Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightപ്രവാസോണത്തി​ന്റെ...

പ്രവാസോണത്തി​ന്റെ പഞ്ചാരിമേളം

text_fields
bookmark_border
പ്രവാസോണത്തി​ന്റെ പഞ്ചാരിമേളം
cancel
സ്വപ്​നങ്ങളുടെ മാറാപ്പുമായി കടൽകടന്ന മലയാളി ഓണവും വിഷുവും തിരുവാതിരയുമൊക്കെയും കൂടെ കൂട്ടാൻ മറന്നിരുന്നില്ലല്ലോ. അക്കൂട്ടത്തിൽ അവർ ചെണ്ടയും തോളിലേറ്റി. കേരളത്തിലേതിനേക്കാൾ കേമമായി ഇന്ന് ചെണ്ട​ സൗദി അറേബ്യയിൽ താളങ്ങളുടെ സമ്മേളനം തീർക്കുന്നു എന്നറിയു​മ്പോൾ ആരും ഒന്ന്​ അമ്പരക്കും. ഓണമായാൽ പിന്നെ പറയുകയേം വേണ്ട. ചെണ്ടമേളമില്ലാത്ത ഓണാഘോഷമില്ലെന്നായിട്ടുണ്ട്​ റിയാദിൽ.

ലോകത്ത്​ എവിടെയായാലും ചെണ്ട​പ്പുറത്ത്​ കോല്​ വീണാൽ മലയാളിയുടെ ആവേശം കൊട്ടിക്കയറും. അത്രമേൽ ജനകീയമാണല്ലോ അതിഗംഭീര കേരളവാദ്യമായ ചെണ്ട. വാദ്യങ്ങളിലെ രാജാവാണ്​. പതിനെട്ട്​ വാദ്യങ്ങളിലെ പ്രധാനിയും. ചെണ്ടയുടെ ഘോഷത്തിൽ നവധാന്യങ്ങൾ പോലും പൊട്ടിമുളക്കുമെന്നൊരു ചൊല്ല്​ തന്നെയുണ്ട്​. അത്ര ഉച്ചത്തിൽ ശബ്​ദം പുറപ്പെടുവിക്കുന്ന വാദ്യങ്ങള്‍ ലോകത്ത്​ അപൂർവമാണെന്ന സവിശേഷത വേറെയും.

ഇങ്ങനെയെല്ലാം വൈശിഷ്​ട്യമായ തങ്ങളുടെ തനത്​ വാദ്യത്തി​ന്റെ ഘോഷം മറ്റുള്ളവരും ആസ്വദിക്കുന്നുണ്ടെന്ന്​​ കണ്ടാൽ​ ആഹ്ലാദിക്കാത്ത മലയാളികളുണ്ടാവുമോ? എന്നാൽ ലോകത്തെവിടെ അത്​ സാധ്യമായാലും സൗദി അറേബ്യയിൽ പാണ്ടിമേളവും പഞ്ചാരിമേളവും ശിങ്കാരിമേളവുമൊക്കെ അവതരിപ്പിക്കാനും ആസ്വദിക്കാനും അറബികളടക്കം താളത്തിനൊത്ത്​ തുള്ളുന്നത്​ കാണാനും കഴിയുമെന്ന്​ ആരും സ്വപ്​നത്തിൽ​ പോലും കരുതിയിട്ടുണ്ടാവില്ല. പക്ഷേ, കേരളത്തിലേതിനേക്കാൾ കേമമായി ഇന്ന് ചെണ്ട​ സൗദി അറേബ്യയിൽ താളങ്ങളുടെ സമ്മേളനം തീർക്കുന്നു എന്നറിയു​മ്പോൾ ആരും ഒന്ന്​ അമ്പരക്കും. ഓണമായാൽ പിന്നെ പറയുകയേം വേണ്ട. ചെണ്ടമേളമില്ലാത്ത ഓണാഘോഷമില്ലെന്നായിട്ടുണ്ട്​ റിയാദിൽ. മേള അകമ്പടിയിൽ മാവേലിയുടെ എഴുന്നള്ളത്ത്​, കാണേണ്ട കാഴ്​ച തന്നെ!

