വെള്ളിത്തിരയിലെ പിള്ളേരോണം
text_fieldsവീട്ടുകാർക്കൊപ്പം സദ്യകഴിച്ചും ടി.വിയിലെത്തുന്ന ചലച്ചിത്ര താരങ്ങളുടെ അഭിമുഖവും വിശേഷങ്ങളും കേട്ട് സിനിമയും കണ്ടുതീർക്കുന്ന ദിവസങ്ങളായിരുന്നു തന്മയയെയും ഡാവിഞ്ചിയെയും സംബന്ധിച്ച് ഓരോ ഓണക്കാലവും. എന്നാൽ, ഇത്തവണ സീൻ അടിമുടിമാറി. മികച്ച ബാലതാര ങ്ങൾക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ട്വിസ്റ്റായി ജീവിതത്തിലേക്കെത്തിയയോടെ നാട്ടിലും സ്കൂളിലുമൊക്കെ ഇന്ന് തിരക്കേറിയ സെലിബ്രിറ്റികളാണിവർ
ഇത്തവണ എന്‍റെ ഓണപ്പരിപാടികളും ചാനലുകളിൽ വരും കേട്ടോ- തന്മയ സോൾ
ഞാനിപ്പോൾ ഒരു സ്വപ്നലോകത്താണ്. പലപ്പോഴും ഞാൻ എന്നെത്തന്നെ സ്വയം നുള്ളി നോക്കാറുണ്ട്. ഇതൊക്കെ സത്യമാണോയെന്ന് മനസ്സിലാക്കാൻ. അഭിനന്ദനവുമായി മന്ത്രിമാർ വരുന്നു. ഞാൻ നേരിൽ കാണാൻ ആഗ്രഹിച്ച പ്രമുഖ സിനിമതാരങ്ങളൊ ക്കെ എന്നെ ഇങ്ങോട്ട് ഫോണിൽ വിളിച്ച് അഭിനന്ദിക്കുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത ആൾക്കാർ സ്വന്തം മകളെപ്പോലെ കുടുംബത്തിലെ ഒരാളെപ്പോലെ അടുത്ത് പെരുമാറുന്നു. ഞാൻ സ്കൂൾ വിട്ടുവരുന്നതും കാത്ത് ബസ് സ്റ്റോപ്പുകളിൽ കുട്ടികളും മാതാപിതാക്കളും കാത്തിരിക്കുന്നു. എട്ടാം ക്ലാസുകാരിയായ എന്നോട് ഒന്ന് സംസാരിക്കാനും ഫോട്ടോയെടുക്കാനും സ്കൂളിലെ കുട്ടികളും മാതാപിതാക്കളും സ്കൂളിനുപുറത്ത് കാത്തുനിൽക്കുന്നു. മൊത്തത്തിൽ ജീവിതം ഒരു ആഘോഷമായി മാറിയിരിക്കുകയാണ്.
ഈ ഓണക്കാലത്ത് ഒരു ദിവസം ആറ് ഉദ്ഘാടനങ്ങളാണ് ഏറ്റിരിക്കുന്നത്. പിന്നെ റസിഡൻസ് അസോസിയേഷനുകളുടെ ഭാഗമായി നടത്തുന്ന ഓണപ്പരിപാടികളുടെ സമ്മാന വിതരണം വേറെയും. പിന്നെ ചാനൽ പരിപാടികളും. ഇത്തവണ എന്‍റെ ഓണപ്പരിപാടികളും ചാനലുകളിൽ വരും കേട്ടോ. അവാർഡ് പ്രഖ്യാപിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പാണ് ഞാൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്ന് ഇപ്പോൾ പഠിക്കുന്ന പട്ടം മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകർ അറിയുന്നതുതന്നെ. അവാർഡ് പ്രഖ്യാപിച്ചോൾ എന്നേക്കാൾ സന്തോഷം എന്‍റെ അധ്യാപർക്കും കൂട്ടുകാർക്കുമായിരുന്നു. കഴക്കൂട്ടം ചന്തവിള തടത്തിൽ ബ്രദേഴ്‌സ് ലെയ്ൻ അച്ചാമ്മയുടെ വീട്ടിൽ അരുൺ സോളും ആശയുമാണ് അച്ഛനും അമ്മയും. ചേച്ചി തമന്ന പട്ടം സർക്കാർ മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ്. അച്ഛാച്ഛൻ കുട്ടപ്പൻ നാടകനടനാണ്.
