ്റം സൂക്ഷ്മപഠനം ആവശ്യപ്പെടുന്നുണ്ട്.
എന്റെ കുട്ടിക്കാലത്ത് അയൽപക്കത്തെ കുട്ടികളുമായി ചേർന്ന് പൂപറിക്കാൻ പോകുന്നതിന്റെ മായികാനുഭവം എത്ര വിവരിച്ചാലും മതിവരില്ല. ചെറിയ പുക്കളാൽ നിറഞ്ഞ ഇലക്കൊട്ടകളുമായി കുന്നിൻചരിവുകളിൽ നടന്നുനീങ്ങിയ ചിത്രങ്ങൾക്ക് ഇനി പ്രസക്തിയുമില്ല. തുമ്പപ്പൂവും കാക്കപ്പുവും കോളാമ്പിപ്പൂവും കൊച്ചുകൊച്ചുവർത്തമാനങ്ങളും എന്റെ ഓർമയിലെ ഓണപ്പൂക്കൊട്ടയിലിരുന്ന് വർണപ്പൊലിമ പകരുന്നുണ്ട്. ഇണക്കത്തിന്റെയും വാത്സല്യത്തിന്റെയും ഗൃഹാതുര ചിത്രങ്ങളുടെ പൂക്കളമായിരുന്നവ. അവരവരുടെ വീടുകളിൽ പൂക്കളമൊരുക്കിയാലുടനെ തൊട്ടടുത്ത വീടുകളിലെ പൂക്കളം കാണാനുള്ള യാത്ര തുടങ്ങുകയായി. ഓർമകളുടെ യാത്രകളിൽനിന്ന് അത്രയെളുപ്പം തിരിച്ചുവരാനുമാവില്ല.
തയാറാക്കിയത്: രാഘവൻ കടന്നപ്പള്ളി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.