അത്തച്ചമയത്തിന്റെ മതസൗഹാര്‍ദ വെളിച്ചം എല്ലാ ദിക്കിലും പടരണമെന്ന് മുഖ്യമന്ത്രി
text_fieldsകൊച്ചി:തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര നല്‍കുന്ന മതസൗഹാര്‍ദത്തിന്റെ വെളിച്ചം എല്ലാ ദിക്കിലേക്കും പടരട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിന് തുടക്കം കുറിക്കുന്ന അത്തച്ചമയ ഘോഷയാത്രയുടെ മതനിരപേക്ഷ സ്വഭാവമാണ് ഏറ്റവും വലിയ പ്രത്യേകത. ലോകമെമ്പാടുമുള്ള മലയാളികള്‍ ഉറ്റുനോക്കുന്ന ആഘോഷമാണ് അത്തച്ചമയം. കരിങ്ങാച്ചിറ കത്തനാരും, ചെമ്പിലരയനും, നെട്ടൂര്‍ തങ്ങളും, രാജകുടുംബാംഗങ്ങളും ഒത്തുചേര്‍ന്ന് നയിച്ച അത്തച്ചമയ ഘോഷയാത്രയുടെ മതനിരപേക്ഷ സ്വഭാവം വര്‍ത്തമാനകാല ഇന്ത്യയില്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
1946 വരെ രാജവാഴ്ചയുമായി ബന്ധപ്പെട്ട ചടങ്ങായിരുന്നു അത്തച്ചമയം. പിന്‍കാലത്ത് ചടങ്ങിന്റെ ജനകീയത മുന്‍നിര്‍ത്തി ജനകീയ സമിതി ഏറ്റെടുക്കുകയായിരുന്നു. രാജവാഴ്ച കാലത്ത് ഏറ്റവും ഒടുവിലായി രാജവര്‍മ്മ പരിഷത്ത് മഹാരാജാവാണ് അത്തച്ചമയത്തിന് നേതൃത്വം നല്‍കിയത്. ഇന്ന് തൃപ്പൂണിത്തുറ നഗരസഭയാണ് നേതൃത്വം നല്‍കുന്നത്.
ലോകത്തിന്റെ ടൂറിസ്റ്റ് ഭൂപടത്തിലേക്ക് തൃപ്പൂണിത്തുറയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അത്തച്ചമയ ആഘോഷങ്ങള്‍ക്ക് സാധിക്കും. കള്ളപ്പറയും ചെറുനാഴിയും പൊളിവചനങ്ങളും ഇല്ലാത്ത സമത്വത്തിന്റെ ഒരു കാലമാണ് ഓണം നല്‍കുന്ന സന്ദേശം. ഓണത്തിന്റെ മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് നമുക്ക് മുന്നോട്ടു പോകാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
1895 ഹില്‍ പാലസ് നിർമിച്ചതോടെ കൊച്ചിരാജാവിന്റെ ആസ്ഥാനം അവിടെ ആയതിനെ തുടര്‍ന്നാണ് അത്തച്ചമയ ആഘോഷങ്ങള്‍ക്ക് ഹില്‍ പാലസ് കേന്ദ്രമായത്. അത്തച്ചമയത്തിലെ ഒരുമയുടെ സന്ദേശം ഉയര്‍ത്തിക്കൊണ്ട് കേരളീയത എന്ന ഒറ്റ വികാരത്തില്‍ നമുക്ക് എല്ലാവര്‍ക്കും ഒരുമിക്കാന്‍ കഴിയട്ടെയെന്നു മുഖ്യമന്ത്രി ആശംസിച്ചു.
മന്ത്രി പി.രാജീവ് അത്തപതാക ഉയര്‍ത്തി അത്തംനഗറില്‍ (ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ട്) നടന്ന ഘോഷയാത്ര ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. നടന്‍ മമ്മൂട്ടി ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. തൃപ്പൂണിത്തറ രാജനഗരിക്ക് വര്‍ണ്ണക്കാഴ്ചയൊരുക്കി ഒട്ടനവധി നിശ്ചല ദൃശ്യങ്ങളും, നാടന്‍ കലാരൂപങ്ങളും, വാദ്യമേളങ്ങളും ഘോഷയാത്രയുടെ ഭാഗമായി. കെ.ബാബു എം.എല്‍എ. അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ഹൈബി ഈഡന്‍ എം.പി, തോമസ് ചാഴിക്കാടന്‍ എം.പി, അനൂപ് ജേക്കബ് എം.എല്‍എ, കലക്ടര്‍ എൻ.എസ്.കെ ഉമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.