തയാറാക്കിയത്: അനിരു അശോകൻ
അച്ഛൻ കൂടെയുള്ള സന്തോഷം- ഡാവിഞ്ചി
പല്ലൊട്ടി നയന്റീസ് കിഡ്സ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് തൃശൂർ സ്വദേശിയായ എനിക്ക് മികച്ച ബാലതാരത്തിനുളള സംസ്ഥാനപുരസ്കാരം ലഭിച്ചത്. ഇത്തവണത്തെ ഓണം ഒമ്പതാം ക്ലാസുകാരനായ എനിക്ക് അൽപം സ്പെഷലാണ്.. സംസ്ഥാന പുരസ്‌കാരമാണ് ഓണത്തിന് മധുരം കൂട്ടുന്നത്. കുടുംബാംഗങ്ങൾക്കൊപ്പം ഗംഭീരമായി ആഘോഷിക്കാനാണ് തീരുമാനം. എല്ലാ തവണയും ബന്ധുക്കളും മറ്റും ഓണത്തിന് വീട്ടിലെത്തും.
ഈ വര്‍ഷവും അങ്ങനെതന്നെയാണ്. അവരോടൊപ്പമാണ് ഞങ്ങളുടെ ആഘോഷം. പിന്നെ മറ്റൊരു സന്തോഷം അച്ഛന്‍ ഈ ഓണത്തിന് ഞങ്ങളോടൊപ്പമുണ്ട്. അറിയപ്പെടുന്ന നാടക കലാകാരനാണ് അദ്ദേഹം, പേര് സതീഷ് കെ. കുന്നത്ത്. എല്ലാവര്‍ഷവും ഓണത്തിന് നാടകവും പരിപാടികളുമായി അദ്ദേഹം തിരക്കിലായിരിക്കും. എന്നാല്‍ ഈ വർഷം അച്ഛന്‍ ഞങ്ങളോടൊപ്പമുണ്ട്.
ഇത്തവണത്തെ സ്‌കൂളിലെ ഓണാഘോഷം മറക്കാനാവാത്തതായിരുന്നു.വളരെ വ്യത്യസ്തമായിട്ടാണ് ഞങ്ങള്‍ ആഘോഷിച്ചത്. ഓണസദ്യയുടെ വിഭവങ്ങള്‍ പല വീടുകളില്‍ നിന്നാണ് എത്തിയത്. പല അമ്മമാരുടെ രുചികള്‍ ഒത്തു ചേര്‍ന്ന ഓണസദ്യയായിരുന്നു. ഇത്തരത്തിലൊരു അനുഭവം ആദ്യമായിട്ടാണ്.
സംസ്ഥാന പുരസ്‌കാരം ലഭിച്ചത് പോലെ ഓണക്കാലത്ത് ഞാന്‍ അഭിനയിച്ച സിനിമയും തിയറ്ററുകളില്‍ ഓടുന്നുണ്ട്. അതും സന്തോഷം ഇരട്ടിപ്പിക്കുന്നു. അതുപോലെ ഓണം കഴിഞ്ഞതിന് പിന്നാലെ പുരസ്‌കാരം ലഭിച്ച പല്ലോട്ടി 90 കിഡ്‌സ് തിയറ്ററുകളില്‍ എത്തുന്നുണ്ട്.
ചിത്രത്തില്‍ എനിക്കൊപ്പം എന്റെ അച്ഛനും അച്ഛമ്മയും അഭിനയിച്ചിട്ടുണ്ട്. ബലൂണ്‍ കച്ചവടക്കാരന്റെ കഥാപാത്രത്തെയാണ് അച്ഛന്‍ അവതരിപ്പിക്കുന്നത്. യഥാര്‍ഥ ജീവിതത്തിലെ പോലെ സിനിമയിലും എന്റെ കഥാപാത്രത്തിന്റെ മുത്തശ്ശിയായിട്ടാണ് അച്ഛമ്മ എത്തുന്നത്.
തയാറാക്കിയത്: അങ്കിത കുറുപ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.