കോട്ടുവള്ളിയിൽ പൂക്കാലം...
text_fieldsപറവൂർ: പൂവ് ഉൽപാദനത്തിൽ കോട്ടുവള്ളി പഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനക്കാരായി. ഹൃദയാരാമം പദ്ധതിയിൽ പുഷ്പ കൃഷി നടത്തിയാണ് കോട്ടുവള്ളി പഞ്ചായത്ത് കൃഷിഭവൻ ഈ നേട്ടം കൈവരിച്ചത്. കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയിൽ മൂന്ന് ലക്ഷം രൂപ വകയിരുത്തി നടപ്പാക്കിയ ഓണക്കാല പുഷ്പകൃഷി വ്യാപന പദ്ധതിയാണ് ഹൃദയാരാമം. പദ്ധതി പ്രകാരം പഞ്ചായത്തിൽ 65,000 ബന്ദിച്ചെടികളുമായാണ് കൃഷിയാരംഭിച്ചത്.
തൈകളും ജൈവവളവും പദ്ധതി പ്രകാരം കർഷകർക്ക് നൽകി. കർഷകർ വ്യക്തിപരമായും കൂട്ടമായുമാണ് കൃഷി ചെയ്യുന്നത്. പൊതു സ്ഥാപനങ്ങൾ, മത സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ തുടങ്ങി എല്ലായിടത്തും പുഷ്പ കൃഷി ചെയ്യുന്നുണ്ട്. ഇപ്പോൾ ഓണപ്പൂക്കളുടെ വിളവെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. ഗ്രാമപഞ്ചായത്തിലെ ആറ് കേന്ദ്രങ്ങളിൽ പൂവിപണികൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും.
കൈതാരം സർവിസ് സഹ.ബാങ്ക്, ചെറിയപ്പിള്ളി മഹാത്മാ ഗാന്ധി സാംസ്കാരിക വേദി ഓഡിറ്റോറിയം, കൂനമ്മാവ്, തത്തപ്പള്ളി, മന്നം, വഴിക്കുളങ്ങര, വള്ളുവള്ളി എന്നിവിടങ്ങളിൽ പൂ വിപണികളിൽനിന്ന് ജനങ്ങൾക്ക് പൂക്കൾ വാങ്ങാം. കർഷകർ ഉൽപാദിപ്പിക്കുന്ന പൂക്കൾ സംഭരിച്ച് ഓണപ്പൂ വിപണി വഴി മിതമായ നിരക്കിൽ ജനങ്ങൾക്ക് നൽകും.
ഇടനിലക്കാരില്ലാത്ത വിപണി സംവിധാനം ഒരുക്കുന്നത് വഴി കർഷകർക്ക് വില സ്ഥിരതയും പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ വാങ്ങാനുള്ള അവസരവും ഒരുക്കും. പൂക്കൾ കാണാനും ചിത്രങ്ങൾ പകർത്താനും കൃഷിയിടങ്ങളിൽനിന്ന് പൂക്കൾ നേരിട്ട് വാങ്ങാനും ധാരാളം പേരാണ് എത്തുന്നത്. 22 വാർഡുകളിലായി നൂറോളം പൂന്തോട്ടങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 9847168656.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.