ഓണക്കാഴ്ചകളിലെ ഒന്നാമൻ ഓണത്തപ്പന്
text_fieldsതൃപ്പൂണിത്തുറ: ഓണക്കാഴ്ചകളില്‍ ഒഴിച്ചുകൂടാനാകാത്തതാണ് കളിമണ്ണില്‍ തീര്‍ത്ത തൃക്കാക്കരയപ്പനെന്ന ഓണത്തപ്പനും പരിവാരങ്ങളും. തിരുവോണദിവസം മാവേലിയെ വരവേല്‍ക്കാന്‍ നിലവിളക്കിനും നിറപറക്കുമൊപ്പം മണ്ണുകൊണ്ടുള്ള ഓണത്തപ്പനെയും പരിവാരങ്ങളെയും വീട്ടുപകരണങ്ങളെയും തൂശനിലയില്‍ നിരത്തിവെക്കുന്നത് പതിവ് അനുഷ്ഠാനമാണ്. കളിമണ്ണില്‍ പിരമിഡ് രൂപത്തില്‍ നിര്‍മിച്ച ശേഷം ചുവന്ന ചായം നല്കി സുന്ദരമാക്കിയാണ് വിപണികളിലെത്തിക്കുന്നത്. പൂർവികർ തുടങ്ങിവെച്ച ഓണത്തപ്പന്റെ നിര്‍മാണം ഇപ്പോഴും പരമ്പരാഗത കൈത്തൊഴില്‍ എന്ന നിലക്ക് കാത്തുസൂക്ഷിച്ചുകൊണ്ടുവരുകയാണ് എരൂര്‍ കോഴിവെട്ടുംവെളി തെക്കേടത്തുപറമ്പില് പരേതനായ ബാലന്റെ ഭാര്യ പൊന്നമ്മ.
പൊന്നമ്മക്ക് ഓണത്തപ്പന് നിര്‍മാണം വെറുമൊരു കൈത്തൊഴിലല്ല. മറിച്ച് പരമ്പരാഗതമായി കൈമാറിക്കിട്ടിയ ഒരു അനുഗ്രഹമായാണ് കാണുന്നത്. അഞ്ച് ഓണത്തപ്പനും ഒരു മുത്തിയമ്മയും ഉരലും ഉലക്കയും ചിരവയും ചേര്‍ന്ന സെറ്റിന് 150 രൂപക്കാണ് നൽകുന്നത്. സ്ഥിരമായി ചില വീട്ടുകാരുടെ ആവശ്യപ്രകാരമാണ് നിര്‍മാണം. പൂര്‍ണമായും കൈയില്‍ നിര്‍മിച്ചെടുക്കുന്ന ഓണത്തപ്പന്റെ രൂപത്തിന് ആവശ്യമായ കളിമണ്ണ് മണ്‍പാത്ര നിര്‍മാണ ശാലകളില്‍ നിന്നുമാണ് വാങ്ങുന്നത്. ഒരുപിടി കളിമണ്ണിന് 200 രൂപയോളം കൊടുക്കേണ്ടിവരുന്നു. അതില്‍നിന്ന് നാല് സെറ്റ് മാത്രമാണ് നിര്‍മിക്കാന്‍ സാധിക്കുക. വലിയ ഓണത്തപ്പനാണെങ്കില് മൂന്നെണ്ണം മാത്രം.
മണ്ണില്‍ ഓണത്തപ്പന് സെറ്റ് നിര്‍മിച്ച ശേഷം റെഡ് ഓക്സൈഡും കളറും മിക്സ് ചെയ്ത് പുരട്ടിയ ശേഷം ഉണക്കിയെടുത്താണ് വിതരണം ചെയ്യുന്നത്. വീട്ടില്‍ കളിമണ്‍ കുഴക്കുന്നതിനോ നിര്‍മാണജോലികള്‍ ചെയ്യുന്നതിനോ പ്രത്യേകം സ്ഥലമില്ല. വീടിനകത്തു തന്നെയാണ് നിര്‍മിക്കുന്നതും സൂക്ഷിക്കുന്നതും. ‘‘ലാഭമുണ്ടായിട്ടല്ല ഈ പണി ചെയ്യുന്നത്, ചെറുപ്പം മുതലേ വീട്ടുകാര്‍ ഓണത്തപ്പനെ ഉണ്ടാക്കുന്നത് കണ്ടാണ് വളര്‍ന്നത്, ആ ഇഷ്ടം കൊണ്ട് ചെയ്തുപോരുന്നു’’ പൊന്നമ്മ പറയുന്നു.
കളിമണ്ണിന്റെ ലഭ്യതക്കുറവും വിലക്കൂടുതലും ഈ മേഖലയില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. എരൂരില്‍ നിരവധിയാളുകള്‍ വീടുകളില്‍ ചെയ്തുപോന്നിരുന്ന ഈ തൊഴില്‍ ഇപ്പോള്‍ രണ്ടു വീട്ടില്‍ മാത്രമായി ഒതുങ്ങി. കൂടുതല്‍ തുക കൊടുത്ത് കളിമണ്ണ് വാങ്ങേണ്ടിവരുന്നതും വില്ക്കുമ്പോള് തുച്ഛമായ ലാഭം മാത്രം ലഭിക്കുന്നതാണ് ഈ തൊഴിലില്‍നിന്ന് ആളുകള്‍ പിന്‍വലിയാന്‍ കാരണമായതായി മണ്‍പാത്ര നിര്‍മാണം നടത്തുന്ന എരൂരിലെ ടെറ ക്രാഫ്റ്റ്സ് ഷോപ്പ് ഉടമ ജയന് പറയുന്നു. മരത്തില്‍ തീര്‍ത്ത ഓണത്തപ്പനും വിപണിയില്‍ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.