റാസ് അബ്റൂഖിന്റെ പൈതൃകം പകർത്തിയ പവിലിയനുകൾ
text_fieldsദോഹ: പാരമ്പര്യവും പൈതൃകവുമെല്ലാം സമ്മേളിച്ച സ്റ്റേഡിയങ്ങളുടെ നിർമിതികൊണ്ട് വിസ്മയിപ്പിച്ചതായിരുന്നു ഖത്തറിന്റെ ലോകകപ്പ് ഫുട്ബാൾ തയാറെടുപ്പ്. അൽ ബെയ്ത്, അൽ തുമാമ, ലുസൈൽ മുതൽ ‘974’ സ്റ്റേഡിയങ്ങൾ വരെ നിർമാണത്തിൽ അതിശയമായി മാറി. ഇപ്പോഴിതാ, ലോകകപ്പിന് ശേഷം മറ്റൊരു മഹാമേളയെ വരവേൽക്കുമ്പോൾ ഖത്തറിന്റെ ഒരുക്കങ്ങളിലുമുണ്ട് പാരമ്പര്യത്തിന്റെ കൈയൊപ്പ്.
ഒക്ടോബറിൽ തുടങ്ങി ആറുമാസം നീണ്ടുനിൽക്കുന്ന ദോഹ എക്സ്പോയുടെ പ്രധാന കേന്ദ്രങ്ങളായ പവിലിയൻ നിർമാണത്തിലാണ് രാജ്യത്തിന്റെ പൈതൃകങ്ങളെ മാതൃകയാക്കിയത്. ഖത്തറിന്റെ വടക്കൻ അതിർത്തിയായ സക്രീതിലെ റാസ് അബ്റൂഖ് എന്ന ശിലായുഗ ശേഷിപ്പുകളുടെ മാതൃകയെയാണ് എക്സ്പോയുടെ പവിലിയനുകളിലേക്ക് പകർത്തിയത്.
ഖത്തറിലെത്തുന്ന ചരിത്രാന്വേഷികൾക്കും സഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ട കേന്ദ്രമായി മാറിയ സക്രീതിലെ പാറമടകളും കുന്നുകളും പുരാതന കാലത്തിന്റെ ശേഷിപ്പുമായി നിൽക്കുന്നവയാണ് ഓരോ പവിലിയനിന്റെയും രൂപമാക്കി മാറ്റിയത്.
‘പാരമ്പര്യങ്ങൾ ആഘോഷിക്കാനും പുനരുജ്ജീവിപ്പിക്കാനും അതിൽ മുഴുകാനും ആറുമാസത്തേക്ക് റാസ് അബ്റൂഖിനെ എക്സ്പോ വേദിയിൽ ജീവസ്സുറ്റതാക്കിയിരിക്കുന്നു’ എന്നായിരുന്നു ദോഹ എക്സ്പോ സംഘാടകർ സമൂഹ മാധ്യമ പ്ലാറ്റ്ഫോമിൽ പവിലിയനെ കുറിച്ച് വിശേഷിപ്പിച്ചത്.
ദോഹയിൽ നിന്നും 90 കിലോമീറ്ററോളം അകലെയുള്ള ദുഖാനിന്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന റാസ് അബ്റൂഖ്, സക്രീത് പെനിൻസുലയുടെ വടക്കേയറ്റത്താണുള്ളത്. കടൽതീരത്തിനൊപ്പം ചരിത്രാതീത ഭൂപ്രകൃതിയിൽ പുരാതന മനുഷ്യവാസത്തിന്റെ അവശിഷ്ടങ്ങളും നാടോടി ഗോത്രങ്ങളുടെ സാന്നിധ്യവുമുള്ള പുരാവസ്തുശേഷിപ്പുകളാണ് ഇവിടത്തെ പ്രത്യേകത.
റാസ് അബ്റൂഖിലെ മനോഹരവും പ്രതീകാത്മകവുമായ പാറക്കൂട്ടങ്ങൾ വിനോദസഞ്ചാരികൾക്കും ചരിത്രാന്വേഷികൾക്കും ആകർഷകമാണ്. മൃദുവായ ചുണ്ണാമ്പുകല്ലുകളുള്ള വെളുത്ത പാറക്കെട്ടുകളുടെ അസാധാരണമായ ഭൂപ്രകൃതിയാണ് സവിശേഷത. കൂൺ ആകൃതിയിലുള്ള കുന്നുകൾ നൂറ്റാണ്ടുകൾ പഴക്കമുള്ള മനുഷ്യവാസത്തിന്റെ ബാക്കിപത്രമാണ്. ഭൂരിഭാഗം ഭാഗങ്ങളും സംരക്ഷിക്കപ്പെടുകയും കാട്ടുമാനുകൾക്കായി പ്രകൃതിസംരക്ഷണം ഒരുക്കുകയും ചെയ്ത മേഖലകൂടിയാണിത്.
ഈ സവിശേഷ മേഖലയെ അതേപടി പകർത്തിയാണ് എക്സ്പോയിലെ പവിലിയനുകൾ തയാറാക്കിയത്. ആകാശക്കാഴ്ചയിലും അകത്തെ അനുഭവങ്ങളിലും അൽ ബിദ പാർക്കിലെ പവിലിയനുകൾ റാസ് അബ്റൂഖായി മാറുന്നു. അഞ്ചു ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഫാമിലി ഏരിയ, കൾചറൽ ഏരിയ എന്നിവ അടങ്ങിയതാണ് എക്സ്പോ പവിലിയനുകൾ.
ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന എക്സ്പോയിലെ ഒരുക്കങ്ങളെല്ലാം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. 80 രാജ്യങ്ങൾ പങ്കെടുക്കുന്ന അന്താരാഷ്ട്ര ഹോർട്ടികൾചറൽ മേളയിൽ 30 ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. എല്ലാവർക്കും ദോഹ എക്സ്പോയിലേക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വിദേശ സന്ദർശകർക്കായി ഖത്തർ ടൂറിസവുമായി സഹകരിച്ച് ഹയാ കാർഡും പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.