ഇല്ലങ്ങളിലും മനകളിലും തൃക്കാക്കരയപ്പനെ കുടിയിരുത്തി
text_fieldsആനക്കര: പൂവിളികളുടെ ആരവങ്ങളില്‍ അത്തം പിറന്നതോടെ ഇല്ലങ്ങളിലും മനകളിലും തൃക്കാക്കരയപ്പനെ വെക്കല്‍ നടന്നു. ഓണാഘോഷത്തിന്റെ പ്രധാന ചടങ്ങാണിത്. എന്നാല്‍, ചില വീടുകളില്‍ ഈ ചടങ്ങ് ഉത്രാടദിവസമാണ് നടക്കുക. നാക്കിലയിൽ രണ്ടിടത്തും തൃക്കാക്കരയപ്പനെ വെക്കും. മൂലം നാളില്‍ നാക്കിലക്കുതാഴെ മരപ്പലക വെക്കും. മണ്ണുകൊണ്ടുള്ള തൃക്കാക്കരയപ്പനെ വെച്ചാല്‍ നെറുകയില്‍ അരളിപ്പൂക്കള്‍ കുത്തും. തുമ്പപ്പൂ, കണ്ണാന്തളിപ്പൂ എന്നിവ വട്ടികള്‍ കമഴ്ത്തി നെറുകയില്‍ വര്‍ഷിക്കുകയും ചെയ്യും. പൂരാടം നാള് മരപ്പലകക്കുപകരം പീഠമാണ് ഉപയോഗിക്കുക. തുടര്‍ദിവസങ്ങളില്‍ തൃക്കാക്കരയപ്പന്റെ എണ്ണവും വർധിക്കും. ഉത്രാടം നാള് രാവിലത്തേതിനുപുറമെ വൈകീട്ട് രണ്ടാമതും തൃക്കാക്കരയപ്പനെ വെക്കാറുണ്ട്. അത് അവസാനത്തേതാണ്. പിന്നെ അവരെ എടുത്ത് ഒഴിവാക്കുന്നത് പൂരുരുട്ടാതി നാളിലാണ്.
നടുമുറ്റത്ത് മൂന്ന് സ്ഥലത്താണ് പീഠങ്ങള്‍. നിലത്ത് അരിമാവുകൊണ്ട് താമരത്താളുകള്‍ ചിത്രീകരിച്ച ശേഷം ചുറ്റും ഓണവില്ലും വില്ക്കോലും വരച്ചുവെക്കും. തൃക്കാക്കരയപ്പനെ അരിമാവുകൊണ്ട് അലങ്കരിക്കും. അതിനുശേഷമാണ് നെറുകയില്‍ പൂക്കള്‍ കുത്തുക.
മൂന്ന് പീഠങ്ങള്‍ ഉള്ളതില്‍ തെക്കേ അറ്റത്തായി വലുത് മഹാബലിയും തൊട്ടടുത്ത് തന്നെ ചെറുത് ഗണപതിയും നടുവിലെ പീഠത്തില്‍ വലുത് വിഷ്ണു, അതിലും ചെറുത് ലക്ഷ്മി ദേവി, മറ്റ് ദേവ സങ്കൽപത്തിൽ കുറച്ചുകൂടി ചെറുതായ ഏഴെണ്ണവും അടക്കം ആകെ ഒമ്പത് തൃക്കാക്കരയപ്പന്മാര്. മഹാബലിക്കും, വിഷ്ണുവിനും, ശിവനും, ലക്ഷ്മിദേവിക്കും ശ്രീപാര്‍വതിക്കും ഗണപതിക്കും സുബ്രഹ്മണ്യനും തിരുവോണം മുതല്‍ നാല് ദിവസവും പഴവും അടയും നിവേദിക്കും. മറ്റുള്ളവര്‍ക്ക് ഓരോ കഷ്ണം പഴം തൊലിച്ചുവെക്കും. പ്രധാനപ്പെട്ട മൂന്ന് തൃക്കാക്കരയപ്പന്മാര്‍ക്ക് പൂണൂല്, ഓലക്കുട, ദണ്ഡ്, വില്ല്, വില്ക്കോല് എന്നിവ വെച്ചുകൊടുക്കാറുണ്ട്. ജില്ലയിലെ പടിഞ്ഞാറന്‍ മേഖലകളിലും ജില്ല അതിര്‍ത്തി പ്രദേശങ്ങളിലെ മനകളിലും ഇല്ലങ്ങളിലും ഇന്നും ആഘോഷപൂര്‍വമായി ഈ ചടങ്ങ് നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.