സ്വപ്​നങ്ങളുടെ മാറാപ്പുമായി കടൽകടന്ന മലയാളി ഓണവും വിഷുവും തിരുവാതിരയുമൊക്കെയും കൂടെ കൂട്ടാൻ മറന്നിരുന്നില്ലല്ലോ. അക്കൂട്ടത്തിൽ അവർ ചെണ്ടയും തോളിലേറ്റി. വീട്ടിലേക്കും നാട്ടിലേക്കും തനിയെ സംഭവിക്കുന്ന ഉൾവലിയലിന്റെ പിരിമുറുക്കം ഗൃഹാതുരതയായി ഒപ്പം കൊണ്ടുനടക്കുന്ന ഒരു ജീവിയാണ് ലോകത്തെവിടെയായിരുന്നാലും മലയാളി. പൊന്നോണമെത്തിയാൽ ഓർമയുടെ ആഴങ്ങളിൽ തപ്പി, ഇതളടർന്ന് കിടക്കുന്നവ പെറുക്കിയെടുത്തു ചേർത്തുവെച്ച് മനസിന്റെ മുറ്റത്ത് അത്തപ്പൂക്കളമൊരുക്കും അവർ.

തിരുവോണം പിറന്നാലും വിഷുപക്ഷി ചിറകടിച്ചാലും പൊന്നിൻ വില കൊടുത്തിട്ടായാലും മരുഭൂമിയിൽ പോലും അവർ സദ്യവട്ടം കൂട്ടും. മണലിൽ തൂശനില വിരിക്കും. ഒറ്റാന്തടി ജീവിതങ്ങൾ പോലും ആളെ കൂട്ടി നാളപാചക നൈപുണ്യം രുചിയോടെ വിളമ്പും. കൈകൊട്ടി കളിച്ച്​ മലയാളി മങ്കമാർ ചന്തമെഴും തിരുവാതിര കാഴ്​ചയൊരുക്കും. സദ്യയും ഓണക്കളികളുമൊക്കെയായി ചെറിയതോതിലായിരുന്ന ഓണാഘോഷങ്ങൾ ഇന്ന്​ പ്രവാസലോകത്ത്​ വിപുലമായ ഉത്സവങ്ങളായി മേളപ്പെരുക്കം തീർക്കുന്നു​. അതിന്​ ഇന്നവർക്ക്​ സ്വന്തമായി ചെണ്ടവാദ്യ സംഘങ്ങൾ പോലുമുണ്ട്​. സൗദി അറേബ്യയിലുമുണ്ട്​ ​‘മേളം’ എന്നൊരു ചെണ്ടസംഘം.

റിയാദിലെ ‘മേളം’

സൗദിയിൽ കുറഞ്ഞകാലത്തിനിടെ പരക്കെ അറിയപ്പെട്ടുതുടങ്ങിയ ചെണ്ട വാദ്യസംഘമാണ്​ റിയാദിലെ ‘മേളം’. ഒരു നാടൻപാട്ട്​ കൂട്ടമായിട്ടായിരുന്നു തുടക്കം​. പിന്നീടതൊരു ചെണ്ട വാദ്യസംഘമായി പരിണമിച്ചു. റിയാദിലെ മലയാളികളുടെ സ്വതന്ത്ര കലാസാംസ്​കാരിക സാമൂഹിക കൂട്ടായ്​മയായ ‘റിയാദ്​ ടാക്കീസി​’ന്​ കീഴിലായിരുന്നു അത്​. മേളം ചെണ്ട വാദ്യസംഘത്തിൽ ഇന്ന്​ ഒരു വനിതയുൾപ്പടെ 19 കൊട്ടുകാരാണുള്ളത്​.

