ഓണം വാരാഘോഷം: ചില സ്ഥലങ്ങളെ ഉൽസവ മേഖലയായി പ്രഖ്യാപിച്ച് ഉത്തരവ്
text_fieldsതിരുവനന്തപുരം: സംസ്ഥാന ഓണം വാരാാഘോഷത്തിൽ ചില സ്ഥലങ്ങളെ ഉൽസവ മേഖലയായി പ്രഖ്യാപിച്ച് വിനോദ സഞ്ചാര വകുപ്പിന്റെ ഉത്തരവ്. ഓണം വാരാഘോഷപരിപാടികൾ ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ രണ്ട് വരെ തലസ്ഥാനത്തും, ജില്ലാ ആസ്ഥാനങ്ങളിലുമായി സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. സെപ്റ്റംബർ രണ്ടിന് തിരുവനന്തപുരത്ത് നടക്കുന്ന വർണപൊലിമയോടു കൂടിയ സമാപനം കുറിക്കും. ഇതിനായി വിനോദ സഞ്ചാര വകുപ്പ് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
ഓണം വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനതല ഓണാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം കവടിയാർ മുതൽ മണക്കാട് ജംഗ്ഷൻ വരെയുള്ള പ്രദേശത്തെ ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ രണ്ട് വരെ ഉത്സവമേഖലയായി പ്രഖ്യാപിച്ചു. കവടിയാർ മുതൽ മണക്കാട് ജംഗ്ഷൻ വരെയുള്ള പ്രധാന റോഡിന്റെ ഇരുവശത്തുമുള്ള സർക്കാരിന്റെ എല്ലാ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെയും തലവന്മാർക്ക് അവരവരുടെ കാര്യാലയങ്ങളിൽ വൈദ്യുത ദീപാലങ്കാരം ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ രണ്ട് വരെ ഏർപ്പെടുത്തുന്നതിന് അനുമതി നൽകി. അതിനായി തനത് ഫണ്ടിൽ നിന്നും പരമാവധി രണ്ട് ലക്ഷം രൂപ വരെ ചെലവഴിക്കുന്നതിന് അനുമതി നൽകി.
എന്നാൽ വലിയ കെട്ടിടങ്ങൾക്കും, ചെറിയ കെട്ടിടങ്ങൾക്കും ഒരു പോലെ വിനിയോഗിക്കുന്നത് യുക്തിസഹമല്ലാത്തതിനാൽ, സ്ഥാപനങ്ങൾ പരമാവധി ചെലവ് കുറച്ച് തുക വിനിയോഗിക്കണം. ഓരോ വകുപ്പിന്റെയും വൈദ്യുതാലങ്കാരം സംബന്ധിച്ച എസ്റ്റിമേറ്റ് പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയറിൽ (ഇലക്ട്രോണിക്സ് ഇലക്ട്രിക്കൽ) കുറയാത്ത ഉദ്യോഗസ്ഥന്റെ അംഗീകാരം തേടണം. കെട്ടിടത്തിന്റെയും വലിപ്പം അനുസരിച്ച് ചെലവ് ബന്ധപ്പെട്ട പൊതുമരാമത്ത് ഉദ്യോഗസ്ഥൻ ക്രമപ്പെടുത്തണം.
ഓണാഘോഷ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് കവടിയാർ മുതൽ മണക്കാട് വരെയുള്ള റോഡിന് ഇരുവശവുമുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ പാങ്കാളിത്തവും സഹായ സഹകരണങ്ങളും ഉറപ്പു വരുത്തി ദീപാലങ്കാരം ഏർപ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിന് വിനോദസഞ്ചാര വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയാണ് ഉത്തരവ്.
ഓണാഘോഷം 2023 ന്റെ ഭാഗമായി ഓണാഘോഷ സമാപന ഘോഷയാത്രയിൽ ഫ്ലോട്ടുകൾ അവതരിപ്പിക്കുന്നതിന് സർക്കാരിന്റെ എല്ലാ വകുപ്പുകളുടെയും, പൊതുമേഖലാസ്ഥാപനങ്ങളുടെയും, സ്വയംഭരണ സ്ഥാപനങ്ങളുടെയും, തദ്ദേശ സ്ഥാപനങ്ങളുടെയും തലവന്മാർക്ക് സ്വന്തം ഫണ്ടിൽ നിന്നും പരമാവധി നാല് ലക്ഷം രൂപ വരെ ചെലവഴിക്കുന്നതിന് അനുമതി നൽകി.
ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ രണ്ട് വരെയുള്ള ഉത്സവ കാലയളവിൽ ഈ മേഖലയിലെ പ്രധാന റോഡിനിരു വശങ്ങളിലമുള്ള കെട്ടിടങ്ങൾ, തുറന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ എന്തെങ്കിലും ചടങ്ങുകളോ പരിപാടികളോ സംഘടിപ്പിക്കുന്നതിന് തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നോ വിനോദസഞ്ചാര വകുപ്പിൽ നിന്നോ മുൻകൂർ അനുമതി വാങ്ങണം.
ഓണാഘോഷ പരിപാടികൾ വിജയകരമായി നടത്തുന്നതിന് കവടിയാർ മുതൽ മണക്കാട് ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇരുവശത്തുമുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ പങ്കാളിത്തവും സഹായ സഹകരണവും ഉറപ്പാക്കുന്നതിനും ദീപാലങ്കാരം ഏർപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കാനും വേണ്ട നടപടികൾ വിനോദ സഞ്ചാര ഡയറക്ടർ സ്വീകരിക്കണമെന്നാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.