മുഖ്യധാരയിലേക്ക് വരാൻ പറയുന്നവർത്തന്നെ കൂട്ടം ചേർന്ന് കൊല്ലുന്നുവെന്ന് കവി സുകുമാരൻ ചാലിഗദ്ദ
text_fieldsകൽപ്പറ്റ: മുഖ്യധാരയിലേക്ക് വരാൻ പറയുന്നവർ തന്നെ കൂട്ടം ചേർന്ന് ആദിവാസികളെ കൊല്ലുന്നുവെന്ന് കവി സുകുമാരൻ ചാലിഗദ്ദ. ''ആദിവാസി കൊല ഒന്നും രണ്ടും തവണയല്ല കേരളത്തിൽ നടക്കുന്നത് ഇതിനു മുമ്പും കേരളത്തിൽ ആദിവാസികൾ പലവിധത്തിൽ മരണപ്പെട്ടിട്ടുണ്ട് .
അന്ന് ചോദിക്കാനും പറയാനും കഴിയാതെ ഒളിച്ചിരുന്ന ഗോത്രങ്ങൾ ഇന്ന് പുതിയ മാറ്റങ്ങളിലേക്ക് വന്നത് ആരും തന്നെ തിരിച്ചറിയാതെ കഴിയുന്നത് വളരെ മോശമാണ്. മറ്റു സംസ്ഥാനങ്ങളിൽ ആര് ചത്താലും എന്ത് പ്രശ്നം കണ്ടാലും കേരളീയർ കൊടിപ്പിടിച്ച് വിയർത്ത് സമരം ചെയ്യുന്ന അവസ്ഥപ്പോലും കണ്ടോണ്ടിരിക്കുന്ന കാലത്താണ് സ്വന്തം നാട്ടിൽ ഇത്തരത്തിൽ ഒന്ന് നടന്നിട്ടും കാണാത്തപോലെ നടിക്കുന്നത് വിദ്യാഭ്യാസമാണ്.
വിദ്യാപരമായും അല്ലാതെയും ആദിവാസികൾ മുന്നേറിക്കൊണ്ടിരിക്കുന്ന നേരത്ത് ഇത്തരത്തിൽ നടക്കുന്ന വംശീയപരമായ പരാക്രമങ്ങളെ കണ്ടു നിൽക്കുവാൻ ഞങ്ങളെപ്പോലുള്ള ആദിവാസി എഴുത്തുകാർക്ക് സാധിക്കുന്നില്ല. ഒരു കവിയും ആദിവാസിയും മനുഷ്യനുമായ എനിക്ക് ഇതിനെതിരെ പ്രതികരിക്കാതിരിക്കാൻ കഴിയില്ല. കാരണം ഞങ്ങളും മനുഷ്യരാണ്. വേർതിരിവില്ലാതെ ഞങ്ങളെല്ലാ മനുഷ്യരേയും കാണുന്നതു കൊണ്ടാണോ നിങ്ങളീ പ്രവൃത്തി തുടരുന്നത്? അതോ ഞങ്ങൾ നിങ്ങളെപ്പോലെ ക്രൂരന്മാരാവണോ ?എന്തായാലും ആദിവാസികൾ ഒരിക്കലും ക്രൂരൻമാരാവില്ല, നന്മയുടെ ബഹുമാനത്തിൻ്റെ പാഠങ്ങൾ ഞങ്ങളിൽ നിക്ഷിപ്തമാണ് അതാണ് സംസ്ക്കാര പഠനം.
ഇനിയും നോക്കി നിൽക്കാനാവില്ല . മുഖ്യധാരയിലേക്ക് വരാൻ പറയുന്നവർ തന്നെ കൂട്ടം ചേർന്ന് കൊല്ലുന്നു .ഇതാണോ മുഖ്യധാര? മനസിലാവുന്നില്ല. നിങ്ങൾ തോക്കോ വടിവാളോ എടുത്തോളൂ. അമ്പും വില്ലും വീണ്ടും ഞങ്ങൾ ഉണ്ടാക്കും ജാതിയും മതവും ഞങ്ങൾക്കില്ല''- എന്നാണ് സുകുമാരൻ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.