റിയാദ്​ ടാക്കീസിന്റെ നാടൻപാട്ട്​ സംഘത്തിൽ മഹേഷ് എന്ന കലാകാരൻ ചേർന്നതോടെയാണ്​ അകമ്പടിയായി ഒരു ചെണ്ട എത്തുന്നത്​​. മൂന്നുവർഷം മുമ്പായിരുന്നു അത്​. ഷമീർ കല്ലിങ്ങൽ, ഷൈജു പച്ച, സുൽഫി കൊച്ചു, പ്രദീപ്​ കിച്ചു, അശോക്​, അനസ്​, അൻവർ, ജബ്ബാർ പൂവാർ, റിജോഷ്​ കടലുണ്ടി, സജീർ സമദ്​, ജംഷീർ കാലിക്കറ്റ്​ എന്നിവരാണ്​ മഹേഷിനൊപ്പം അന്നുണ്ടായിരുന്നത്​​​. നാടൻപാട്ട്​ അവതരിപ്പിക്കു​മ്പോൾ അകമ്പടി സേവിക്കാൻ മഹേഷ്​ നാട്ടിൽനിന്ന്​ ഒരു ചെണ്ട കൊണ്ടുവന്നിരുന്നു. അത്​ പിന്നീട്​ രണ്ടായി, മൂന്നായി. ദമ്മാമിൽനിന്ന്​ ഒരാളെ കൊണ്ടുവന്ന്​​ ചെണ്ടയിൽ പരി​ശീലനം ആരംഭിക്കുകയും ചെയ്​തു​. അപ്പോഴും നാടൻപാട്ട് വേദിയുടെ അകമ്പടി വാദ്യം എന്നത്​ മാത്രമായിരുന്നു ചെണ്ടയുടെ സ്ഥാനം.

ഇതിനിടെ മലപ്പുറത്തു നിന്ന്​ റിയാദിലെത്തി തങ്ങളുടെ ജോലിയും ജീവിതവുമായി ഒതുങ്ങിക്കൂടി കഴിയുകയായിരുന്ന ഹരീഷ്​ എന്നും സ്വരൂപ്​ എന്നും പേരുകാരായ രണ്ട്​ ചെണ്ട കലാകാരന്മാർ റിയാദ്​ ടാക്കീസിനെ കുറിച്ച്​ കേട്ടു. സൗദിയിലൊരു ചെണ്ട കാണാൻ കൊതിച്ച്​ നടന്ന അവർ നാടൻപാട്ട്​ സംഘത്തിന്​ അകമ്പടി സേവിക്കുന്ന ചെണ്ടയെ കുറിച്ചറിയുന്നു. ഇരുവരും അടുത്തടുത്ത നാട്ടുകാരായിട്ടും നാട്ടിൽ വെച്ച്​ പരസ്​പരം അറിയാത്തവരായിരുന്നെങ്കിലും വളരെ യാദൃശ്ചികമായിട്ട്​ ഒരേസമയത്താണ്​ റിയാദ്​ ടാക്കീസിലെത്തുന്നത്​.

അതോടെ അവരൊരുമിച്ചായി​. നാടൻപാട്ട്​ സംഘത്തെ ചെണ്ടവാദ്യ സംഘമായി മാറ്റിയെടുക്കാൻ അവർ കൈകോർത്തു. റിയാദ്​ ടാക്കീസും അത്​ തന്നെയായിരുന്നു ആഗ്രഹിച്ചിരുന്നതും. ചെണ്ട പരിശീലിപ്പിക്കാൻ നാനൂറ്​ കിലോമീറ്ററകലെ ദമ്മാമിൽ നിന്ന്​ ആഴ്​ചതോറും ആൾ വരേണ്ട വളരെ വിഷമകരമായ അവസ്ഥക്കാണ്​ സ്വരൂപി​ന്റെയും ഹരീഷി​ന്റെയും രംഗപ്രവേശം മാറ്റം വരുത്തിയത്​. സ്വന്തം വീട്ടുമുറ്റത്ത്​ ആശാന്മാരെ കിട്ടിയതോടെ റിയാദ്​ ടാക്കീസിലെ കാലാകാരന്മാർ ഉഷാറായി. ഹരീഷും സ്വരൂപും ആശാന്മാരായി, എല്ലാവരും അവർക്ക്​ കീഴിൽ ചെണ്ട നന്നായി തന്നെ കൊട്ടിപരിശീലിക്കാൻ തുടങ്ങി. അപ്പോൾ കൂടുതൽ ചെണ്ടയും ഇലത്താളവും വേണ്ടി വന്നു. നാട്ടിൽ അവധിക്ക്​ പോയിവരുന്നവരൊക്കെ ഓരോ ചെണ്ട ചുമലിലേറ്റി കൊണ്ടുവന്നു. ഇന്ന്​ സംഘത്തിന്​ സ്വന്തമായി 15 ചെണ്ടയും ഏഴ്​ ഇലത്താളവുമുണ്ട്​. ചെണ്ട മാത്രമല്ല കോലും മറ്റ്​ സാമഗ്രികളുമെല്ലാം നാട്ടിൽ നിന്നാണ്​ കൊണ്ടുവരുന്നത്​.

