പ്രഫ. സി.കെ. മൂസതിന്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്നു
text_fieldsബംഗളൂരു: അധ്യാപകൻ, ശാസ്ത്ര എഴുത്തുകാരൻ, പൗരാണികഗ്രന്ഥങ്ങൾ കണ്ടെടുത്ത് പ്രകാശിപ്പിക്കുന്നതിൽ നിപുണൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ അസി. ഡയറക്ടർ തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രശസ്തനായിരുന്നു പ്രഫ. സി.കെ. മൂസതിന്റെ രചനകളും അദ്ദേഹത്തിന്റെ സ്വകാര്യശേഖരത്തിലുള്ള മറ്റു പുസ്തകങ്ങളും ഡിജിറ്റൈസ് ചെയ്യുന്നു. 1921 മുതൽ 1991 വരെ ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ രചനകളും ശേഖരങ്ങളും വരുംതലമുറക്കുകൂടി പരിചയപ്പെടുത്താൻ ലക്ഷ്യമിട്ട് ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷനാണ് ഇതിന് മുൻകൈയെടുക്കുന്നത്.
ഇതുസംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞദിവസം ബംഗളൂരുവിൽ നടന്നു. സി.കെ. മൂസതിന്റെ മകൻ ഉദയകുമാർ ചടങ്ങിൽ പങ്കെടുത്തു. സി.കെ. മൂസതിന്റെ രാമകഥ മലയാളത്തിൽ, സാഹിത്യ വീക്ഷണം എന്നീ പുസ്തകങ്ങൾ ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ പ്രതിനിധി ഷിജു അലക്സിന് കൈമാറി.
സി.കെ. മൂസത് രചിച്ച എല്ലാ പുസ്തകങ്ങളും വിവിധ മാസികകളിലും മറ്റുമായി എഴുതിയ നൂറുകണക്കിനു ലേഖനങ്ങളും അദ്ദേഹത്തിന്റെ സ്വകാര്യലൈബ്രറിയിലെ പുസ്തകങ്ങളും അടക്കം എല്ലാതര രചനകളും ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടുവരാനുള്ള പദ്ധതി ആയിരിക്കും സി.കെ. മൂസതിന്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയെന്ന് അവർ അറിയിച്ചു.
ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ പ്രവർത്തനം ആരംഭിച്ചശേഷം പ്രഖ്യാപിക്കുന്ന മൂന്നാമത്തെ പ്രധാന പദ്ധതിയാണിത്. ബാംഗ്ലൂർ ധർമാരാം കോളജ് ലൈബ്രറിയിലെ കേരള രേഖകളും ഡോ. സ്കറിയാ സക്കറിയയുടെ രചനകളും ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി മുമ്പ് ഫൗണ്ടേഷന്റെ ഉദ്ഘാടനചടങ്ങിൽ പ്രഖ്യാപിച്ചിരുന്നു. ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ ഡിജിറ്റൈസ് ചെയ്ത പുസ്തകങ്ങളും രേഖകളും www.gpura.org വെബ്സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.