‘പ്രവാസി പരിചയ്’ വാരാഘോഷം; വിവിധ സംസ്ഥാനങ്ങളുടെ തനത് കലാമേളമൊരുക്കി ഇന്ത്യൻ എംബസി
text_fieldsറിയാദ്: പ്രവാസി ഭാരതീയരെ കൂട്ടിയിണക്കുന്ന ‘പ്രവാസി പരിചയ്’ വാരാഘോഷങ്ങളുടെ ഭാഗമായി റിയാദിലെ ഇന്ത്യൻ എംബസിയിൽ വ്യാഴാഴ്ച അരങ്ങേറിയ വിവിധ സംസ്ഥാനങ്ങളുടെ തനത് കലാരൂപങ്ങൾ ഇന്ത്യൻ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്നതായി. കേരള, ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ കലാകാരന്മാരാണ് ആടിയും പാടിയും നിറഞ്ഞത്.
എംബസി ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിന് മുന്നിൽ നൃത്താധ്യാപിക രശ്മി വിനോദിന്റെ വൈദേഹി നൃത്തവിദ്യാലയം അണിയിച്ചൊരുക്കിയ കുച്ചിപ്പുടിയോടെ ആരംഭിച്ച പരിപാടി വാരാന്ത്യത്തെ ആസ്വാദ്യകരമാക്കി. പാട്ട കമ്പടിയിൽ നാടോടിക്കഥ പറഞ്ഞ രാജസ്ഥാൻ കലാകാരന്മാർ പാടിയും സംഗീതോപകരണങ്ങൾ വായിച്ചും സദസ്സിന്റെ കൈയടി നേടി.
കൂട്ടമായെത്തി രാജ്യസ്നേഹവും ഐക്യവും വിളിച്ചോതുന്ന പാട്ടുപാടിയാണ് ഡൽഹി സദസ്സിന്റെ മനം കവർന്നത്. ഉത്തർപ്രദേശ് സംഘം സ്നേഹം കൊണ്ട് മീട്ടുന്ന ഖവ്വാലിയുടെ നാദധാര ഒഴുക്കിയപ്പോൾ സദസ്സിന്റെ ഉള്ളം കുളിർത്തു. നേരിയ കുളിരുള്ള രാത്രിക്ക് സംഗീതത്തിന്റെ ഇളം ചൂട് പകർന്ന് മനം നിറഞ്ഞ കൈയടി നേടിയാണ് ആ സൂഫി പാരമ്പര്യത്തിന്റെ പാട്ടുകാർ വേദിവിട്ടത്.
കാത് കൂർപ്പിച്ച് മിഴി ചിമ്മാതെ ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലേക്ക് പ്രേക്ഷകരെ ഉയർത്തിയാണ് പഞ്ചാബിന്റെ ബങ്ക്റ നൃത്തം അരങ്ങേറിയത്. രാജസ്ഥാനി കലാകാരന്മാർ നാടോടി ഗാന, നൃത്ത രൂപങ്ങൾ അവതരിപ്പിച്ചു. കഥകളി, മോഹിനിയാട്ടം, സിനിമാറ്റിക് ഡാൻസ്, ഓട്ടൻതുള്ളൽ, കഥാപ്രസംഗം, വഞ്ചിപ്പാട്ട് തുടങ്ങിയ വ്യത്യസ്ത പരിപാടികളുമായി കേരളവും വേദി നിറഞ്ഞു.
വഞ്ചിപ്പാട്ടിനായി പ്രത്യേകം വള്ളം നിർമിച്ച് അതിൽ കയറിയിരുന്ന് തുഴയെറിഞ്ഞ് മലയാളി കലാകാരന്മാർ പാടിയത് അംബാസഡർ ഉൾപ്പെടെയുള്ളവരെ ഏറെ ആകർഷിച്ചു.
ഔദ്യോഗിക തുടക്കത്തിന് തിരിതെളിച്ചത് ഇന്ത്യൻ അംബാഡർ ഡോ. സുഹേൽ അജാസ് ഖാൻ. പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് ശിഹാബ് കൊട്ടുകാട് അംബാസഡർക്കൊപ്പം തിരിതെളിച്ചു. ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളം ഉൾപ്പെടെ ഓരോ സംസ്ഥാനങ്ങളുടെയും വ്യത്യസ്ത മേഖലകളിലുള്ള സവിശേഷതകളെ കുറിച്ച് അദ്ദേഹം ഉദ്ഘാടന പ്രഭാഷണത്തിൽ വാചാലനായി. സ്റ്റിയറിങ് കമ്മിറ്റി, കമ്യൂണിറ്റി വളൻറിയർമാർ, സംഘടനകൾ, കലാകാരന്മാർ, സ്പോൺസർമാർ തുടങ്ങി മനോഹരമായ ഇത്തരമൊരു ആഘോഷം യാഥാർഥ്യമാക്കാൻ ഒരുമിച്ച എല്ലാവരെയും അംബാസഡർ അഭിനന്ദിച്ചു.
എംബസി അങ്കണത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ചിത്രകാരന്മാർ വരച്ച ചിത്രങ്ങളുടെ പ്രദർശനവുമുണ്ടായിരുന്നു. മലയാളി ചിത്രകാരി നൂരിയ ഷാമിന്റെയും ചിത്രങ്ങൾ പ്രദർശനത്തിലുൾപ്പെട്ടു.
ഉർദു പത്രപ്രവർത്തകൻ കെ.എൻ. വാസിഫിന്റെ ഫോട്ടോ പ്രദർശനവും നടന്നു. സ്റ്റിയറിങ് കമ്മിറ്റി കൺവീനർ മുഹമ്മദ് സൈഗം ഖാൻ സ്വാഗതം ആശംസിച്ചു. എംസി തർണം ആമുഖ പ്രഭാഷണം നടത്തി. സലിം മാഹി, സതീഷ് കുമാർ ദീപക് തുടങ്ങിയവർ വിവിധ പരിപാടികളിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.