വിശ്രമിക്കാൻ നേരമില്ലാത്തവിധമാണിപ്പോൾ പരിശീലന കളരിയും വേദികളും. വാരാന്ത്യ അവധി തുടങ്ങുന്ന എല്ലാ വ്യാഴാഴ്​ച രാത്രികളിലുമാണ്​ പരിശീലനം. ഹരീഷിനെയും സ്വരൂപിനെയും കൂടാതെ എൽദോ ജോർജ് വയനാട്, സനോജ് കോട്ടയിൽ നിലമ്പൂർ, പി.എസ്. സുദീപ് കോട്ടയം, ശാരിക സുദീപ് കോട്ടയം, സജീവ് കോലാർ വീട്ടിൽ അരീക്കോട്, ജിൽസൻ ജോസ് എറണാകുളം, ഷമീർ കല്ലിങ്ങൽ തിരൂർ, ഹരിമോൻ രാജൻ കായംകുളം, വിജയകുമാർ കായംകുളം, ജംഷീർ കോഴിക്കോട്, സെയ്യിദ് അലവി മലപ്പുറം, പ്രദീപൻ കണ്ണൂർ, നസീർ കൊല്ലം, ബാദുഷ പട്ടാമ്പി, അശോക് തിരുവനന്തപുരം, സോണി കണ്ണൂർ, സുൽഫി തൃശ്ശൂർ എന്നിവരാണ്​ മേള സംഘത്തിലെ നിലയ വിദ്വാന്മാർ.

അരങ്ങോട്​ അരങ്ങ്​

​ഓണത്തിന്​ മാത്രമല്ല പ്രവാസികളുടെ മറ്റ്​ ആഘോഷങ്ങളിലും ഇന്ത്യൻ എംബസിയിലും സൗദി എൻറർടെയ്​ൻമെൻറ്​ അതോറിറ്റിയുടെ റിയാദ്​ സീസൺ ആഘോഷത്തിലും അറബി കല്യാണങ്ങളിലും വരെ ഇന്ന്​ മേളത്തിന്​ കൊട്ടാൻ അരങ്ങൊരുങ്ങുന്നുണ്ട്​. പല ക്ഷണങ്ങളും സ്വീകരിക്കാനാവാത്തത്ര തിരക്ക്​. കഴിഞ്ഞ രണ്ടുവർഷത്തിനിടെ നിരവധി സൗദി വിവാഹ സൽക്കാര ചടങ്ങുകളിലാണ്​ ചെണ്ട അവതരിപ്പിച്ചത്​. അറബികൾക്ക്​ ചെണ്ടമേളം ഇന്നൊരു വലിയ ഹരമായിക്കഴിഞ്ഞു.

സൗദി ഗവൺമെൻറ്​ നടത്തുന്ന ഏറ്റവും വലിയ കലാസംഗീത പരിപാടിയായ റിയാദ് സീസണിൽ കൊട്ടാൻ അവസരം കിട്ടിയെന്നത്​ തന്നെ കേരളത്തി​ന്റെ തനത്​ വാദ്യത്തിന് അറബി മണ്ണിൽ​ കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണ്​. കഴിഞ്ഞ രണ്ട് സീസണുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് ചെണ്ടമേളം അവതരിപ്പിച്ചു. കഴിഞ്ഞ വർഷത്തെ റിയാദ്​ സീസണിൽ, വിവിധ രാജ്യങ്ങളുടെ ആഘോഷ വേദിയായ റിയാദിലെ​ സുവൈദി പാർക്കിൽ എട്ട്​ ദിവസം തുടർച്ചയായി പരിപാടി അവതരിപ്പിച്ചു.


