അന്നമ്മച്ചേടത്തിയുടെ ഓണപ്പുടവ
text_fieldsകേരളത്തിലെ ഏറ്റവും പ്രായം കൂടിയ യൂട്യൂബ് വഗർ നടവയൽ സ്വദേശിനിയായ 82കാരി അന്നമ്മ കുട്ടിക്കാലത്തെ ഓണവിശേഷം പങ്കിടുന്നു. പാചക വിദഗ്ധകൂടിയായ അന്നമ്മ ചേടത്തി സ്പെഷൽ ഗ്രീൻ ആപ്പിൾ പച്ചടിയുടെ പാചകക്കുറിപ്പും വായനക്കാർക്ക് സമ്മാനിക്കുന്നു
കൽപറ്റ: അയൽവീട്ടിലെ ഹൈന്ദവരായ കുട്ടികൾക്കൊപ്പം പൂവ് ശേഖരിക്കാൻ പോയതിന് ഓണ സമ്മാനമായി അവിടത്തെ വീട്ടുകാർ സമ്മാനിക്കുന്ന ഓണപ്പുടവയാണ് ഓണം എന്നു കേൾക്കുമ്പോൾ അന്നമ്മ ചേടത്തിയുടെ മനസ്സിൽ ആദ്യം ഓടിയെത്തുക. കോട്ടയം ജില്ലയിലെ ഓണത്തുരുത്തി സ്വദേശിയാണ് അന്നമ്മ. പിതാവ് കുഞ്ഞുഉതുപ്പിന്റെയും മാതാവ് മറിയത്തിന്റെയും 10 മക്കളിൽ രണ്ടാമത്തെയാൾ. അത്തം തുടങ്ങി പത്തു ദിവസവും അയൽ വീട്ടിലെ കുട്ടികൾക്കൊപ്പം നാടായ നാട് ചുറ്റി പൂക്കളും ഇലകളും ശേഖരിക്കാൻ അന്നമ്മയും ഉത്സാഹത്തോടെ ഇറങ്ങും.
പിറ്റേ ദിവസം ചാണകം മെഴുകിയ തറയിൽ പൂക്കളമൊരുക്കിയത് കാണാനുമെത്തും. ഓരോ വീടുകളിൽ പുലിക്കളി, തിരുവാതിര തുടങ്ങിയ കളികൾ അരങ്ങേറും. അതുകാണാനും കുട്ടികൾ എല്ലാമെത്തും. ഓണത്തിന്റെ അന്ന് രാവിലെ വീട്ടിലുള്ള കുട്ടികളെയെല്ലാം കാരണവന്മാർ എണ്ണ തേപ്പിച്ച് തോട്ടിൽ കൊണ്ടുപോയി കുളിപ്പിക്കും. കുട്ടികൾ നിർബന്ധിച്ച് മുതിർന്നവരെക്കൊണ്ട് വീട്ടിൽ ഓണസദ്യ തയാറാക്കും.
എന്നാൽ, അതുകഴിക്കാതെ ഉച്ച സമയമാകുമ്പോൾ അന്നമ്മയടക്കമുള്ള കുട്ടികൾ അയൽ വീട്ടിലേക്ക് വെച്ചുപിടിക്കും. അവിടെ ഓണസദ്യയുണ്ടും കാരണവന്മാർ നൽകുന്ന ഓണപ്പുടവ വാങ്ങിയും കളികളുമായി വൈകീട്ടാണ് മടക്കം. മൂന്നാംക്ലാസിൽ അന്നമ്മ പഠനം അവസാനിച്ചു. പിന്നെ അടുക്കളയിലായി ജീവിതം. 18ാം വയസിൽ ഓണത്തുരുത്തിയിൽനിന്ന് വയനാട്ടിലെ നടവയലിലേക്ക് കുടുംബം കുടിയേറി. 19ാം വയസിൽ വിവാഹം. നടവയലിലെ ഓശാന ഭവനിൽ കുശിനിക്കാരിയായി 11 വർഷം ജീവിച്ചു.
അവിടെയുള്ള 60 ഓളം പേർക്ക് ഭക്ഷണംവെച്ചും വിളമ്പിയും ജീവിച്ചു. ഓരോ ഓണവും വരുമ്പോൾ അവിടെയുള്ളവർക്ക് സ്പെഷൽ വിഭവങ്ങൾ ഒരുക്കും. ഇവിടെ വെച്ചാണ് അന്നമ്മ ചേടത്തിയുടെ പാചക കല വളർന്നു തുടങ്ങിയത്. സാധാരണ വീട്ടമ്മയായി ജീവിച്ചു തീർക്കുന്നതിനിടയിലാണ് 78ാം വയസിൽ മീൻ കറിയുടെ രൂപത്തിൽ ഭാഗ്യം അന്നമ്മച്ചിയെ തുണച്ചത്. അതോടെ വാചകം മാത്രമല്ല പാചകവും തനിക്ക് കഴിയുമെന്ന് തെളിയിച്ചു കേരളത്തിലെ ഏറ്റവും പ്രായം കൂടിയ യൂട്യൂബ് ബ്ലോഗറായ അന്നമ്മ ചേടത്തി. കഴിഞ്ഞ ആഗസ്റ്റിൽ രണ്ടാം സംരഭമായി തുടങ്ങിയ ‘അന്നമ്മ ചേടത്തി സ്പെഷൽ 2.0’ എന്ന പേരിലുള്ള ചാനലിൽ രണ്ടു ലക്ഷത്തോളം സബ്സ്ക്രൈബർമാരുണ്ട്. ഇതിൽ അമ്മച്ചിക്കൊപ്പം മകൻ ബാബുവും സജീവമാണ്.
ഗ്രീൻ ആപ്പിൾ പച്ചടി
ആവശ്യമുള്ള സാധനങ്ങൾ
1. ഗ്രീൻ ആപ്പിൾ -1 എണ്ണം
2. തേങ്ങ -അര മുറി
3. കാന്താരി -8 എണ്ണം
4. കടുക് - ഒരു ടീസ്പൂൺ
5. ജീരകം -ഒരു നുള്ള്
6. വെള്ളിച്ചെണ്ണ -2 ടീസ്പൂൺ
7 ഉലുവ -ഒരു നുള്ള്
8. ചെറിയ ഉള്ളി -8 എണ്ണം
9. വറ്റൽ മുളക് -3 എണ്ണം
10. കറിവേപ്പില - ഒരു തണ്ട്
11. ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ആപ്പിൾ ചെറുതായി അരിഞ്ഞെടുക്കുക (നേരത്തെ അരിഞ്ഞു വെക്കരുത്. നിറം മാറ്റം സംഭവിക്കും). രണ്ട് മുതൽ അഞ്ച് വരെയുള്ള ചേരുവ കുറച്ച് വെള്ളം ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക (കൂടുതൽ അരയരുത്). മുറിച്ചു വെച്ച ആപ്പിൾ കഷ്ണത്തിലേക്ക് ഈ അരപ്പ് ചേർക്കുക. അതിലേക്ക് തൈരും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ഇത് മാറ്റിവെക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിക്കുക. ചൂടാകുമ്പോൾ കടുക്, ഉലുവ എന്നിവയിട്ട് പൊട്ടിച്ചെടുക്കുക. അതിനു ശേഷം എട്ടു മുതൽ പത്തു വരെയുള്ള ചേരുവകൾ ചേർത്ത് മൂപ്പിക്കുക. ശേഷം മാറ്റിവെച്ച പച്ചടിയിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക. ആപ്പിൾ പച്ചടി തയാർ. ശേഷം ഉപയോഗിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.