ഓണക്കോടിയൊരുക്കി കൊടുവായൂർ
text_fieldsകൊടുവായൂർ: ഓണത്തിന് കോടിയുടുക്കാതെങ്ങിനെ? അതും മോടിയിൽ തന്നെ വേണമെന്നാണ്. ജില്ലക്കും അയൽ ജില്ലകളിലേക്കും ഓണക്കോടിയൊരുക്കുന്ന തിരക്കിലാണ് കൊടുവായൂരിലെ ആയിരത്തിലധികം വീട്ടമ്മമാരടങ്ങുന്ന തൊഴിലാളികൾ. രണ്ട് പതിറ്റാണ്ടിലേറെയായി ജില്ലയിൽ വസ്ത്രനിർമാണത്തിലും മൊത്തവിൽപനയിലും മുൻപന്തിയിലുള്ള പ്രദേശങ്ങളിൽ ഒന്നായ കൊടുവായൂരിൽ നൂറിലധികം സംരംഭങ്ങളാണ് പ്രവർത്തിക്കുന്നത്.
നൈറ്റി, ചുരിദാർ, ഷർട്ട്, കുട്ടി ഉടുപ്പുകൾ എന്നിവയാണ് പ്രധാനമായും നിർമിക്കുന്നത്. നൈറ്റി വിപണിയിൽ പ്രശസ്തിയാര്‍ജിച്ച കൊടുവായൂരിലേക്ക് ഓണക്കാലമായാൽ അയൽ ജില്ലകളിൽനിന്നും മൊത്തവ്യാപാരികൾ കൂടുതലായെത്താറുണ്ടെന്ന് വ്യാപാരികൾ പറയുന്നു. പ്രദേശത്തെ വീടുകളിൽ മിക്കവയിലും തയ്യൽ വിദഗ്ധരായ സ്ത്രീകളും പുരുഷൻമാരുമുണ്ട്. അളവിൽ മുറിച്ച തുണി ഇത്തരക്കാർക്ക് നൽകി, തുന്നിയശേഷം തിരിച്ചെടുക്കുന്ന വ്യാപാരികളും ഏറെയാണ്. നൈറ്റി, ചുരിദാർ തുന്നലില്‍ വീട്ടമ്മമാർ സജീവമാണ്. നൈറ്റി ഒന്നിന് എട്ട് രൂപ മുതൽ ഒമ്പതര രൂപ വരെ തുന്നൽ കൂലിയായി ലഭിക്കും. ചുരിദാർ ടോപ്പിന് അഞ്ചര രൂപ മുതൽ 12 രൂപ വരെ ലഭിക്കും.
തുന്നൽ വരുമാനമാർഗമാക്കിയ 1500ലധികം വീട്ടമ്മമാർ കൊടുവായൂർ, പുതുനഗരം, പെരുവെമ്പ്, വടവന്നൂർ, കൊല്ലങ്കോട്, തത്തമംഗലം, നെന്മാറ പ്രദേശങ്ങളിലുണ്ട്. ഇവിടങ്ങളിൽനിന്നും തയ്ക്കുന്ന വസ്ത്രങ്ങൾ കൊടുവായൂരിലെത്തിച്ച് വേർതിരിച്ച് വിൽപ്പന കേന്ദ്രങ്ങളിൽ എത്തും. കൊടുവായൂരിന് പുറമെ പുതുനഗരം, കൊല്ലങ്കോട്, തത്തമംഗലം എന്നിവിടങ്ങളിലും മൊത്ത വിൽപ്പന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കോയമ്പത്തൂർ, കൊൽക്കത്ത, സൂറത്ത്, അഹമ്മദാബാദ്, ഹൈദരാബാദ്, മുംബൈ, ഈറോഡ് എന്നിവിടങ്ങളില്നിന്നണ് വസ്ത്രങ്ങൾ തുന്നാനുള്ള തുണികൾ എത്തുന്നത്.
വസ്ത്രങ്ങളുടെ വിൽപനക്കനുസൃതമായി തുന്നൽ കൂലി വർധിക്കാത്തത് അസംഘടിത മേഖലയിലുള്ള തൊഴിലാളികൾക്ക് വെല്ലുവിളിയാണെന്ന് പുതുനഗരം ബിലാൽ നഗർ സ്വദേശിനി കെ. ഷാജിദ പറയുന്നു. ഉത്സവക്കാലങ്ങളിൽ വസ്ത്രങ്ങളുടെ വിപണിക്ക് അനുസൃതമായി നെയ്തെടുക്കുന്ന വീട്ടമ്മമാർക്ക് വരുമാനം വർധിപ്പിച്ച് നൽകാൻ വ്യാപാര സ്ഥാപനങ്ങൾ തയറാവുന്നതോടൊപ്പം ഇൻഷുറൻസ്, ആരോഗ്യ പരിരക്ഷ, ക്ഷേമനിധി എന്നിവക്കുള്ള നടപടി ഉണ്ടാവണമെന്നുമാണ് ഇവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.