ദിവസം രണ്ടുനേരമായിരുന്നു മേളം. എല്ലാദിവസവും വൈകീട്ട്​ ഏഴ്​ മണിക്ക്​ ഘോഷയാത്രയായിട്ടായിരുന്നു പരിപാടി. കഥകളി, കാവടിയാട്ടം ഉൾപ്പടെ ഇന്ത്യയുടെ മറ്റ്​ തനത്​ കലാരൂപങ്ങൾക്കൊപ്പം സുവൈദി പാർക്കിനെ വലംവെച്ച്​ ഒരു ഘോഷയാത്രയായിട്ടായിരുന്നു അത്​. ചെണ്ടമേളമായിരുന്നു ഏറ്റവും മുന്നിൽ. വിശാലമായ പാർക്കിന്​​ ചുറ്റും വലംവെച്ച്​ വരു​മ്പോൾ മേളം കൊട്ടിക്കയറും. ഒടുവിൽ മേളപ്പെരുക്കമായി ആവേശം കത്തിക്കയറും. ശേഷം രാത്രി ഒമ്പതിനും പാർക്കിനുള്ളിൽ മേളമുണ്ടാവും. 2022ൽ ഒരു ദിവസം മാത്രമേ അവസരം ലഭിച്ചിരുന്നുള്ളൂ. അത്​ സ്​റ്റേജ്​ പരിപാടിയായിട്ടായിരുന്നു.

റിയാദിന്​ പുറമേ സൗദി അറേബ്യയുടെ മറ്റ്​ ഭാഗങ്ങളിലേക്കും പരിപാടി അവതരിപ്പിക്കാൻ ക്ഷണം എത്താറുണ്ട്​. ജിദ്ദയിൽ ഒരിക്കൽ പോയി മേളം അവതരിപ്പിച്ചു. അവിടെ ഇന്ത്യൻ കോൺസുലേറ്റിലായിരുന്നു പരിപാടി. ജിദ്ദയിലെ പ്രവാസികൾക്ക്​ അത്​ വലിയ അത്ഭുതമായിരുന്നു. ആദ്യമായിട്ടായിരുന്നു അവിടെ അങ്ങനെ​യൊരു ചെണ്ടമേളം. അതവിടെ ആളുകളിൽ വലിയ ഓളമുണ്ടാക്കി. ജനങ്ങളിൽ നിന്ന്​ നല്ല പ്രതികരണമായിരുന്നു.

ദമ്മാമിൽനിന്നും ക്ഷണം വരാറുണ്ട്​. അതുപോലെ മറ്റ്​ ഭാഗങ്ങളിൽനിന്നും. പക്ഷേ സ്വീകരിക്കാൻ കഴിയുന്നില്ല. പോയിവരാനുള്ള ബുദ്ധിമുട്ടാണ്​ കാരണം. ദമ്മാമിലേക്ക്​ 400ഉം ജിദ്ദയിലേക്ക്​ 900ഉം കിലോമീറ്റർ ദൂരമുണ്ട്​. ഇതുപോലെ തന്നെ മറ്റിടങ്ങളിലേക്കും നൂറുകണക്കിന്​ കിലോമീറ്റർ ദൂരം. സംഘത്തിലുള്ളവരെല്ലാം റിയാദിൽ ജോലി ചെയ്യുന്നവരാണല്ലോ. ആഴ്​ചയിലൊരു ദിവസം കിട്ടുന്ന അവധി കൊണ്ട് ഈ കാതങ്ങൾ താണ്ടി​ എത്തിപ്പെടാനാവില്ല.

ചെണ്ടയും മരുഭൂമിയും

മരുഭൂമിയും തീവ്രമായ കാലാവസ്ഥയും ചെണ്ടയും എങ്ങനെ പൊരുത്തപ്പെട്ട്​ പോകും എന്ന്​ പലരും ചോദിക്കാറുണ്ടെന്ന്​ ഹരീഷ്​ പറയുന്നു. സത്യം പറഞ്ഞാൽ, ചെണ്ടക്ക് ചെറിയൊരു​ വരണ്ട അന്തരീക്ഷമാണ് വേണ്ടത്​. അതാണ്​ അതി​ന്റെ ഈട്​ നിൽപിന്​ നല്ലത്​.​ പക്ഷേ, സൗദി അറേബ്യയിൽ പ്രത്യേകിച്ച്​ റിയാദിൽ വരണ്ട കാലാവസ്ഥയാണെങ്കിലും അത് ഏറ്റവും തീവ്രമാണ്​. അത്രയും​ ചെണ്ടക്ക് താങ്ങാനാവില്ല. ഒന്നുകിൽ കഠിനമായ ചൂട്​, അല്ലെങ്കിൽ കൊടും തണുപ്പ് ഇത്​ രണ്ടുമാണല്ലോ സൗദിയിലെ പൊതുവായ ഒരു കാലാവസ്ഥ​. ഇതി​ന്റെ മാറ്റങ്ങൾക്കിടയിൽ കുറഞ്ഞകാലം സമശീതോഷ്​ണമായ കാലാവസ്ഥ വരാറുണ്ട്​. കടുത്ത ചൂടും കൊടും ശൈത്യവും ചെണ്ടക്ക്​ പറ്റുന്ന കാലാവസ്ഥയല്ല. ചെണ്ടയുടെ ആയുർദൈർഘ്യം കുറക്കും​. ചെണ്ടയുടെ പ്രധാന ഭാഗമായ വട്ടത്തിനാണ്​ വേഗം കേടുവരുക. അത്​ ഇടയ്​ക്കിടെ മാറ്റേണ്ടിവരും. ഇപ്പോൾ നാട്ടിൽ നിന്ന് കൂടുതലും കൊണ്ടുവരുന്നത്​ ഈ വട്ടങ്ങളാണ്​. കേടുവരുന്ന വട്ടങ്ങൾ അഴിച്ചുമാറ്റും. പുതിയ വട്ടം വെച്ച്​ ചണനാരാൽ​ കോർത്ത്​ കെട്ടും.

അറബികൾക്കും ഹരം

മലയാളികളെക്കാൾ അറബികൾക്കാണ്​ ഇന്ന്​ ചെണ്ടയോട്​ വലിയ ഹരം. സൗദികളും മറ്റ്​ അറബ്​ രാജ്യങ്ങളിൽനിന്നുള്ളവരും മാത്രമല്ല, പാകിസ്​താനികളും മലയാളികളല്ലാത്ത മറ്റ്​ ഇന്ത്യാക്കാരുമെല്ലാം ചെണ്ട വാദ്യം കേൾക്കാൻ വളരെ താൽപര്യം കാട്ടുന്നുണ്ട്​. സൗദിയിൽ മേളം അവതരിപ്പിച്ചു തുടങ്ങിയപ്പോൾ മനസിലായ കാര്യമാണിതെന്ന്​ ഹരീഷ്​ പറയുന്നു​. സൗദികളും പാകിസ്​താനികളുമൊക്കെ ചെണ്ടയുടെ താളത്തിന്​ അനുസരിച്ച്​ നൃത്തച്ചുവട്​ വെക്കുന്നതുപോലും കണ്ടിട്ടുണ്ട്​. ആവേശം കൊണ്ട് അവർ​ ആടും. താളം തുള്ളും.

കണ്ടുനിൽക്കുന്നവരെ ആനന്ദലഹരിയിലാക്കാൻ ചെണ്ടവാദ്യത്തിന്​ ഒരു അസാധാരണ കഴിവുണ്ട്​. അതൂകൊണ്ടാവും മറ്റുള്ളവരെയെല്ലാം ഇതിത്ര ഹരം പിടിപ്പിക്കുന്നത്​. ചെണ്ട വാദ്യം മുഴങ്ങു​മ്പോൾ അത്തരം ആളുകളുടെ ആസ്വാദനം ഒന്ന്​ കാണ്ടേത്​ തന്നെയാണ്​. അവരുടെ ആനന്ദ ചുവടുവെപ്പുകളും. ഒരു ആഗോള വാദ്യമായി മാറാൻ ചെണ്ടക്ക്​ കഴിവുണ്ടെന്ന്​ സൗദി അറേബ്യയിലെ അനുഭവങ്ങളിൽനിന്ന്​ മനസിലായിട്ടുണ്ടെന്നും​ ഹരീഷ്​ കൂട്ടിച്ചേർക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam 2024Panchari Melam
News Summary - Panchari melam
Next Story